കുടിവെള്ളം മലിനമാക്കുന്നതിനെതിരേ ബോധവല്‍ക്കരണ പരിപാടി ഇന്ന്
കൊച്ചി: ജില്ലയിലെ കുടിവെള്ളം അതീവ ഗൗരവമായ രീതിയില്‍ മലിനമാകുന്നത് ജനങ്ങളെ അറിയിക്കുന്നതിന് ഇന്ന് മുനമ്പം മുതല്‍ ഗോശ്രീ പാലം വരെ വാഹന ജാഥ സംഘടിപ്പിക്കുമെന്ന് കലക്ടീവ് ഫോര്‍ റൈറ്റ് ടു ലീവ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നാളെ വൈകിട്ട് നാലിന് ഹൈക്കോടതി ജങ്ഷനില്‍ പൊതുയോഗം നടത്തും. എറണാകുളം ജില്ലയിലെ കുടിവെള്ള സ്രോതസായ പെരിയാര്‍ തുടര്‍ച്ചയായ വ്യവസായ മലിനീകരണം മൂലം വിഷലിപ്തമായിരിക്കുകയാണ്.
പെരിയാറിനെ കുടിവെളളത്തിന് വേണ്ടി തടഞ്ഞ് നിര്‍ത്തിയിട്ടുള്ള പാതാളം ബണ്ടില്‍ കഴിഞ്ഞ ഒരു കൊല്ലത്തിനിടയില്‍ 50 തവണ പല നിറങ്ങളിലായി മാറുകയും 23 തവണ മത്സ്യക്കുരുതികള്‍ ഉണ്ടാവുകയും ചെയ്തതായി ഡോ. മാര്‍ട്ടിന്‍ ഗോപുരത്തിങ്കല്‍ പറഞ്ഞു. രാസ മാലിന്യങ്ങള്‍ അനിയന്ത്രിതമായി പുഴയില്‍ തള്ളുന്ന ഏലൂര്‍- ഇടയാര്‍ മേഖലയിലെ വ്യവസായ ശാലകള്‍ക്ക് വേണ്ടി ജില്ലയിലെ രാഷ്ട്രീയക്കാര്‍ ഒത്താശ ചെയ്യുകയാണെന്നും അവര്‍ ആരോപിച്ചു.
പൊതുയോഗത്തില്‍ നിരവധി സാംസ്‌കാരിക, പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുക്കും. കുടിവെള്ളത്തിലെ മലിനീകരണ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജില്ലയിലെ 100 കേന്ദ്രങ്ങളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പരിപാടികള്‍ നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ എസ് നിമ്മി, കൃഷ്ണകുമാര്‍, സുസ്രുതന്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."