ദുരിതവര്‍ഷം അഥവാ ദുരന്തവര്‍ഷം; നട്ടെല്ലൊടിഞ്ഞ് ചെറുകിട- ഇടത്തരം മേഖലകള്‍
ഇന്ത്യന്‍ ഉദ്പാദക മേഖലയുടെ നട്ടെല്ലായ മൈക്രോ, ചെറുകിട, ഇടത്തരം കമ്പനികള്‍ക്കേറ്റ ആഘാതത്തില്‍ നിന്ന് ഇതുവരെ എഴുന്നേല്‍ക്കാനായിട്ടില്ലെന്നാണ് ഷെയര്‍ ഉടമകള്‍ പറയുന്നത്. നോട്ട് നിരോധത്തിനു പിന്നാലെ മുന്നൊരുക്കമില്ലാതെ ജി.എസ്.ടി നടപ്പിലാക്കിയത് ഇടിത്തീപോലായിയെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
പരമ്പരാഗതമായി പണത്തില്‍ ഇടപാടു നടത്തുന്ന വിഭാഗമാണ് ഇടത്തരം ഉദ്പാദക സംഘങ്ങള്‍. നോട്ട് നിരോധനം വന്നതോടെ കച്ചവടത്തിന്റെ കാല്‍ഭാഗവും തകര്‍ന്നു.- ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ മൈക്രോ ആന്‍ഡ് സ്‌മോള്‍ മീഡിയം എന്റര്‍പ്രൈസസ് സെക്രട്ടറി ജനറല്‍ അനില്‍ ഭരദ്വാജ് പറഞ്ഞു.
'തിരിച്ചുവരവിന് ഇനിയും സമയമെടുക്കും. കാരണം, പുതിയ പ്രതിസന്ധി ജി.എസ്.ടിയാണ്. അസംഘടിത മേഖലയില്‍ മൂലധനം കുറഞ്ഞതിനാല്‍ നിരവധി അവസരങ്ങളാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്'- അദ്ദേഹം പറഞ്ഞു.
ഭവന മേഖലയെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചതെന്ന് ഭരദ്വാജ് വ്യക്തമാക്കുന്നു. നേരിട്ടും അല്ലാതെയും വലിയ പ്രത്യാഘാതമുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അതേസമയം, നോട്ട് നിരോധനം മാത്രമല്ല, ജി.ഡി.പിയിലെ പ്രതിസന്ധിയും നിര്‍മാണ മേഖലയിലെ സ്തംഭനത്തിന് കാരണമായെന്നാണ് സര്‍ക്കാര്‍ അനുകൂല ധനകാര്യ സ്ഥാപനങ്ങള്‍ പറയുന്നത്. എന്നാല്‍, ജി.ഡി.പി തളരാന്‍ കാരണം നോട്ടു നിരോധനമാണെന്ന അഭിപ്രായത്തിലാണ് കണ്‍സള്‍ട്ടിങ് കമ്പനിയായ ഏണസ്റ്റ് യങ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വളര്‍ച്ചയുടെ തോതനുസരിച്ച് ജി.ഡി.എഫ് 9 ശതമാനത്തില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ 5.7 ശതമാനത്തിലേക്ക് ഇടിയുകയാണുണ്ടായത്. 3.3 ശതമാനം ഇടിവാണ് തത്വത്തില്‍ ഇന്ത്യന്‍ ജി.ഡി.പിയെ ബാധിച്ചതെന്നും ഏണസ്റ്റ് യങ് സ്ഥാപിക്കുന്നു.
നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ച രണ്ടു പാദങ്ങളിലാണ് (മൂന്നും നാലും) ജി.ഡി.പി ഇടിവുണ്ടായത്. ഈ രണ്ട് പാദങ്ങളിലും ജി.ഡി.പി നിരക്ക് 7, 6.1 പോയിന്റുകളായി താഴ്ന്നു. നോട്ട് നിരോധനമാണ് ജി.ഡി.പിയെ ബാധിച്ചതെന്ന് ഇതു വ്യക്തമാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
വ്യവസായ മേഖലയെയും തളര്‍ത്തിയത് തെല്ലൊന്നുമല്ല. ഇന്‍ഡക്‌സ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍ (ഐ.ഐ.പി) നവംബറില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 5.7 ശതമാനത്തില്‍ എത്തിയിരുന്നു. നോട്ട് നിരോധനം വന്നതിനു പിന്നാലെ ഡിസംബറില്‍ ഇതു കുത്തനെ താഴ്ന്ന് വെറും 0.4 ശതമാനത്തിലെത്തി. 2017 ജനുവരിയില്‍ 2.7 ശതമാനം ഉയര്‍ന്നു. വന്‍ പ്രതിസന്ധികള്‍ മറികടന്ന് ഒടുവില്‍ ഓഗസ്റ്റില്‍ കണക്കെടുത്തപ്പോള്‍ 4.3 ശതമാനത്തിലാണ് എത്താനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."