മഴ പെയ്‌തൊഴിഞ്ഞപ്പോള്‍ വിക്കറ്റ് മഴ; ഗ്രീന്‍ഫില്‍ഡില്‍ പച്ച തൊടാതെ കിവീസ്; ഇന്ത്യയ്ക്ക് പരമ്പര
തിരുവനന്തപുരം: മഴ കളിമുടക്കുമെന്ന് ഭയന്ന ദിവസം മഴ മാറിയപ്പോള്‍ കാണികള്‍ക്ക് വിരുന്നൊരുക്കിയത് വിക്കറ്റ് മഴ. ഇന്ത്യ-ന്യൂസിലാന്റ് മൂന്നാം മത്സരം ആവേശത്തിന്റെ കൊടുമുടിയിലായിരുന്നു ഓരോ നിമിഷവും കാണികള്‍. മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറു റണ്‍സിന്റെ വിജയം. വിജയത്തോടെ ഇന്ത്യ 2-1 ന് പരമ്പര സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് 61 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
മത്സരം ശരിക്കും ബൗളര്‍മാരുടേതായിരുന്നു. ഉരുളയ്ക്കുപ്പേരി പോലെയാണ് കിവികളുടെ പോരാട്ടത്തിന് ഇന്ത്യന്‍ ബൗളര്‍മാര്‍ മറുപടി കൊടുത്തത്.
ടോസ് നേടിയ കിവി ക്യാപ്റ്റന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു കിവീസ് ബൗളര്‍മാരുടെ പ്രകടനം. ധവാനായിരുന്നു ആദ്യ ഇര. മൂന്നാം ഓവറില്‍ മൂന്നാം പന്തില്‍ ധവാന്‍ ഉര്‍ത്തിയടിച്ച പന്ത് സാന്റര്‍ കൈകളിലൊതുക്കി. ആറു റണ്‍സെടുത്ത ധവാന്‍ പവലിയനിലെത്തും മുന്‍പേ എട്ടു റണ്‍സെടുത്ത ശര്‍മയെയും സാന്ററുടെ കൈകളിലെത്തിച്ച് സോതി തന്റെ വിക്കറ്റ് വേട്ട പൂര്‍ത്തിയാക്കി.
പിന്നീട് വന്ന കോഹ്‌ലി (13), മനീഷ് പാണ്ഡെ(17), ഹാര്‍ദിക് പാണ്ഡ്യ(14) എന്നിവര്‍ റണ്‍സുകള്‍ കണ്ടെത്തി. നിലയുറപ്പിക്കും മുമ്പേ എല്ലാവരും കൂറ്റനടികള്‍ക്ക് ശ്രമിച്ച് വിക്കറ്റ് കളയുകയായിരുന്നു. 17 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് ടീമിലെ ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ബൗളര്‍മാര്‍ കിവികളെ ഇടംവലം തിരിയാതെ അക്ഷരാര്‍ഥത്തില്‍ കെട്ടിയിടുകയായിരുന്നു. 17 റണ്‍സ് നേടിയ ഗ്രാന്‍ഡ് ഹോമാണ് കിവികളിലെ ടോപ് സ്‌കോറര്‍. 11 റണ്‍സെടുത്ത ഫിലിപ്പ്‌സ് മാത്രമാണ് കിവി ബാറ്റ്‌സ്മാന്‍മാരില്‍ രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്‌സമാന്‍. മറ്റെല്ലാവരും 10ല്‍ താഴെ മാത്രമാണ് നേടിയത്.
ഇന്ത്യയ്ക്കു വേണ്ടി ബുംറ രണ്ടും ഭുവനേശ് കുമാര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
കിവീസിനു വേണ്ടി സൗതി, സോഥി എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും ബോള്‍ട്ട് ഒരു വിക്കറ്റും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."