നിര്‍മല്‍ ചിട്ടി തട്ടിപ്പ്: കേരള പൊലിസിനെ വെട്ടിലാക്കി തമിഴ്‌നാടിന്റെ നീക്കം;
തിരുവനന്തപുരം: നിര്‍മല്‍ ചിട്ടി തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രിക്കെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കേസിന്റെ തുടക്കംമുതല്‍ ആരോപണം ഉയര്‍ന്നെങ്കിലും പൊലിസ് ഇക്കാര്യം പരിശോധിക്കാന്‍ തയാറായിരുന്നില്ല.
ഉന്നതതല ഇടപെടലാണ് കേസ് അന്വേഷണ പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ പിന്തിരിപ്പിച്ചതെന്ന് പറയുന്നു. എന്നാല്‍, തമിഴ്‌നാട് പൊലിസാണ് മുന്‍ മന്ത്രിയും നിര്‍മല്‍ ചിട്ടി ഫണ്ട് തട്ടിപ്പുമായുള്ള സാമ്പത്തിക ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നത്. മുന്‍ മന്ത്രിയുടെ ബന്ധുവായ വസുദേവനെയും മഹേഷ് എന്നയാളെയും തമിഴ്‌നാട് പൊലിസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇതില്‍നിന്നാണ് കേസിലെ ഒന്നാംപ്രതി നിര്‍മല്‍ കൃഷ്ണയും മുന്‍ മന്ത്രിയും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതെന്നു പറയുന്നത്.
ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതിന് മുന്‍ മന്ത്രിയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന നിലപാടിലാണ് തമിഴ്‌നാട് പൊലിസ്. ഉടന്‍തന്നെ മുന്‍ മന്ത്രിയെ ചോദ്യം ചെയ്യുമെന്നാണ് പറയുന്നത്.
നിര്‍മല്‍ കൃഷ്ണയുടെ പണമിടപാട് സ്ഥാപനത്തില്‍ വന്‍ നിക്ഷേപമുണ്ടായിരുന്ന ഇദ്ദേഹം സ്ഥാപനം പൊളിയുമെന്നു മുന്‍കൂട്ടി മനസിലാക്കി കോടികള്‍ പിന്‍വലിച്ചെന്നാണ് പറയുന്നത്.
തലസ്ഥാന ജില്ലയില്‍ പുതിയതായി ഒരു ആശുപത്രി വാങ്ങുന്നതിനുവേണ്ടി മന്ത്രി കോടികള്‍ പിന്‍വലിച്ചപ്പോള്‍ നിര്‍മല്‍ കൃഷ്ണയുടെ സ്ഥാപനം പ്രതിസന്ധിയിലായെന്നും പറയുന്നുണ്ട്.
നിര്‍മലിന്റെ മകനും മുന്‍ മന്ത്രിയുടെ മകളുമായി വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നതായും പറയുന്നുണ്ട്. നിര്‍മലിന് ഓഹരിയുള്ള റോസ് ഒപ്ടിക്കല്‍സിനെ ആശുപത്രികളില്‍ ഷീ ഒപ്റ്റിക്കല്‍സ് നടത്തുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തെരഞ്ഞെടുത്തതിനു പിന്നിലും സാമ്പത്തിക ഇടപാട് ഉണ്ടെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
നിര്‍മലുമായും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുമായും ഇടപാടുകളുമായും മുന്‍മന്ത്രിക്ക് വലിയ സഹകരണം ഉണ്ടായിരുന്നതായാണ് തെളിയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്‍ മന്ത്രിയിലേക്ക് തമിഴ്‌നാട് പൊലിസിന്റെ അന്വേഷണം നീളുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."