ഔദ് രാജപരമ്പരയിലെ അവസാന കണ്ണിയും യാത്രയായി; ആരോരുമറിയാതെ
ന്യൂഡല്‍ഹി: രാജപരമ്പരയുടെ ഓര്‍മകളുമായി ദാരിദ്ര്യത്തിന്റെ പിടിയില്‍ ജീവിച്ച ഔദ് നവാബിന്റെ വംശത്തിലെ അവസാന കണ്ണിയും മരിച്ചു.
ഡല്‍ഹിയിലെ മച്ചാമഹല്‍ കൊട്ടാരത്തില്‍ ആരോരുമറിയാതെയാണ് അലി റാസയെന്ന രാജകുമാരന്‍ മരിച്ചത്.
ഔദിലെ നവാബായിരുന്ന വാജിദ് അലി ഷായുടെ പിന്‍തുടര്‍ച്ചക്കാരായ ബീഗം വിലായത്ത് മഹലും മക്കളായ സക്കീനയും അലി റാസയും 1985 മെയ് 28നാണ് ഡല്‍ഹി ലുത്യാനിലെ കൊട്ടാരത്തിലേക്ക് താമസം മാറ്റിയത്. 14ാം നൂറ്റാണ്ടില്‍ സുല്‍ത്താന്‍ ഫിറോസ് ഷാ തുഗ്ലക്ക് നായാട്ടിനായി എത്തുമ്പോള്‍ താമസിക്കാനായി നിര്‍മിച്ചതായിരുന്നു ഈ കൊട്ടാരം.
ബ്രിട്ടീഷ് അധിനിവേശകാലത്ത് അധികാരത്തില്‍നിന്ന് സ്ഥാനഭ്രഷ്ടരാക്കപ്പെട്ടതോടെയാണ് നവാബ് കുടുംബത്തിന്റെ പിന്‍മുറക്കാരുടെ ദുരിതം തുടങ്ങിയത്. പിടിച്ചെടുക്കപ്പെട്ട സ്വത്തുക്കള്‍ക്ക് നഷ്ടപരിഹാരംതേടി 1970ല്‍ ബീഗം വിലായത്തും മക്കളും സഹായികളും വളര്‍ത്തുനായകളുമായി ഡല്‍ഹി റെയില്‍വേ സ്റ്റേഷനിെല ഒന്നാം ക്ലാസ് വിശ്രമമുറിയില്‍ ഇരിപ്പുറപ്പിച്ചതോടെയാണ് ഇവരുടെ ദുരിത ജീവിതം പുറംലോകമറിഞ്ഞത്. സര്‍ക്കാര്‍ അനുവദിച്ച വീടുകളില്‍ താമസിക്കാന്‍ ഇവര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ലുത്യാനിലെ മല്‍ച മഹല്‍ കൊട്ടാരത്തിലേക്ക് മാറ്റിയത്.
1993 സെപ്റ്റംബര്‍ 10ന് ബീഗം വിലായത് ആത്മഹത്യചെയ്തു. ഇതോടെ അലി റാസയും സഹോദരി സക്കീനയും മാനസികരോഗികളായി. നാലുവര്‍ഷം മുന്‍പ് സക്കീനയും മരിച്ചതോടെ അലി റാസ ഏകാന്തവാസത്തിലായിരുന്നു. ജീവിതത്തിലെപ്പോഴും അദ്ദേഹം രാജാധികാരം ഉള്ളതുപോലെയായിരുന്നു ജീവിച്ചത്. സെപ്റ്റംബര്‍ രണ്ടിനാണ് 58കാരനായ അലി റാസ മരിച്ചത്. അസുഖബാധിതനായിരുന്ന അദ്ദേഹത്തെ കാണാതിരുന്നതോടെ കൊട്ടാരത്തിനടുത്ത് താമസിച്ചിരുന്ന ഐ.എസ്.ആര്‍.ഒയിലെ ഉദ്യോഗസ്ഥനായ വിജയ് യാദവും മറ്റുചിലരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അലിറാസയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആരും ഏറ്റെടുക്കാനില്ലാത്ത മൃതദേഹം വഖ്ഫ് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ ഡല്‍ഹി ഗേറ്റിലെ ഖബര്‍സ്ഥാനില്‍ മറവ് ചെയ്തതോടെ ഒരു രാജപരമ്പരയുടെ അവസാന കണ്ണിയും ഓര്‍മയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."