വില്ലനായി മഴ
സ്പോര്‍ട്സ് ഹബ്ബിന് മുകളില്‍ ഇരുണ്ടു കൂടിയ കരിമേഘങ്ങള്‍ ഒടുവില്‍ മൂന്നു മണിയോടെ ചാറ്റല്‍ മഴയായി പെയ്തിറങ്ങി തുടങ്ങി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം ശരിവച്ച് മൂന്നരയോടെ മഴ ശക്തിപ്രാപിച്ചു. തുറന്ന ഗാലറിയില്‍ അപൂര്‍വം ചിലര്‍ മാത്രമാണ് മഴയില്‍ കുതിരാതിരിക്കാന്‍ കുടയുടെ തണല്‍ തേടിയത്. ഭൂരിപക്ഷം കാണികളും മഴയില്‍ കുളിച്ച് കുട്ടിക്രിക്കറ്റിന്റെ ആരവത്തിന് കണ്ണും നട്ടിരുന്നു. മഴ തിമിര്‍ത്തു പെയ്യുമ്പോഴും ഇടയ്ക്കിടെ ശക്തി കുറഞ്ഞ് ചാറ്റല്‍ മഴയ്ക്ക് വഴിമാറുമ്പോഴും പ്രതീക്ഷയോടെ ഗാലറികള്‍ നീലയില്‍ ഇളകിയാടി.
ആദ്യം 4.40 ഓടെയാണ് മഴയ്ക്ക് ശമനമുണ്ടായത്. ഇതോടെ ഔട്ട്ഫീല്‍ഡിലെ വെള്ളക്കെട്ട് നീക്കാന്‍ സൂപ്പര്‍ സോപ്പര്‍ ഓടിത്തുടങ്ങി. പിച്ച് മൂടിയിട്ടിരുന്ന ടാര്‍പ്പോളിനില്‍ കെട്ടിനിന്ന വെള്ളം സ്പോഞ്ച് ഉപയോഗിച്ച് ഒപ്പിയെടുത്ത് ബക്കറ്റില്‍ നിറച്ച് ഒഴിവാക്കാനുള്ള കഠിന പരിശ്രമത്തിലായി ജീവനക്കാര്‍. ഗ്രൗണ്ട് ഉണക്കാനുള്ള ശ്രമം ശക്തമാക്കിയതോടെ കളി നടക്കുമെന്ന പ്രതീക്ഷ വര്‍ധിച്ചു. മൈതാനത്ത് വെള്ളിവെളിച്ചമേകി അഞ്ച് മണിയോടെ ഫ്ളഡ്ലിറ്റുകള്‍ മിഴിതുറന്നു. ഇതോടെ ആരാധകരുടെ ആവേശം കത്തിക്കയറി. മൈതാനത്തെ കുറിച്ച് ഇരുവരും വിലയിരുത്തല്‍ നടത്തുന്നതിനിടെ വീണ്ടും ചാറ്റല്‍ മഴയെത്തി. ടാര്പ്പോളിന് കൊണ്ടു വീണ്ടും മൈതാനം മൂടാന്‍ ജീവനക്കാരുടെ ഓട്ടപ്പാച്ചില്‍. കളി തുടങ്ങാന്‍ ഒരു മണിക്കൂര്‍ കൂടി സമയം ബാക്കി. കൃത്യം ആറിന് ഗാലറിയില്‍ മൊബൈല്‍ ലൈറ്റുകള്‍ മിന്നിതെളിഞ്ഞു. ഇതിനകം തന്നെ ഗാലറി നിറഞ്ഞു കവിഞ്ഞിരുന്നു. 6.30 ഓടെ വീണ്ടും മൈതാനത്തെ വെള്ളം നീക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.
മൈതാനത്തെ വെള്ളം ഒപ്പിയെടുക്കാന്‍ ടാര്‍പോളിന്‍ മുകളിലൂടെ തലങ്ങും വിലങ്ങും സൂപ്പര്‍ സോപ്പര്‍ പാഞ്ഞു. ഇതിനിടെ ഔദ്യോഗിക അറിയിപ്പ് വന്നു. ടോസ് വൈകുമെന്ന സന്ദേശം. മത്സരം തുടങ്ങേണ്ട സമയമായ ഏഴു മണിയായിട്ടും മഴ ഒഴിയാതെ പെയ്തു കൊണ്ടേയിരുന്നു. 8.10 ഓടെ മഴ മാറിത്തുടങ്ങി. ഇതോടെ ഗ്രൗണ്ട് ഉണക്കിയെടുക്കുന്ന ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചു. കളി തുടങ്ങാനുള്ള നടപടികള്‍ പുരോഗമിച്ചതോടെ കാണികള്‍ മൊബൈല്‍ പ്രകാശിപ്പിച്ച് ആഹ്ലാദം പ്രകടപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."