HOME
DETAILS
MAL
സമസ്തമേഖലയിലും പ്രതിസന്ധി
backup
November 08 2017 | 05:11 AM
കോഴിക്കോട്: നോട്ട് നിരോധനത്തെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി സമൂഹത്തെ എല്ലാ വ്യാപാര മേഖലയെയും സാരമായി ബാധിച്ചുവെന്നു വ്യത്യസ്ത മേഖലയിലുള്ളവര്‍ പറയുന്നു.
ചെറുകിട മേഖലയിലെ വ്യാപാരം 25 ശതമാനം പോലും നടക്കുന്നില്ലെന്നു വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പറഞ്ഞു. എക്‌സൈസ് ഡ്യൂട്ടി ഇളവ് വന്‍കിടക്കാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയതോടെ കടുത്ത പ്രതിസന്ധിയിലാണു ചെറുകിട വ്യാപാര മേഖല. ഒരുവര്‍ഷം മുമ്പുവരെ രാത്രി 10 വരെ പ്രവര്‍ത്തിച്ചിരുന്ന കോഴിക്കോട്ടെ പ്രധാന വ്യാപാരകേന്ദ്രമായ മിഠായിത്തെരുവിലെ കടകള്‍ രാത്രി ഏഴോടെ അടയ്ക്കുന്ന സ്ഥിതിയുണ്ടായി.
ചരക്കുസേവന നികുതിയും നടപ്പായതോടെ ചെറുകിട വ്യാപാരമേഖലയിലെ പ്രതിസന്ധി രൂക്ഷമായി. 600 രൂപ വരെ കൂലി ലഭിച്ചിരുന്നതു 450 രൂപയായി ചുരുങ്ങിയതോടെ അന്യസംസ്ഥാനതൊഴിലാളികളും കേരളം വിടാന്‍ തുടങ്ങി. 100 രൂപയുടെ സാധനം വിറ്റാല്‍ പെട്ടിക്കടക്കാരന്‍ പോലും ബില്‍ നല്‍കേണ്ട സാഹചര്യം സാധാരണ വ്യാപാരികളെ ചില്ലറയൊന്നുമല്ല ബാധിച്ചതെന്നും നസിറുദ്ദീന്‍ ചൂണ്ടിക്കാട്ടി.
നോട്ട് നിരോധനത്തിന്റെ പ്രതിസന്ധി തീരുംമുന്‍പ് ചരക്കുസേവന നികുതിയും സമ്പദ്‌മേഖലയില്‍ എത്തിയതു ചെരുപ്പ് നിര്‍മാണ വ്യവസായത്തെ സാരമായി ബാധിച്ചെന്നു ഒഡീസിയ ഗ്രൂപ്പ് ചെയര്‍മാന്‍ പി.ശശിധരന്‍. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന നൂറോളം ചെരുപ്പ് നിര്‍മാണ ഫാക്ടറികളില്‍ പലതും വന്‍ പ്രതിസന്ധിയിലാണ്.
ചെരുപ്പ് നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ക്കു 12 മുതല്‍ 28 ശതമാനം വരെ ജി.എസ്.ടി ഏര്‍പ്പെടുത്തിയതു സാരമായി ബാധിച്ചു. 500 രൂപയ്ക്കു താഴെയുള്ള ചെരിപ്പുകള്‍ക്കു അഞ്ചുശതമാനം മാത്രമേ നികുതി ഈടാക്കാന്‍ പാടുള്ളൂവെന്നാണു ജി.എസ്.ടി കൗണ്‍സില്‍ നിര്‍ദേശം. എന്നാല്‍ 28 ശതമാനം വരെ ജി.എസ്.ടി നല്‍കി നിര്‍മിക്കുന്ന ചെരുപ്പിനു അഞ്ചുശതമാനം നികുതി ഈടാക്കിയാല്‍ എങ്ങനെ പിടിച്ചുനില്‍ക്കുമെന്ന് അദ്ദേഹം ചോദിക്കുന്നു.
നോട്ടുനിരോധനത്തിനു ശേഷമുള്ള പ്രതിസന്ധി കാരണം റിയല്‍ എസ്റ്റേറ്റ് രംഗത്ത് കോഴിക്കോട് മേഖലയില്‍ കഴിഞ്ഞ ഒരുവര്‍ഷമായി പുതിയ പ്രോജക്ടുകളൊന്നും ഏറ്റെടുത്തിട്ടില്ലെന്നു ക്രെഡായി കോഴിക്കോഴ് ചാപ്റ്റര്‍ പ്രസിഡന്റ് ബൈജു നായര്‍. ഓര്‍ഡര്‍ ചെയ്ത ഫ്‌ളാറ്റ്, വില്ല പ്രോജക്ടുകള്‍ കൃത്യസമയത്ത് ഏറ്റെടുക്കാന്‍ ഇടപാടുകാര്‍ക്കും കഴിഞ്ഞില്ല. പുതിയ പദ്ധതികളൊന്നും ഏറ്റെടുക്കാത്തതിനാല്‍ നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന വ്യാപാരികളും പ്രതിസന്ധിയിലാണെന്നു ബൈജു പറഞ്ഞു.
നോട്ട് നിരോധനത്തിന്റെ രണ്ടുമാസം ബാങ്കില്‍ നിന്നു പണം ലഭിക്കാത്തതിനാല്‍ സാധാരണക്കാരായ ജീവനക്കാരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയതെന്നു കേരള ടെക്‌സ്റ്റൈല്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് സി. ജയചന്ദ്രന്‍. ടെക്‌സ്റ്റൈല്‍ മേഖലയിലെ 75 ശതമാനം തൊഴിലാളികളും ആഴ്ചയില്‍ കൂലി വാങ്ങുന്നവരാണ്. പണം ലഭിക്കാതെ വന്നതോടെ ഇതു വല്ലാത്ത പ്രതിസന്ധിയാണ് അക്കാലത്ത് സൃഷ്ടിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."