HOME
DETAILS
MAL
പ്രവാസികള്‍ക്ക് ഇരട്ടപ്രഹരത്തിന്റെ വര്‍ഷം
backup
November 08 2017 | 05:11 AM
കൊണ്ടോട്ടി: ക്രൂഡ് ഓയിലിന്റെ അപ്രതീക്ഷിത വിലയിടിവും രാഷ്ട്രീയസംഘര്‍ഷങ്ങളും ഗള്‍ഫ്‌മേഖലയില്‍ കടുത്ത പ്രതിസന്ധി നേരിട്ട സമയത്താണ് ഇന്ത്യയില്‍ നോട്ടുനിരോധനം നടപ്പാക്കിയത്. ഗള്‍ഫ്‌രാജ്യങ്ങളില്‍ ജോലിചെയ്യുന്നവര്‍ കടുത്ത പ്രതിസന്ധിയിലായപ്പോഴാണ് അവരെ ആശ്രയിച്ച് നാട്ടില്‍ കഴിയുന്നവര്‍ അപ്രതീക്ഷിത നോട്ടുനിരോധനത്തില്‍ കുരുങ്ങിയത്.
യു.എ.ഇ, ഖത്തര്‍, സഊദി, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ ഗണ്യമായ കുറവുണ്ടായി. 2016-ല്‍ ഇന്ത്യയിലേക്ക് പ്രവാസികളുടെ പണമയക്കലില്‍ ഒമ്പത് ശതമാനത്തിന്റെ ഇടിവുണ്ടായതായി ലോകബാങ്ക് റിപ്പോര്‍ട്ടിലുണ്ട്. പ്രവാസികളുടെ പണം സ്വീകരിക്കുന്നതില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുളള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാല്‍ നിയന്ത്രണങ്ങളും നിയമങ്ങളും കര്‍ശനമാക്കിയതോടെ പ്രവാസികളും പ്രതിസന്ധിയിലായി. ഇത് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കും തിരിച്ചടിയായി.
2014-15 വര്‍ഷത്തില്‍ 4.38 ലക്ഷമായിരുന്നു ഇന്ത്യയിലേക്ക് പ്രവാസികള്‍ അയച്ച പണത്തിന്റെ തോത്. കഴിഞ്ഞവര്‍ഷം അത് 3.66 ലക്ഷമായി. 12 ശതമാനത്തിന്റെ കുറവ്. കേരളത്തിലെ ആഭ്യന്തരോല്‍പ്പാദനത്തിന്റെ 36 ശതമാനവും പ്രവാസികള്‍ അയക്കുന്ന പണമാണ്. ഇതിനു പുറമെ ഗാര്‍ഹിക ഉപഭോഗത്തിലും പ്രവസികളയക്കുന്ന പണം തന്നെയാണ് ആശ്രയം. രണ്ടു മേഖലകളിലും കടുത്ത പ്രശ്‌നങ്ങളാണ് നേരിടുന്നത്. റിയല്‍ എസ്റ്റേറ്റ് വ്യവസായം നിലച്ചതും പ്രവാസികള്‍ക്ക് കടുത്ത പ്രഹരമായി. വീട്, കെട്ടിട നിര്‍മാണം തുടങ്ങിയവയിലും കടുത്ത മാന്ദ്യമുണ്ടായി. വിദേശകാര്യ വകുപ്പിന്റെ കണക്ക് പ്രകാരം ഇന്ത്യയിലെ 84 ലക്ഷം പേരാണ് വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 2.77 ലക്ഷം പേര്‍ കടല്‍കടന്നിട്ടുണ്ട്. കേരളത്തിലേക്കാളേറെ ആളുകള്‍ തൊഴില്‍ തേടിപ്പോകുന്നത് ഇപ്പോള്‍ ഉത്തരേന്ത്യയില്‍ നിന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."