വിജയ് മല്യയെ പ്രഖ്യാപിത കുറ്റവാളിയായി കണക്കാക്കണം -ഡല്‍ഹി കോടതി
ന്യൂഡല്‍ഹി: വിവാദ വ്യവസായി വിജയ് മല്യയെ പ്രഖ്യാപിത കുറ്റവാളിയായി കണക്കാക്കണമെന്ന് ഡല്‍ഹി കോടതി. അവസാന അവസരമെന്ന നിലയില്‍ ഡിസംബര്‍ 18 ന് മുമ്പ് വിജയ് മല്യ കോടതിക്ക് മുന്നില്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
വിദേശനാണ്യ വിനിമയ ചട്ടലംഘനം നടത്തിയ മല്യയെ പ്രഖ്യാപിത കുറ്റവാളിയാക്കുന്നതിന് വേണ്ട നടപടികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ദീപക് ഷെഹ്‌റാവത്തിന്റേതാണ് നിര്‍ദ്ദേശം.
മല്യക്കെതിരെ കാലപരിധി നിശ്ചയിക്കാത്ത ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പിലാകാതെ തിരിച്ചയക്കുകയാണുണ്ടായത്. അതിനാല്‍ അദ്ദേഹത്തിനെതിരെ മറ്റു നടപടികളെടുക്കാന്‍ ഏജന്‍സിക്ക് കഴിയില്ലെന്ന് ഇഡിക്കു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.കെ മാത്ത കോടതിയില്‍ അറിയിച്ചു.
ഏപ്രില്‍ 12 നാണ് വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. കാലാവധിയില്ലാത്ത വാറണ്ട് ആയിരുന്നിട്ടും മല്യ തിരിച്ചെത്തുകയോ കോടതിയിലെത്തുകയോ ചെയ്തില്ല. സപ്തംബറില്‍ മല്യ ലണ്ടനിലെ കോടതിയില്‍ ഹാജരാവുകയും ഇന്ത്യയിലേക്ക് തിരിച്ചു മടങ്ങാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
കിങ് ഫിഷന്‍ ഗ്രൂപ്പിന്റെ മേധാവിയായിരുന്ന മല്യ ലണ്ടനില്‍ നടന്ന ഫോര്‍മുല വണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ കമ്പനി ലോഗോ പരസ്യമായി നല്‍കുന്നതിന് 2 ലക്ഷം യു.എസ് ഡോളര്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാരെ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ച് കൈമാറിയെന്നാണ് കേസ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ 1996,1997,1998 എന്നീ വര്‍ഷങ്ങളിലായി നടന്ന ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളിലും കിങ്ഫിഷര്‍ ബ്രാന്‍ഡിന്റെ പ്രചരാണാര്‍ത്ഥം ഇതേ രീതിയില്‍ മല്യ പണം കൈമാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."