മന്ത്രി തോമസ് ചാണ്ടിക്കെതിരായ അന്വേഷണം; പ്രത്യേക സംഘം രൂപീകരിച്ചു
തിരുവനന്തപുരം: കായല്‍ കയ്യേറ്റ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ അന്വേഷണത്തിനു വേണ്ടി പ്രത്യേക സംഘം രൂപീകരിച്ചു. കോട്ടയം വിജിലന്‍സ് എസ്.പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുക. വിജിലന്‍സ് ഡയരക്ടര്‍ ലോക്നാഥ് ബെഹ്റയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. 30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.
കയ്യേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്ന് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉണ്ടായതിനു പിന്നാലെയാണ് നടപടി. കയ്യേറ്റ വിഷയത്തില്‍ മന്ത്രിക്കു മാത്രമായി പ്രത്യേക പരിഗണനയുണ്ടോയെന്ന് കോടതി ചോദിച്ചിരുന്നു.
തോമസ് ചാണ്ടി ഭൂമി കൈയേറിയെന്ന് കാണിച്ച് തൃശ്ശൂരിലെ സി.പി.ഐ നേതാവായ ടി.എന്‍ മുകുന്ദന് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഗൗരവമായ പരാമര്‍ശങ്ങള്‍ നടത്തിയത്.
പാവപ്പെട്ടവന് ഭൂമി കൈയ്യേറിയാല്‍ സാധാരണയായി ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു കളയാറല്ലെ പതിവെന്നും കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. സര്‍ക്കാരിന് വേണ്ടി സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന്‍ ആയിരുന്നു കോടതിയില്‍ ഹാജരായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."