വീണ്ടും മരുന്ന് പരീക്ഷണത്തിന് കളമൊരുങ്ങുന്നു
തിരുവനന്തപുരം: ബഹുരാഷ്ട്ര മരുന്നു കമ്പനികളുടെ മരുന്ന് പരീക്ഷണത്തിന് വീണ്ടും കേരളത്തില്‍ കളമൊരുങ്ങുന്നു. കേരളത്തിലെ ആരോഗ്യ വിവരങ്ങള്‍ ചോര്‍ത്തി കമ്പനികള്‍ക്ക് നല്‍കി അവരുടെ പുതിയ മരുന്നുകള്‍ പരീക്ഷിക്കാന്‍ അവസരമൊരുക്കുകയാണ്് ആരോഗ്യ വകുപ്പിലെ ഉന്നതന്‍. മരുന്നുകളോട് പ്രതികരണ ശേഷി ഇല്ലാത്ത ആറു രോഗാണുക്കളെ സംസ്ഥാനത്ത് കണ്ടെത്തിയതിനു പിന്നാലെയാണ് മരുന്നു കമ്പനികള്‍ക്ക് വാതില്‍ തുറന്നിടുന്നത്. നേരത്തെ വിവാദമായതും തുടര്‍ന്ന് നിര്‍ത്തിവച്ചതുമായ രഹസ്യ ആരോഗ്യ സര്‍വേ നടത്തിയ കനേഡിയന്‍ ഏജന്‍സിക്കാണ് വീണ്ടും കേരളത്തിലെത്താന്‍ അവസരം നല്‍കിയിരിക്കുന്നത്. ഇതിനായി കാനഡയിലെ മക്മാസ്റ്റര്‍ സര്‍വകലാശാലയിലെ പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും തിരുവനന്തപുരത്തെ ശ്രീചിത്ര മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടു(അച്യുത മേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ്) മായി കരാര്‍ ഒപ്പിട്ടു. ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ ഇടപെടലാണ് വീണ്ടും ഇതേ കനേഡിയന്‍ ഏജന്‍സിയെ കേരളത്തിലെത്തിച്ചതെന്നും ആരോപണമുണ്ട്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ ആരോഗ്യ മേഖലയെ കുറിച്ച് രഹസ്യസര്‍വേ നടത്താന്‍ ഇവര്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാര്‍ ഒപ്പിട്ടിരുന്നു. മന്ത്രിസഭയുടെ അനുമതിയില്ലാതെയായിരുന്നു ഇത്. കനേഡിയന്‍ സ്ഥാപനത്തിനു വേണ്ടി കേരളത്തില്‍ പ്രവര്‍ത്തിച്ചത് ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ എന്ന സര്‍ക്കാരിതര സംഘടനയാണ്. കാനഡയിലെ മക്മാസ്റ്റര്‍ സര്‍വകലാശാലക്ക് വേണ്ടി സര്‍വേയ്ക്ക് നേതൃത്വം നല്‍കിയത് ഏജന്‍സി ഡയറക്ടര്‍ പ്രൊഫ. സലിം യൂസഫായിരുന്നു. കേരളത്തിലെ ഇതിന്റെ ചുമതല വഹിച്ചിരുന്നത് ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ എന്ന സംഘടനയുടെ അമരക്കാരനായിരുന്ന ഡോക്ടര്‍ സി.ആര്‍ സോമനും. അച്യുത മേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസിന്റെ നിലവിലെ മേധാവി ഡോ.രാമന്‍കുട്ടിയും ഇദ്ദേഹത്തിന്റെ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നുവത്രേ.
അന്ന് രഹസ്യ സര്‍വേ വിവരം പുറത്തു വന്നപ്പോള്‍ സര്‍ക്കാര്‍ സംരംഭമാണെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, പിന്നീട് ഏജന്‍സിക്ക് പൂര്‍ണ അധികാരം നല്‍കുകയായിരുന്നു. പദ്ധതിക്കായി 56 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും നഴ്‌സുമാരെയും അന്ന് ആരോഗ്യ വകുപ്പ് നിയോഗിച്ചു. ആരോഗ്യവകുപ്പു ജീവനക്കാര്‍ക്കു വാങ്ങി നല്‍കിയ ടാബ്‌ലറ്റുകളിലായിരുന്നു ശേഖരിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയത്.
സര്‍വേ വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു സോഫ്റ്റ്‌വെയര്‍ തയാറാക്കുകയും ചെയ്തിരുന്നു. ടാബ്‌ലറ്റില്‍ രേഖപ്പെടുത്തിയ ഡാറ്റ ഉടന്‍ സെര്‍വറിലേക്കു പോകുന്ന രീതിയിലായിരുന്നു സോഫ്റ്റ്‌വെയര്‍ ക്രമീകരിച്ചിരുന്നത്. അതിനാല്‍ കനേഡിയന്‍ കമ്പനിക്ക് നിഷ്പ്രയാസം വിവരങ്ങള്‍ ശേഖരിക്കാനും ആവശ്യക്കാര്‍ക്ക് കൈമാറാനുമാകുമായിരുന്നു. 14 ജില്ലകളിലെ 1,540 വീടുകളില്‍നിന്ന് ശേഖരിച്ച വിവരം ആദ്യ ഘട്ടത്തില്‍ കാനഡക്ക് കൈമാറിയിരുന്നുവത്രേ. അന്നത്തെ ആരോഗ്യമന്ത്രിക്കും ആരോഗ്യ സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദനും ഈ പദ്ധതിയുമായി ബന്ധമുണ്ടെന്ന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദന്‍ പരസ്യമായി പറയുകയും ചെയ്തിരുന്നു. മാത്രമല്ല സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ വിദേശ കമ്പനികള്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും ഐ.സി.എം.ആറിന്റെയും അനുവാദം ആവശ്യമാണ്. ഇതൊന്നും പാലിക്കാതെ തികച്ചും രഹസ്യമായാണ് സംസ്ഥാനത്തെ 14 ജില്ലകളിലും സര്‍വേ നടന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടാം ഘട്ടത്തില്‍ കനേഡിയന്‍ ഏജന്‍സി നടത്തുന്ന ആരോഗ്യസര്‍വേ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അതേ കമ്പനിയാണ് ഭരണം മാറിയപ്പോള്‍ വീണ്ടും രംഗ പ്രവേശനം ചെയ്യുന്നത്. നേരത്തെ ഇവരെ കേരളത്തിലെത്താന്‍ സഹായിച്ച ആരോഗ്യ വകുപ്പ് സെക്രട്ടറി തന്നെയാണ് വീണ്ടും കരാറുണ്ടാക്കാന്‍ വേണ്ട ചരടു വലികള്‍ നടത്തിയതെന്നും പറയപ്പെടുന്നു.
കാനഡയില്‍നിന്ന് ഒഴുകിയത് കോടികള്‍
തിരുവനന്തപുരം: മുന്‍പ് രഹസ്യ സര്‍വേ നടത്താന്‍ കേരളത്തിലേക്ക് കാനഡയില്‍നിന്ന് ഒഴുകിയത് കോടികള്‍. അന്ന് കനേഡിയന്‍ ഏജന്‍സിയെ സഹായിച്ച ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിളിന്റെ അക്കൗണ്ടിലേക്കാണ് കോടികളെത്തിയതത്രേ.
കോടികളുടെ വിദേശ സഹായത്തിന്റെ വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍നിന്നാണ് പുറത്തു വന്നത്. അന്ന് കനേഡിയന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ട പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന് കീഴിലാണ്. അന്ന് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം തലവനെന്ന നിലയില്‍ പദ്ധതിയില്‍ പങ്കാളിയായ ഡോ. വിജയകുമാര്‍ ഇതിനുള്ള പ്രതിഫലം പറ്റിയിരുന്നത് അദ്ദേഹം സെക്രട്ടറിയായ ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ എന്ന എന്‍.ജി.ഒ മുഖേനയാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്.ബി.ടി ശാഖയിലെ ഇവരുടെ അക്കൗണ്ടിലാണ് കാനഡയില്‍നിന്നുള്ള പണം എത്തിയിരുന്നതത്രേ. അന്ന് പോളിപില്‍ എന്ന മരുന്ന് ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ പരീക്ഷിച്ചിരുന്നതായി സംശയമുണ്ടെന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. മാത്രമല്ല അപകടകരമായ മരുന്ന് പരീക്ഷണം ജനങ്ങളില്‍ നടത്തുകയാണെന്നും വി.എസ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍, കനേഡിയന്‍ ഏജന്‍സിയുടെ സര്‍വേ നിര്‍ത്താന്‍ ഉത്തരവിട്ടതല്ലാതെ പിന്നീട് ഒരു അന്വേഷണവും നടന്നില്ല.
പരീക്ഷണം ആറിനം ബാക്ടീരിയകളെ തുടച്ചു നീക്കാനെന്ന്
തിരുവനന്തപുരം: മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷി ആര്‍ജിച്ച, രോഗവാഹകരായ ആറ് ഇനം ബാക്ടീരിയകളുടെ സാന്നിധ്യം കേരളത്തില്‍ കണ്ടെത്തിയിതിനു പിന്നാലെയാണ് കനേഡിയന്‍ ഏജന്‍സിയെ വീണ്ടും കേരളത്തില്‍ കൊണ്ടു വരുന്നത്. ഇ കോളൈ (മൂത്രാശയ രോഗങ്ങള്‍), ക്ലബ്‌സിയല (ശ്വാസകോശ രോഗങ്ങള്‍), സ്യൂഡോമൊണാസ് (ശ്വാസകോശ രോഗം), അസിനിറ്റോ ബാക്ടര്‍ (ത്വക് രോഗം, ഉദരരോഗം), സ്റ്റെഫലോ കോക്കസ് ഓറിയസ് (ത്വക് രോഗം, ശ്വാസകോശ രോഗം), എന്ററോ കോക്കസ് (ഉദര രോഗം) എന്നീ ബാക്ടീരിയകളാണു നിലവില്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ക്കെതിരേ പ്രതിരോധശേഷി നേടിയതായി ആരോഗ്യവകുപ്പിന്റെ പഠനത്തില്‍ കണ്ടെത്തിയത്. ഇതിന് മറു മരുന്ന് കണ്ടെത്തുകയാണ് ബഹുരാഷ്ട്ര മരുന്നു കമ്പനികളുടെ ലക്ഷ്യം.
കനേഡിയന്‍ ഏജന്‍സി ചെയ്യുന്നതെന്ത്?
തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ കനേഡിയന്‍ ഏജന്‍സി സര്‍വേ നടത്തുന്നത് മരുന്നു കമ്പനികള്‍ക്കായാണ്. സര്‍വേ നടത്തി ഏറ്റവും മാരകമായതും മരുന്നുകള്‍ കണ്ടു പിടിക്കാത്ത രോഗികളുടെ വിവരം ഏജന്‍സി മരുന്നു കമ്പനികള്‍ക്ക് കൈമാറും. മരുന്ന് കമ്പനികള്‍ കേരളത്തിലെ അവരുടെ എം.പാനല്‍ ഡോക്ടര്‍മാര്‍ക്ക് കൈമാറും. പിന്നീട് മരുന്നു പരീക്ഷണം ആരംഭിക്കും. ഇതിനായാണ് സര്‍ക്കാര്‍ വീണ്ടും കനേഡിയന്‍ ഏജന്‍സിക്ക് വാതില്‍ തുറന്നു നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."