45 ലക്ഷത്തിന്റെ കള്ളനോട്ടുകളുമായി മൂന്നുപേര്‍ അറസ്റ്റില്‍
കൊടുവള്ളി: അന്തര്‍ സംസ്ഥാന കള്ളനോട്ട് വിതരണ സംഘത്തിലെ മൂന്നു പേരെ ബംഗളൂരുവിലെ ഹൊസൂരില്‍നിന്ന് കൊടുവള്ളി പൊലിസ് പിടികൂടി. പൂഞ്ഞാര്‍ പുത്തന്‍വീട്ടില്‍ ജോസഫ് (46), കാഞ്ഞങ്ങാട് ബഌല്‍ കല്ലംചിറ മുക്കൂട്ടില്‍ ശിഹാബ് (34), പൂഞ്ഞാര്‍ പുത്തന്‍വീട്ടില്‍ വിപിന്‍ (22) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയുമായി 45,40,000 രൂപയുടെ കള്ളനോട്ടുകളും പിടികൂടി. കഴിഞ്ഞ ദിവസം പിടിയിലായ പൂനൂര്‍ പറയരുകണ്ടണ്ടി സി.എന്‍ സാബു (46) വില്‍നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് ഇവരെ പൊലിസ് അറസ്റ്റ് ചെയ്തത്. എളേറ്റില്‍ വട്ടോളി ടൗണിലെ പെട്രോള്‍ പമ്പില്‍നിന്ന് ബൈക്കില്‍ ഇന്ധനം നിറച്ച് 500 രൂപയുടെ കള്ളനോട്ട് നല്‍കി കടന്നുകളയാന്‍ ശ്രമിക്കവെയാണ് സാബുവിനെ പിടികൂടിയിരുന്നത്.
നോട്ടടിക്കാന്‍ ഉപയോഗിക്കുന്ന ആറ് പ്രിന്ററുകള്‍, ലാപ്‌ടോപ്പ്, സ്‌കാനര്‍, സ്‌ക്രീന്‍ പ്രിന്റിനുള്ള ഉപകരണം, പ്രിന്റിങ് കാട്രിഡ്ജ് എന്നിവയും ഇവരില്‍നിന്ന് പൊലിസ് പിടികൂടി. പിടിയിലായവര്‍ കോഴിക്കോട്, കൊല്ലം, ബംഗളൂരു എന്നിവിടങ്ങളില്‍ കള്ളനോട്ടുകള്‍ വിതരണം ചെയ്തതായി വിവരം ലഭിച്ചെന്ന് പൊലിസ് പറഞ്ഞു. സംഘത്തിലെ ജോസഫ്, ശിഹാബ് എന്നിവര്‍ 2015 ല്‍ കോഴിക്കോട് കസബ പൊലിസ് രജിസ്റ്റര്‍ ചെയ്ത കള്ളനോട്ട് കേസിലെ പ്രതികളും ജയില്‍ ശിക്ഷ അനുഭവിച്ചവരുമാണ്.
2017 ജൂണില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലിസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കള്ളനോട്ട് കേസില്‍ പൊലിസ് തിരയുന്ന പ്രതികള്‍ കൂടിയാണ് ഇപ്പോള്‍ വലയിലായത്. ഈ മാസം മൂന്നിനാണ് എളേറ്റില്‍ വട്ടോളിയിലെ പെട്രോള്‍ പമ്പില്‍നിന്ന് 500 രൂപയുടെ കള്ളനോട്ടുമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാബു പിടിയിലായത്. തുടര്‍ന്ന് പൊലിസ് നടത്തിയ പരിശോധനയില്‍ സാബുവിന്റെ താമസ സ്ഥലത്തുനിന്ന് 5,000 രൂപയുടേയും സ്ഥാപനത്തില്‍നിന്ന് 50,000 രൂപയുടേയും കള്ളനോട്ടുകള്‍ പിടികൂടിയിരുന്നു. സാബുവിനെ ചോദ്യം ചെയ്തതില്‍നിന്നാണ് നോട്ടുകള്‍ നല്‍കിയത് ബംഗളൂരുവിലുള്ള സംഘമാണെന്ന വിവരം പൊലിസിന് ലഭിച്ചത്.
തുടര്‍ന്ന് റൂറല്‍ എസ്.പി എം.കെ പുഷ്‌കരന്റെ നിര്‍ദേശ പ്രകാരം താമരശ്ശേരി ഡിവൈ.എസ്.പി പി.സി സജീവന്‍, കൊടുവള്ളി സി.ഐ എന്‍. ബിശ്വാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കൊടുവള്ളി എസ്.ഐ കെ. പ്രജീഷ്, താമരശ്ശേരി ജൂനിയര്‍ എസ്.ഐ ജിതേഷ്, എ.എസ്.ഐ രാജീവ് ബാബു, എസ്.സി.പി.ഒമാരായ ഹരിദാസന്‍, ഷിബില്‍ ജോസഫ്, എ.എസ്.ഐ ജ്യോതി, സി.പി.ഒ അബ്ദുല്‍ റഹീം, സൈബര്‍ സെല്‍ എ.എസ്.ഐ സത്യന്‍, അഡീഷനല്‍ എസ്.ഐ പി. രാമകൃഷ്ണന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."