നിര്‍ബന്ധിത മതപരിവര്‍ത്തനം: വിവാദ നിലപാട് ആവര്‍ത്തിച്ച് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ
തിരുവനന്തപുരം: സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന വിവാദ നിലപാട് ആവര്‍ത്തിച്ച് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ. ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചുവെന്നും അവ ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ രാവിലെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അവര്‍ നിലപാട് ആവര്‍ത്തിച്ചത്. നിര്‍ബന്ധിത മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് 11 പരാതികളാണ് ലഭിച്ചത്.
കേരള പൊലിസ് അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിര്‍ബന്ധിത മത പരിവര്‍ത്തനം മനുഷ്യക്കടത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായും അവര്‍ പറഞ്ഞു.
ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കും. നിര്‍ബന്ധിത മത പരിവര്‍ത്തനം ഇല്ലെന്ന് പറഞ്ഞ സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ ഇടത് സര്‍ക്കാരിന് അനുസൃതമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."