HOME
DETAILS

ത്രിഭാഷാ ഫോര്‍മുലയും ഉര്‍ദുവും

  
backup
November 08 2017 | 22:11 PM

trilanguage-formula-and-urdu-spm-today-articles

ഭാഷാപഠനരംഗത്ത് ഏറെക്കാലമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണു ത്രിഭാഷാ ഫോര്‍മുല. വിദ്യാഭ്യാസത്തിന്റെ കേന്ദ്രീയപ്രാധാന്യമര്‍ഹിക്കുന്നതാണു ഭാഷാപഠനം. അതുകൊണ്ടുതന്നെ വിദ്യാഭ്യാസനയം രൂപീകരിക്കുമ്പോള്‍ ഭാഷാപഠനത്തിന്റെ സ്ഥാന നിര്‍ണയം അതിപ്രധാനമേറിയതാണ്.
പ്രധാന ഭാഷകളെ അംഗീകരിക്കുകയും അതേസമയം, പ്രാദേശികഭാഷകളെ പ്രോത്സാഹിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുകയെന്ന നയമാണു കേന്ദ്രസര്‍ക്കാര്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. 1948 മുതല്‍ ഇതിനെക്കുറിച്ചുള്ള നയരൂപീകരണത്തിനു തുടക്കമിട്ടിരുന്നു.
അനേകം ഭാഷ സംസാരിക്കുന്ന ഭാരതത്തില്‍ അവയ്‌ക്കെല്ലാം പ്രാധാന്യം കൊടുക്കേണ്ടിവരുമ്പോള്‍ ഭാഷാപഠനത്തിനു നല്‍കേണ്ടുന്ന ഊന്നലില്‍ വ്യക്തമായ നയരൂപീകരണം സാധ്യമാകാത്ത അസന്നിഗ്ധാവസ്ഥയുണ്ട്. അവിടെയാണ് ഏതെല്ലാം ഭാഷകള്‍ വിദ്യാലയങ്ങളില്‍ പഠിപ്പിക്കണം, അങ്ങനെ പഠിപ്പിക്കുമ്പോള്‍ അവയുടെ ഉദ്ദേശ്യമെന്തായിരിക്കണം എന്നിത്യാദി പരിചിന്തനകള്‍ ഉണ്ടായത്.


ഇന്ത്യയില്‍ 1652 പ്രാദേശികഭാഷകളുണ്ടെന്നാണു കണക്ക്. ഇന്ത്യയിലെ ജനകോടികള്‍ നൂറുഭാഷയെങ്കിലും സാധാരണയായി സംസാരിക്കുന്നുണ്ട്. അതില്‍ 96 ശതമാനം ഭാഷകളും പതിനായിരത്തിലധികം ആളുകള്‍ സംസാരിക്കുന്നവയാണ്. നാലു ഭാഷാകുടുംബങ്ങളില്‍ നിന്നാണ് ഇവയുടെ ഉത്ഭവം. ഇന്തോ ആര്യന്‍, ദ്രാവിഡം, ആസ്‌ട്രോ ആസിയാറ്റിക്, ടിബറ്റോ ബര്‍മന്‍ എന്നിവയാണു ശേഷം കുടുംബങ്ങള്‍. ഈ കുടുംബങ്ങളില്‍നിന്ന് ആവിര്‍ഭവിച്ചു സമൂഹഭാഷകളായി രൂപാന്തരപ്പെടുന്നവയാണ് ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന ഭാഷാരൂപം. വിദ്യാലയങ്ങളില്‍ പഠനമാധ്യമമായി ഉപയോഗിക്കുന്ന ഭാഷകള്‍ തന്നെ 67 എണ്ണമുണ്ട്.


ഇത്തരമൊരു ഭാഷാവൈവിധ്യ സങ്കീര്‍ണതയുടെ പശ്ചാത്തലത്തിലാണ്, ഇന്ത്യയിലെ വിദ്യാഭ്യാസ പരിഷ്‌കരണത്തില്‍ ഭാഷാപഠനത്തിന് എന്തു നയം സ്വീകരിക്കണമെന്ന ചിന്തയുണ്ടായത്. പ്രാദേശികമായും ചെറിയസമൂഹത്തിന്റെ അകത്തുമാത്രം നിലനില്‍ക്കുന്ന ഭാഷകളെ ദേശീയമായി അംഗീകരിക്കാനാവില്ല. അവ അതത് പ്രദേശങ്ങളില്‍ മാത്രം പരിമിതപ്പെടുന്നവയാണ്. പ്രാദേശികഭാഷകളുടെ പഠനം ബാധിക്കപ്പെടാത്ത വിധത്തില്‍ ദേശീയതലത്തില്‍ ഏതെല്ലാം ഭാഷകള്‍, എന്തിനുവേണ്ടി പഠിക്കണം എന്ന ചോദ്യത്തിനുത്തരം കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണു ത്രിഭാഷാ ഫോര്‍മുലയെക്കുറിച്ചുള്ള ആലോചനകളും തീരുമാനങ്ങളുമുണ്ടായത്.


സ്വാതന്ത്ര്യാനന്തരം ഹിന്ദിയെ ദേശീയഭാഷയായി ഉയര്‍ത്തി അതിന്റെ പഠനം നിര്‍ബന്ധമാക്കാന്‍ തീരുമാനമായപ്പോള്‍ അതിനെതിരേ പ്രക്ഷോഭമുണ്ടായി, വിശേഷിച്ചു തമിഴ്‌നാട്ടില്‍. ഹിന്ദിക്കെതിരേ തീവ്രമായ നിലപാടെടുത്ത ദ്രാവിഡകക്ഷികള്‍ ഭാഷാഫോര്‍മുലയെക്കുറിച്ചു പുനര്‍ചിന്തനത്തിന് ആവശ്യപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു 1968 ലെ ത്രിഭാഷാ ഫോര്‍മുല നിലവില്‍ വന്നത്. പക്ഷേ, ഫോര്‍മുല തത്വത്തില്‍ അംഗീകരിക്കപ്പെട്ടുവെങ്കിലും പ്രായോഗികമാക്കാനുള്ള വിഷമം കാരണം പലയിടത്തും നടപ്പായില്ല.
1968ലെ വിദ്യാഭ്യാസ നയപ്രഖ്യാപനത്തിലായിരുന്നു ത്രിഭാഷാഫോര്‍മുലയുടെ പ്രായോഗികതയെക്കുറിച്ചുള്ള നിര്‍ദേശങ്ങളുണ്ടായത്. പുതിയ വിദ്യാഭ്യാസപദ്ധതിയില്‍ ഭാഷാപഠനത്തെക്കുറിച്ചുള്ള നയരൂപീകരണത്തിനു കാരണം അഹിന്ദി സംസ്ഥാനങ്ങളില്‍നിന്ന്, വിശേഷിച്ച് അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായ അണ്ണാദുരൈയില്‍ നിന്നുണ്ടായ ആവശ്യപ്പെടലില്‍ നിന്നായിരുന്നു. അതുകൊണ്ടു തദ്ദേശീയ സംസ്‌കാരങ്ങളുടെ വികസനത്തിനും നിലനില്‍പ്പിനും തദ്ദേശീയഭാഷകളുടെ പഠനം അനിവാര്യമാണെന്നു വന്നു.
എന്നാല്‍, അതിനു പുറമെ അവരെ ദേശീയസംസ്‌കാരവുമായി സംയോജിപ്പിക്കാനും സാധാരണക്കാരനും ബുദ്ധിജീവികളുമായുള്ള അന്തരം കുറയ്ക്കാനും ജോലി സമ്പാദനത്തിനും പരസ്പര ആശയ വിനിമയ ത്തിനും പൊതുവെ എല്ലാവരും പ്രധാനമായി പഠിക്കേണ്ട ഭാഷകള്‍ ഏതെല്ലാമായിരിക്കണമെന്ന പരിചിന്തനത്തില്‍നിന്നാണു ത്രിഭാഷാ ഫോര്‍മുല ഉരുത്തിരിഞ്ഞത്.


പ്രാഥമികതലത്തില്‍ പ്രാദേശികഭാഷ മാത്രം മതിയെങ്കിലും ദ്വിതീയതലത്തില്‍ പഠിക്കുമ്പോള്‍ നിര്‍ബന്ധമായും ഹിന്ദിയും ഇംഗ്ലീഷും പഠിച്ചിരിക്കേണ്ടതുണ്ട്. ഇത് എളുപ്പമുള്ള ഫോര്‍മുലയാണെന്നു തോന്നുമെങ്കിലും സത്യത്തില്‍ അങ്ങനെയല്ല. ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളില്‍ ജനങ്ങള്‍ ഹിന്ദി മാതൃഭാഷയായി പഠിക്കുന്നു. പിന്നെ ഇംഗ്ലീഷേ നിര്‍ബന്ധമായി പഠിക്കേണ്ടതുള്ളൂ. മൂന്നാമതായി ഏതെങ്കിലും ആധുനിക ഇന്ത്യന്‍ ഭാഷ, വിശേഷിച്ചു ദ്രാവിഡഭാഷകളില്‍ ഒന്നു പഠിക്കണമെന്നാണു നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. ഈ ഫോര്‍മുല വ്യാപകമായി പ്രയോഗത്തില്‍ വന്നില്ല. ഫലത്തില്‍ അവിടെ പഠനം രണ്ടു ഭാഷകളില്‍ ഒതുങ്ങി.
ദക്ഷിണേന്ത്യയിലും വിശേഷിച്ചു തമിഴ്‌നാട്ടില്‍, അങ്ങനെയൊരു അവസ്ഥാവിശേഷമുണ്ടായി. അവര്‍ ഹിന്ദിയെ നിരാകരിച്ചു. നിര്‍ബന്ധഭാഷ ഇംഗ്ലീഷിലും തമിഴിലും ഒതുങ്ങി. ഹിന്ദി ഭാഷാപ്രദേശങ്ങളില്‍ ഏതെങ്കിലും ദക്ഷിണേന്ത്യന്‍ ഭാഷ പഠിക്കുന്നതിനു പകരം സംസ്‌കൃതം നിര്‍ബന്ധമായി പഠിക്കുന്ന പ്രവണതയുണ്ടായി. സംസ്‌കൃതം ക്ലാസിക് ഭാഷയാണ്. അതു നിര്‍ബന്ധമായി പഠിക്കേണ്ടതില്ലെന്ന ഭാഷാപഠന നിലപാടിനു വിരുദ്ധമായാണ് അങ്ങനെ സംഭവിച്ചത്. സംസ്‌കൃതവും അറബിയും പേര്‍ഷ്യനും പോലുള്ള ക്ലാസിക് ഭാഷകള്‍ അനുബന്ധഭാഷയായി പഠിക്കാമെന്നായിരുന്നു നയം. അവ മാതൃഭാഷകളല്ലാത്തതുകൊണ്ട് ഒന്നാംഭാഷയായി പഠിക്കുന്നതിന്റെ അനൗചിത്യവുമുണ്ട്.
ത്രിഭാഷാ ഫോര്‍മുല പ്രയോഗത്തില്‍ മൂന്നുതലത്തിലാണു നിലനിന്നത്. മൂന്നു ഭാഷകള്‍, രണ്ടു ഭാഷകള്‍, നാലു ഭാഷകള്‍ എന്നിങ്ങനെ പഠിക്കുന്ന അവസ്ഥയുണ്ടായി. തമിഴ്‌നാട്ടില്‍ രണ്ടു ഭാഷകള്‍ മാത്രമേ നിര്‍ബന്ധമായി പഠിക്കേണ്ടതുള്ളൂ. അവിടെ തമിഴല്ലാത്ത മാതൃഭാഷയുള്ളവര്‍ മാതൃഭാഷയ്ക്കു പുറമെ തമിഴ് നിര്‍ബന്ധമായി പഠിക്കേണ്ടതുണ്ട്. ഹിന്ദി മാതൃഭാഷയായുള്ളവര്‍ക്ക് ഇംഗ്ലീഷ് ഭാഷയേ നിര്‍ബന്ധമായി പഠിക്കേണ്ടതുള്ളൂ. മൂന്നാമത്തെ നിര്‍ബന്ധഭാഷയില്‍ മിക്കവാറും സംസ്‌കൃതം കയറിപ്പറ്റി. കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ പഠനം നാലു ഭാഷകളിലായി. നിര്‍ബന്ധ ഭാഷയായി മലയാളം, ഒന്നാംഭാഷയായി മലയാളമല്ലാത്തവര്‍ക്ക് അവരുടെ മാതൃഭാഷ, പിന്നെ ഹിന്ദിയും, ഇംഗ്ലീഷും കൂടെ സംസ്‌കൃതവും.


ലേഖനത്തിന്റെ ഉദ്ദേശ്യം ഇത്തരമൊരു ഭാഷാനയത്തിന്റെയും അതിന്റെ പ്രയോഗത്തിലും ഉര്‍ദു ഭാഷയുടെ സ്ഥാനമെന്തെന്നു പരിശോധിക്കുകയാണ്. ഉര്‍ദുവിന്റെ വിഷയത്തില്‍ ഒരുപാടു രാഷ്ട്രീയം കലര്‍ന്നിട്ടുണ്ട്. ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളെന്നതു ബോധപൂര്‍വമായ സൃഷ്ടിയായിരുന്നു. യഥാര്‍ഥത്തില്‍ ഉര്‍ദു സംസാരിക്കുന്ന മേഖലകളായിരുന്നു അവ. എന്നാല്‍, സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഉര്‍ദുവിനെ നിഷ്‌കാസനം ചെയ്യാനുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണു ഹിന്ദി പകരക്കാരനായത്. വിഭജനം ഉര്‍ദുവിനേല്‍പ്പിച്ച ആഘാതത്തിന്റെ ഫലം കൂടിയായിരുന്നത്. ഉര്‍ദു പാകിസ്താന്റെ ഭാഷ, മുസ്‌ലിംകളുടെ ഭാഷ എന്നു പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു.
ഉത്തര്‍പ്രദേശില്‍ തുടര്‍ന്നുവന്ന എല്ലാ കോണ്‍ഗ്രസ് സര്‍ക്കാരുകളും ഉര്‍ദുവിനെ അതു സംസാരിക്കുന്ന ജനതയില്‍ നിന്ന് അകറ്റി. പേര്‍ഷ്യന്‍ ലിപിക്കു പകരം ദേവനാഗിരി ലിപിയും ഉര്‍ദു ഭാഷയ്ക്കു പകരം ഹിന്ദിയും അടിച്ചേല്‍പ്പിച്ചു. ഹിന്ദിയാണു മാതൃഭാഷയെന്നു രേഖപ്പെടുത്താന്‍ സെന്‍സസുകളില്‍ ബോധപൂര്‍വം ശ്രമിച്ചു. അങ്ങനെ, പുതിയ തലമുറ ഉര്‍ദു എഴുതാത്തവരായി. അവരുടെ സംസാരം ഉര്‍ദുവായി തുടര്‍ന്നു. വിരോധാഭാസമായി തോന്നാമെങ്കിലും ബി.ജെ.പിയുടെ ഭരണകാലത്താണു വാജ്‌പേയിക്ക് ഉര്‍ദുവിനോടുള്ള പ്രത്യേക താല്‍പ്പര്യംകൊണ്ട് ഉര്‍ദുവിന്റെ പുനരുത്ഥാനമുണ്ടായത്.
ഇത്തരമൊരു പശ്ചാത്തലമുണ്ടെങ്കിലും ത്രിഭാഷാഫോര്‍മുലയില്‍ ഉര്‍ദുവിനെ എങ്ങനെ പരിഗണിക്കണമെന്നതില്‍ ഒരു നിശ്ചിതനിര്‍ണയമില്ലെന്നു കണ്ടതിനാലാണ് 1972ല്‍ കേന്ദ്രസര്‍ക്കാര്‍ ഐ.കെ ഗുജ്‌റാലിന്റെ നേതൃത്വത്തില്‍ ഉര്‍ദുവിന് അര്‍ഹമായ സ്ഥാനം ലഭിക്കാനുള്ള ത്വരിതപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഒരു കമ്മിറ്റിയെ നിയമിച്ചത്. 1975ല്‍ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കി.
പത്തുശതമാനത്തിലധികം വരുന്ന സുപ്രധാന ഭാഷാ ന്യൂനപക്ഷമായ ഉര്‍ദു സംസാരിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ശുപാര്‍ശകളായിരുന്നു ഗുജറാള്‍ കമ്മിറ്റി സര്‍ക്കാരിനു സമര്‍പ്പിച്ചത്. ഉര്‍ദുവിനെ ഔദ്യോഗികഭാഷയാക്കാനും വിദ്യാലയങ്ങളിലെ പഠനമാധ്യമമാക്കാനുമുള്ള നിര്‍ദേശങ്ങള്‍ അതിലടങ്ങിയിരുന്നു. കമ്മിറ്റിയുടെ ശുപാര്‍ശകള്‍ മാനിച്ചും 1979 മുതല്‍ 1983 വരെ ഇതു സംബന്ധമായി തര്‍ഖി- എ ഉര്‍ദു ബോര്‍ഡ് സമര്‍പ്പിച്ച മാറ്റങ്ങള്‍ കണക്കിലെടുത്തും ഇവ നടപ്പിലാക്കാനായി സംസ്ഥാന സര്‍ക്കാരുകള്‍ക്കു കൈമാറി.
പക്ഷേ, ഇതൊന്നും ഫലപ്രദമായിരുന്നില്ല. അതുകൊണ്ടായിരുന്നു 1990ല്‍ അലി സര്‍ദാര്‍ ജിഫ്രിയുടെ അധ്യക്ഷതയില്‍, ഗുജറാള്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ചു പരിശോധന നടത്താന്‍ ഒരു വിദഗ്ധ സമിതി രൂപീകരിക്കപ്പെട്ടത്. ഈ വിദഗ്ധ സമിതി ത്രിഭാഷാ ഫോര്‍മുലയെ ഇങ്ങനെ ഭേദഗതി വരുത്തുകയുണ്ടായി. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ 1. ഹിന്ദി (അനുബന്ധമായി സംസ്‌കൃതവും), 2. ഉര്‍ദു അല്ലെങ്കില്‍ ഏതെങ്കിലും യൂറോപ്യന്‍ ഭാഷ. അഹിന്ദി സംസ്ഥാനങ്ങളില്‍ 1) തദ്ദേശീയ ഭാഷ, 2. ഹിന്ദി, 3. ഉര്‍ദു അല്ലെങ്കില്‍ തദ്ദേശീയ ഭാഷയല്ലാത്ത ഏതെങ്കിലും ആധുനിക ഭാരതീയ ഭാഷ, 4. ഇംഗ്ലീഷ് അല്ലെങ്കില്‍ ആധുനിക യൂറോപ്യന്‍ ഭാഷ.
പക്ഷേ, ഇത്തരം ശുപാര്‍ശകളും നിര്‍ദേശങ്ങളും ഉര്‍ദുവിന് അര്‍ഹമായ സ്ഥാനം ലഭിക്കാന്‍ ഉതകുന്നതല്ല. പല കാലഘട്ടങ്ങളിലുമായി ത്രിഭാഷാ ഫോര്‍മുല നടപ്പിലാക്കാനുള്ള നിര്‍ദേശങ്ങള്‍ ഉണ്ടായെങ്കിലും കേന്ദ്ര വിദ്യാഭ്യാസ ബോര്‍ഡായി സി.ബി.എസ്.ഇയും സംസ്ഥാന ബോര്‍ഡുകളും അവര്‍ക്കനുയോജ്യമായ വിധത്തില്‍ നയരൂപീകരണങ്ങളാണ് ഇക്കാര്യത്തില്‍ നടത്തിവരുന്നത്. ബഹുഭാഷകളുള്ള ഇന്ത്യയെപ്പോലെയുള്ള രാജ്യത്തു ത്രിഭാഷാ ഫോര്‍മുല നടപ്പിലാക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ട്. ഗുജറാള്‍ കമ്മിറ്റിയും പിന്നീട് സര്‍ദാര്‍ ജിഫ്രി വിരുദ്ധ സമിതിയുമൊക്കെ ശുപാര്‍ശ ചെയ്‌തെങ്കിലും അതില്‍ നിര്‍ദേശിക്കപ്പെട്ടതുപോലെ ഉര്‍ദുവിനു ന്യായമായ സ്ഥാനം ലഭിക്കുന്നതിനു പ്രായോഗിക തടസ്സങ്ങള്‍ ഏറെയുണ്ട്.
ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ നേരത്തേ ഉര്‍ദു സംസാരിക്കുന്ന സംസ്ഥാനങ്ങളായിരുന്നുവെന്ന യാഥാര്‍ഥ്യം ഇപ്പോള്‍ ആരും അംഗീകരിക്കില്ല. തദ്ദേശീയ, മാതൃഭാഷ സ്ഥാനത്തു ഹിന്ദിയാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. അവര്‍ ഹിന്ദി നിര്‍ബന്ധമായി പഠിച്ചിരിക്കണം. രണ്ടാം ഭാഷയായി ഉര്‍ദുവിനു പകരമായി മറ്റേതെങ്കിലും ഭാഷ പഠിക്കാം. ഉര്‍ദുവിനോടു സ്‌നേഹമുള്ളവര്‍ മാത്രമേ ഉര്‍ദുവിനെ തെരഞ്ഞെടുക്കുകയുള്ളൂ. പുതിയൊരു ദക്ഷിണേന്ത്യന്‍ ഭാഷ പഠിക്കാനാണു ദേശീയോദ്ഗ്രഥനത്തിന്റെയുമൊക്കെ ഭാഗമായി പ്രേരിപ്പിക്കപ്പെടുന്നത്.
ഏതാനും ഉര്‍ദു മീഡിയം സ്‌കൂളുകള്‍ പ്രാഥമികതലത്തില്‍ നിലനില്‍ക്കുമെന്നു മാത്രം. അഹിന്ദി പ്രദേശങ്ങളിലും ഉര്‍ദുവിനു പകരം മറ്റേതെങ്കിലും ഇന്ത്യന്‍ ഭാഷ പഠിച്ചാല്‍ മതിയാകും. തമിഴ്‌നാട്ടില്‍ ഹിന്ദി സ്വീകാര്യമല്ലെന്ന നയം തന്നെ തുടരുകയാണ്. തമിഴിനും, ഇംഗ്ലീഷിനും പുറമെ ഉര്‍ദുവോ മറ്റേതെങ്കിലും ഇന്ത്യന്‍ ഭാഷയോ പഠിക്കാം. നേരത്തേ ഉര്‍ദു, കന്നഡ, തെലുങ്ക്, മലയാളം എന്നിവ സംസാരിക്കുന്നവര്‍ക്കു തമിഴിനു പകരം അവരുടെ മാതൃഭാഷ ഒന്നാം ഭാഷയാകാമെന്ന നിലപാടു മാറ്റി തമിഴ് നിര്‍ബന്ധമായി ഒന്നാംഭാഷയായി പഠിക്കണമെന്ന നിയമം നടപ്പിലാക്കുകയാണവിടെ.


കേരളത്തിലും ത്രിഭാഷാ ഫോര്‍മുല നടപ്പിലാക്കുമ്പോള്‍ പ്രശ്‌നങ്ങളുണ്ടാവും. മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നിവക്കു പുറമെയാണ് ഉര്‍ദു അല്ലെങ്കില്‍ ഏതെങ്കിലും ഇന്ത്യന്‍ ഭാഷ പഠിക്കേണ്ടത്. ഒന്നാം ഭാഷയായി അറബി, ഉര്‍ദു, അല്ലെങ്കില്‍ മറ്റേതെങ്കിലും ഭാഷ സ്വീകരിക്കാനുള്ള സൗകര്യം ഇല്ലാതാവാനാണു സാധ്യത. മലയാളം ഒന്നാംഭാഷയായി നിര്‍ബന്ധമാക്കപ്പെടുമ്പോള്‍ ഉര്‍ദുവിന്‍െ സ്ഥാനം മൂന്നാംഭാഷ ആയിട്ടായിരിക്കും. ഉര്‍ദുവിനു പകരം അറബി, സംസ്‌കൃതം, മറ്റേതെങ്കിലും ഇന്ത്യന്‍ ഭാഷ പഠിക്കാനുള്ള തെരഞ്ഞെടുപ്പു വിദ്യാര്‍ത്ഥിക്കു നടത്താം.
പഠന തെരഞ്ഞെടുപ്പു മാത്രമല്ല, അധ്യാപക നിയമനങ്ങളിലും മറ്റും പലതരം സങ്കീര്‍ണതകള്‍ ഉണ്ടാക്കുന്ന ഒന്നായിരിക്കുമിത്. ഹിന്ദി പ്രദേശങ്ങളല്ലാത്ത സംസ്ഥാനങ്ങളില്‍ പ്രയോഗത്തില്‍ ത്രിഭാഷാ ഫോര്‍മുലയല്ല, ചതുര്‍ഭാഷാ ഫോര്‍മുലയാണു നിലവില്‍ വരിക. അതൊരു വിരോധാാഭാസവുമായിരിക്കും. അതതു സംസ്ഥാനങ്ങള്‍ക്കുതകുന്ന വിധത്തിലുള്ള ഭാഷാപഠന രീതി അവലംബിക്കുന്നതാണ് ഉചിതമാകുക.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  21 days ago
No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  21 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  21 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  21 days ago
No Image

പാലക്കാട് രാഹുല്‍ മുന്നില്‍; ചേലക്കരയില്‍ പ്രദീപിന്റെ ഭൂരിപക്ഷം നാലായിരം കടന്നു

Kerala
  •  21 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  21 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  21 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago