ട്രംപ് ചൈനയില്‍: ഉ.കൊറിയക്കെതിരേ നീങ്ങണമെന്ന് അഭ്യര്‍ഥന
ബെയ്ജിങ്: 12 ദിവസത്തെ ഏഷ്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയിലെത്തി. ഉത്തരകൊറിയക്കെതിരേയാണ് ചൈനയിലും ട്രംപ് ശബ്ദമുയര്‍ത്തിയത്. ആണവായുധ വിഷയത്തില്‍ ഉത്തരകൊറിയയെ ഒറ്റപ്പെടുത്താന്‍ ചൈനയുടെ സഹായവും അദ്ദേഹം അഭ്യര്‍ഥിച്ചു.
ദ്വിദിന സന്ദര്‍ശനത്തിനായി ഇന്നലെ വൈകിട്ട് ചൈനയിലെത്തിയ ട്രംപ് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി സംസാരിച്ചു. ഇവര്‍ തമ്മിലുള്ള ഔദ്യോഗിക കൂടിക്കാഴ്ച ഇന്ന് നടക്കും. ഉ.കൊറിയ ആണവ പരീക്ഷണങ്ങള്‍ നടത്തുന്നതിനെതിരേ സമ്മര്‍ദം ചെലുത്തണമെന്ന് ട്രംപ് ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. താല്‍ക്കാലികമായെങ്കിലും ഉ.കൊറിയയിലേക്കുള്ള ഇന്ധന കയറ്റുമതി നിര്‍ത്തിവയ്ക്കണമെന്ന് ചൈനയോടു ട്രംപ് ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ ഉ.കൊറിയക്കുള്ള ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ത്തുക, ചൈനയില്‍ ജോലി ചെയ്യുന്ന ഉ.കൊറിയന്‍ പൗരന്മാരെ തിരിച്ചയക്കുക തുടങ്ങിയ നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചേക്കും. എന്നാല്‍ ചൈന ഇതിനു തയാറാകുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല.
ഉ.കൊറിയയുമായുള്ള വിഷയത്തില്‍ അമേരിക്കയുടെയും ചൈനയുടെയും ചിന്തകള്‍ വ്യത്യസ്തമാണെന്നാണ് ഇതേക്കുറിച്ച് മുന്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന് യാങ് ഷിയു പ്രതികരിച്ചത്.
ട്രംപ് ട്വീറ്റ് ചെയ്യുമോ?
സിയൂള്‍: ചൈനയില്‍ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടു ചോദ്യങ്ങളുമായി സാമൂഹികമാധ്യമങ്ങള്‍. ചൈനയില്‍വച്ച് ട്രംപ് എങ്ങനെ ട്വീറ്റ് ചെയ്യുമെന്നാണ് ചോദ്യമുയരുന്നത്.
ട്വിറ്ററില്‍ സജീവമായ ട്രംപ്, സാമൂഹികമാധ്യമങ്ങള്‍ നിരോധിക്കപ്പെട്ട ചൈനയില്‍നിന്ന് എങ്ങനെ ട്വീറ്റ് ചെയ്യുമെന്നാണ് ചര്‍ച്ച. എന്നാല്‍, പ്രസിഡന്റിന് എവിടെവച്ചും ട്വീറ്റ് ചെയ്യാമെന്നായിരുന്നു വിഷയത്തില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ പ്രതികരണം.
'ഞങ്ങളെ ചെറുതായി കാണേണ്ട': ഉ.കൊറിയയോട് അമേരിക്ക
സിയൂള്‍: തങ്ങളെ ചെറുതായി കാണേണ്ടതില്ലെന്നും സ്വയം കുഴിതോണ്ടരുതെന്നും ഉ.കൊറിയയോട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദക്ഷിണ കൊറിയയുടെ ദേശീയ അസംബ്ലിയില്‍ സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
ദൈവത്തിനും മനുഷ്യനുമെതിരായി ഉ.കൊറിയ ചെയ്ത തെറ്റുകള്‍ നിലനില്ക്കേതന്നെ ചര്‍ച്ചയ്ക്ക് അമേരിക്ക തയാറാണ്. ചര്‍ച്ചയെങ്കില്‍ ചര്‍ച്ച, യുദ്ധമെങ്കില്‍ യുദ്ധം എന്നതാണ് യു.എസിന്റെ നിലപാടെന്നു പറഞ്ഞ അദ്ദേഹം, നിങ്ങള്‍ വികസനമെന്നു വിളിക്കുന്ന ആണവായുധം നിങ്ങളുടെ തന്നെ കുഴിതോണ്ടുമെന്നും ഉ.കൊറിയയെ ഓര്‍മിപ്പിച്ചു.
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ ലക്ഷ്യംവച്ചായിരുന്നു ട്രംപിന്റെ പരാമര്‍ശങ്ങളെല്ലാം.
അതേസമയം, ഇരു കൊറിയകളുടെയും അതിര്‍ത്തിയിലുള്ള സൈനിക കേന്ദ്രം സന്ദര്‍ശിക്കുന്നതില്‍നിന്നു ട്രംപ് അവസാന നിമിഷം പിന്മാറി. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അദ്ദേഹം സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."