മിഷേലിന്റെ മരണം ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍
കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പിറവം സ്വദേശിനി മിഷേലിന്റെ മരണം ആത്മഹത്യയാണെന്ന് വ്യക്തമാക്കി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കി. 2017 മാര്‍ച്ച് അഞ്ചിനാണ് മിഷേലിനെ കാണാതായത്. തൊട്ടടുത്ത ദിവസം മൃതദേഹം കായലില്‍ നിന്ന് കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഡോക്ടറുടെ മൊഴിയിലും ബല പ്രയോഗമോ പീഡനമോ നടന്നിട്ടില്ലെന്ന് പറഞ്ഞിട്ടുണ്ട്.
മാര്‍ച്ച് 14 ന് ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മിഷേലും കാമുകന്‍ ക്രോണിനും ഉപയോഗിച്ചിരുന്ന ലാപ് ടോപ്പുകള്‍, ഇവര്‍ നേരത്തെ ഉപയോഗിച്ചിരുന്ന സിംകാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നു. മിഷേലിനെ ക്രോണിന്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് മിഷേലിനെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നത്. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
മിഷേലിനെ കാണാനില്ലെന്ന പരാതി രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിന് എറണാകുളം വനിതാ പൊലിസ് സ്റ്റേഷന്‍, ടൗണ്‍ നോര്‍ത്ത് പൊലിസ് സ്റ്റേഷന്‍, സെന്‍ട്രല്‍ പൊലിസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലെ പൊലിസുകാര്‍ക്കെതിരേ വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം സി.ബി.ഐയ്ക്കു വിടണമെന്നും ആവശ്യപ്പെട്ട് പിതാവ് ഷാജി വര്‍ഗീസ് നല്‍കിയ ഹര്‍ജിയില്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോര്‍ജ് ചെറിയാനാണ് മറുപടി സത്യവാങ്മൂലം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."