വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം മൊബൈല്‍ ഫോണ്‍ ടവര്‍ നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍
കൊച്ചി: സംസ്ഥാന വിവരസാങ്കേതികവിദ്യാ വകുപ്പ് പുറത്തിറക്കിയ ഉത്തരവിന് വിരുദ്ധമായി സ്‌കൂള്‍, കോളജ്, ആശുപത്രി, അങ്കണവാടി, പൊലിസ് സ്റ്റേഷന്‍ എന്നിവയ്ക്ക് സമീപം മൊബൈല്‍ ഫോണ്‍ ടവറുകള്‍ സ്ഥാപിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
ഇതിന് വിരുദ്ധമായി നടക്കുന്ന ടവര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നും കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവിട്ടു. മൂന്നൂറോളം കുട്ടികള്‍ പഠിക്കുന്ന 120 വര്‍ഷം പഴക്കമുള്ള തൃപ്പൂണിത്തുറ സേക്രഡ് ഹാര്‍ട്ട്് യു.പി.എസിന് എട്ട് മീറ്റര്‍ മാറി മൊബൈല്‍ ഫോണ്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കം അനുവദിക്കരുതെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വത്സല സി.ബേബി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. സ്‌കൂളിന് എതിര്‍വശത്തായി നിര്‍മിച്ച കെട്ടിടത്തിന്റെ മുകളിലാണ് ടവര്‍ സ്ഥാപിക്കുന്നത്.
കമ്മിഷന്‍ നഗരസഭാ സെക്രട്ടറിയില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ടവര്‍ സ്ഥാപിക്കാന്‍ അപേക്ഷ ലഭിച്ചതിനെ തുടര്‍ന്ന് സ്ഥല പരിശോധന നടത്തി അനുമതി നല്‍കിയതായി നഗരസഭാ സെക്രട്ടറി കമ്മിഷനെ അറിയിച്ചു. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന കാര്യം അപേക്ഷയില്‍ കമ്പനി പറഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2015 ജനുവരി ഒന്നിന് വിവരസാങ്കേതികവിദ്യാ വകുപ്പ് പുറത്തിറക്കിയ ഉത്തരവിന് വിരുദ്ധമായാണ് നഗരസഭ ടവറിന് അനുമതി നല്‍കിയതെന്ന് കമ്മിഷന്‍ കണ്ടെത്തി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നിര്‍ത്തിവയ്പ്പിക്കണമെന്ന് കമ്മിഷന്‍ തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറിക്ക് ഉത്തരവ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."