വൃക്ക രോഗികള്‍ക്ക് ആശ്വാസം: റീ ഇംപേഴ്‌സ്‌മെന്റ് ലിസ്റ്റില്‍ പുതിയ മരുന്ന് ഉള്‍പ്പെടുത്തി
പാലക്കാട്: വൃക്കരോഗികള്‍ ശസ്ത്രക്രിയക്കുശേഷം കഴിക്കുന്ന പ്രധാന മരുന്ന് സര്‍ക്കാര്‍ റീ ഇംപേഴ്‌സമെന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ആരോഗ്യവകുപ്പ് ഉത്തരവിറക്കി. വൃക്കരോഗികള്‍ കഴിക്കുന്ന ev-erolimus എന്ന മരുന്ന് ഇതുവരെ റീ ഇംപേഴ്‌സ്‌മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
ശസ്ത്രക്രിയക്കുശേഷം രണ്ടുമുതല്‍ മൂന്നുവര്‍ഷം വരെ തുടര്‍ച്ചയായി കഴിക്കേണ്ട ഈ മരുന്നിന് വന്‍ വിലയായതിനാല്‍ സാധാരണക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ ആശ്രിതര്‍ക്കും വലിയ ബാധ്യതയായിരുന്നു. റീ ഇംപേഴ്‌സ്‌മെന്റ് കിട്ടാത്തതിനാല്‍ കടംവാങ്ങി ചികിത്സിക്കാന്‍പോലും പ്രയാസമായിരുന്നു. ഇത്തരത്തില്‍ സംസ്ഥാനവ്യാപകമായി നൂറുകണക്കിന് രോഗികളുണ്ടെന്നും അവരുടെ ഭൗതികസാഹചര്യങ്ങള്‍ വളരെ ദയനീയമാണെന്നും 'സുപ്രഭാതം' നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇക്കാര്യം ശ്രദ്ധയില്‍പെട്ട ആരോഗ്യമന്ത്രി കെ. കെ ശൈലജ മരുന്ന് റീ ഇംപേഴ്‌സ്‌മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ഉത്തരവിടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പില്‍ നിന്ന് ഇറങ്ങി. നേരത്തെ മരുന്ന് വാങ്ങിയശേഷം ബില്ല് സമര്‍പ്പിച്ച സമയത്ത് അപേക്ഷ നിരസിക്കപ്പെട്ടവര്‍ക്ക് ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ റീഇംപേഴ്‌സ്‌മെന്റിനായി വീണ്ടും അപേക്ഷിക്കാം.
സര്‍ക്കാരിന്റെ പരിഗണനയില്‍ ഇരിക്കുന്ന അപേക്ഷകളില്‍ വകുപ്പ് പണം അനുവദിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ വൃക്കരോഗികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും വലിയ ആശ്വാസമാകുന്നതാണ് ആരോഗ്യവകുപ്പിന്റെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."