അന്വേഷണം ഉടന്‍ തുടങ്ങും; നീക്കം കരുതലോടെ
തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കുകയും തുടരന്വേഷണത്തിന് ഉത്തരവിട്ടതിനും പിന്നാലെ ആരോപണ വിധേയര്‍ക്കെതിരേയുള്ള അന്വേഷണം ഉടന്‍ തുടങ്ങും. ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
പീഡനക്കേസ് നിലനില്‍ക്കില്ലെന്നുള്ള നിയമോപദേശം ഉള്ളതിനാല്‍ അഴിമതിക്കേസായിരിക്കും പ്രധാന അന്വേഷണ വിഷയം.
ഫയല്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ അടുത്തെത്തിയിരുന്നെങ്കിലും ഉത്തരവിറങ്ങിയിരുന്നില്ല. ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അരിജിത്ത് പസായതിന്റെ നിയമോപദേശത്തിനുശേഷം ഉത്തരവിറങ്ങിയത് കഴിഞ്ഞദിവസം പാതിരാത്രിയില്‍. അന്വേഷണം കോടതി കയറുമെന്ന് ഉറപ്പായ സ്ഥിതിയ്ക്ക് കരുതലോടെയാകും സംഘത്തിന്റെ ഓരോ നീക്കങ്ങളും. നിയമവിദഗ്ധരടക്കമുള്ളവരുമായി ആലോചിച്ചശേഷമാകും സംഘം മുന്നോട്ടുപോകുക.
റിപ്പോര്‍ട്ട് ആധികാരിക രേഖയാക്കാന്‍ അന്വേഷണ സംഘത്തിനു കഴിയില്ല, ഇതിനെ അനുബന്ധമാക്കിയാകും അന്വേഷണം. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുപ്പ്, അന്വേഷണ ഫയലുകള്‍ വിളിച്ചുവരുത്തണമോ, സരിത കമ്മിഷനു സമര്‍പ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കല്‍ എന്നീ കാര്യങ്ങളിലും നിയമോപദേശത്തിനുശേഷമാകും തീരുമാനം.
ഉത്തരവ് കിട്ടിയ ഉടനെ അന്വേഷണ സംഘത്തലവന്‍ രാജേഷ് ദിവാന്‍ പൊലിസ് തലപ്പത്തുള്ളവരുമായി ആശയവിനിമയം ആരംഭിച്ചുകഴിഞ്ഞു. പൊലിസ് ആസ്ഥാനത്തെ ഐ.ജി ദിനേന്ദ്ര കശ്യപ്, കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പി പി.ബി രാജീവന്‍, തിരുവനന്തപുരം വിജിലന്‍സ് യൂനിറ്റ് ഡിവൈ.എസ്.പി ഇ.എസ് ബിജുമോന്‍, തിരുവനന്തപുരം സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എ. ഷാനവാസ്, കൊല്ലം സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ബി. രാധാകൃഷ്ണപിള്ള എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഇന്നോ നാളെയോ യോഗം കൂടി അന്വേഷണ സംഘം വിപുലീകരിക്കും. വിജിലന്‍സിനെ കൂടി ഉള്‍പ്പെടുത്തിയായിരിക്കും അന്വേഷണം നടത്തുക.
ലൈംഗിക ആരോപണത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉള്ളതിനാല്‍ ആരോപണ വിധേയര്‍ക്കെതിരെ കേസ് എടുക്കും. അന്വേഷണ സംഘം ഉടന്‍ സരിതാ നായരുടെ മൊഴി എടുക്കും. അതിനു ശേഷമായിരിക്കും ആരോപണ വിധേയരുടെ മൊഴി എടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."