പ്രതിപക്ഷ വിമര്‍ശനത്തിനു പഴുതുകള്‍ നല്‍കി സര്‍ക്കാര്‍ നടപടികള്‍
തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിലൂടെ പ്രതിപക്ഷത്തെ കടുത്ത പ്രതിരോധത്തിലാക്കാന്‍ സര്‍ക്കാരിനായെങ്കിലും അതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ആരോപിക്കാന്‍ നടപടികളില്‍ പഴുതുകളേറെ. ഇതൊക്കെ എടുത്തുകാട്ടി സര്‍ക്കാര്‍ നീക്കത്തെ പ്രതിരോധിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് കമ്മിഷന്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം പുതിയ പരാതികളോ പുതിയ രേഖകളോ തെളിവുകളോ ലഭിക്കുന്ന പക്ഷം അവ കൂടി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് നടപടി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പുതിയ പരാതികള്‍ കുത്തിപ്പൊക്കിയും പുതിയ തെളിവുകളുണ്ടാക്കിയും ഈ കേസ് യു.ഡി.എഫ് നേതാക്കള്‍ക്കെതിരേ തുടര്‍ന്നും ഉപയോഗിക്കാനുള്ള നീക്കമാണിതെന്ന ആരോപണത്തിന് ഇടനല്‍കുന്നതാണിത്.
തുടക്കം മുതല്‍ റിപ്പോര്‍ട്ടിന്‍മേല്‍ സ്വീകരിച്ച നടപടികളില്‍ ഇത്തരം ചില നീക്കങ്ങളുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നുമുണ്ട്. നേരത്തെ കമ്മിഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ലൈംഗിക പീഡനമടക്കമുള്ള കുറ്റങ്ങള്‍ക്ക് കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചതായി സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇതുവരെ കേസെടുത്തിട്ടില്ല. പിന്നീട് മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരിജിത് പസായത്തില്‍ നിന്നുകൂടി നിയമോപദേശം ലഭിച്ചതോടെ സര്‍ക്കാരിന്റെ ആദ്യനിലപാടില്‍ മാറ്റം വരികയായിരുന്നു. കേസെടുത്താല്‍ അതു കോടതിയില്‍ നലനില്‍ക്കില്ലന്ന് അരിജിത് പസായത് നിയമോപദേശം നല്‍കിയതിനെ തുടര്‍ന്നാണ് നിലപാടു മാറ്റം ഉണ്ടായതെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. കണ്ടെത്തലുകളെക്കുറിച്ച് പ്രത്യേക സംഘം അന്വേഷണം നടത്തിയ ശേഷം കേസെടുക്കാനാണ് പുതിയ തീരുമാനം. കൃത്രിമ തെളിവുകള്‍ കണ്ടെത്തി നേതാക്കളെ കേസില്‍ കുടുക്കാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷം ആരോപണമുന്നയിച്ചിട്ടുണ്ട്. അരിജിത് പസായതിന്റെ നിയമോപദേശം പരസ്യപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ടെങ്കിലും സര്‍ക്കാര്‍ അത് അംഗീകരിച്ചിട്ടില്ല.
കമ്മിഷന്‍ റിപ്പോര്‍ട്ട് തയാറാക്കുന്നതില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടന്നതായി പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നു തന്നെ ഇടപെടലുണ്ടായെന്നും അവര്‍ പറയുന്നു. ഇതു കണ്ടെത്താന്‍ മുഖ്യമന്ത്രിയുടെയും എം.വി ജയരാജന്റെയും ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അതിനോട് പ്രതികരിച്ചിട്ടില്ല. ആഭ്യന്തര വകുപ്പിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജി.ശിവരാജനെ ചെന്നു കണ്ടിരുന്നു എന്ന ആരോപണവും രമേശ് ചെന്നിത്തല ആവര്‍ത്തിച്ച് ഉന്നയിക്കുന്നുണ്ട്. ഉദ്യോഗസ്ഥന്റെ പേര് ചെന്നിത്തല വെളിപ്പെടുത്തിയിട്ടില്ല. നിര്‍ണായക ഘട്ടത്തില്‍ അതു വെളിപ്പെടുത്താനാണ് നീക്കം. കേസടുക്കുകയും അന്വേഷണം പുരോഗമിക്കുകയും ചെയ്യുന്ന ഘട്ടങ്ങളില്‍ പ്രതിപക്ഷം ഈ ആരോപണങ്ങള്‍ ഉന്നയിക്കും. കേസെടുക്കാനുള്ള നീക്കത്തിനെതിരേ കോടതിയെ സമീപിക്കാനുള്ള സാധ്യതയും പ്രതിപക്ഷം ആരായുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."