നേതാക്കള്‍ രാജിവയ്ക്കണം: കോടിയേരി
തിരുവനന്തപുരം: കുറ്റം ചെയ്‌തെന്നു സോളാര്‍ കേസ് അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയ യു.ഡി.എഫ് നേതാക്കള്‍ അവര്‍ വഹിക്കുന്ന സ്ഥാനങ്ങള്‍ രാജിവയ്ക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഷ്ട്രീയ രംഗം സംശുദ്ധമാക്കണമെന്ന് എപ്പോഴും പറയുന്ന ഉമ്മന്‍ചാണ്ടി രാജിവച്ചു മാതൃക കാട്ടണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സ്വാഗതാര്‍ഹമാണ്. ജനങ്ങളുടെ അംഗീകാരം പിടിച്ചുപറ്റുന്നതാണത്. മുന്‍ മുഖ്യമന്ത്രിയടക്കം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന റിപ്പോര്‍ട്ടാണിത്. കമ്മിഷന്റെ നിഗമനങ്ങള്‍ കേരളത്തിലെ രാഷ്ട്രീയപ്രവര്‍ത്തകരെക്കുറിച്ച് ദേശീയതലത്തിലുള്ള ധാരണയെ തകിടംമറിക്കുന്നതാണ്. കേരളത്തിലെ രാഷ്ട്രീയപ്രവര്‍ത്തകരെ യു.ഡി.എഫ് നേതാക്കള്‍ അപമാനിച്ചു. ഇത് ദൂരവ്യാപകമായ ഫലം സൃഷ്ടിക്കും. ഇപ്പോള്‍ പ്രതികളാവാന്‍ പോകുന്നവരെ രക്ഷിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയും നിലപാട് വ്യക്തമാക്കണം. റിപ്പോര്‍ട്ട് ഗൗരവമുള്ളതാണെന്നാണ് വി.എം സുധീരന്‍ പറഞ്ഞത്.
റിപ്പോര്‍ട്ട് വന്നതോടെ ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായ തകര്‍ന്നിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് അദ്ദേഹം കള്ളം പറഞ്ഞെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അന്ന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചപ്പോഴാണ് എല്‍.ഡി.എഫ് സമരം നിര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."