ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി ആശാ വര്‍ക്കര്‍മാര്‍
അഹമ്മദാബാദ്: ഗുജറാത്തില്‍ വലിയ പ്രതിസന്ധികളാണ് ബി.ജെ.പി നേരിടുന്നത്. പട്ടേല്‍, ദലിത്, പിന്നോക്ക ജനവിഭാഗങ്ങളെല്ലാം സര്‍ക്കാരിനും ബി.ജെ.പിയ്ക്കുമെതിരായി നിലപാട് സ്വീകരിച്ചത് പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലാണ് ആക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് വലിയ പ്രതീക്ഷയോടെയാണ്.
സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ഇപ്പോള്‍ രംഗത്തുവന്നത് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആശാവര്‍ക്കര്‍മാരാണ്. ശമ്പള വര്‍ധനവ്, അടിസ്ഥാന ശമ്പളം നിശ്ചയിക്കല്‍, വിരമിക്കല്‍ ആനുകൂല്യം തുടങ്ങിയ കാര്യങ്ങള്‍ ഉയര്‍ത്തി വഡോദരയില്‍ തുടങ്ങിയ പട്ടിണി സമരം 40 ദിവസം പിന്നിട്ടു.
അടിസ്ഥാന ശമ്പളത്തിന് പകരം നിലവില്‍ നല്‍കുന്ന ശമ്പളത്തില്‍ സര്‍ക്കാര്‍ 50 ശതമാനം ആനുകൂല്യവര്‍ധനവ് വരുത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ചട്ടം വരുന്നതിന് തൊട്ടുമുന്‍പാണ് ഇത്തരമൊരു ഉത്തരവ് നടത്തിയതെങ്കിലും ആശാവര്‍ക്കര്‍മാര്‍ ഇത് നിരസിച്ചത് സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്.
42,000 ആശാവര്‍ക്കര്‍മാരാണ് ഗുജറാത്തിലുള്ളത്. സര്‍ക്കാര്‍ കാണിച്ച വഞ്ചനയില്‍ പ്രതിഷേധിച്ച് ആശാവര്‍ക്കര്‍മാര്‍ ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്നാവശ്യപ്പെട്ട് വീടുകള്‍ തോറും കയറിയിറങ്ങി പ്രചാരണം തുടങ്ങിയത് കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
ഉന്നയിക്കുന്ന ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയാറാകാതിരുന്ന സംസ്ഥാന സര്‍ക്കാര്‍ തങ്ങളെ പരിഹസിക്കുകകൂടി ചെയ്തതായും ആശാവര്‍ക്കര്‍മാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."