ഐ.എസ്.എല്‍ നാലാം പതിപ്പ്: ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയ്ക്ക് വന്‍ വരവേല്‍പ്പ്
കൊച്ചി: ഐ.എസ്.എല്‍ നാലാം പതിപ്പ് ഉദ്ഘാടന പോരാട്ടത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വാങ്ങാന്‍ ആവേശത്തോടെ കാല്‍പന്ത് കളിപ്രേമികള്‍. ഇന്നലെ വൈകിട്ട് നാലിനാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. ഉദ്ഘാടന മത്സരത്തിന്റെ മുഴുവന്‍ ഗാലറി ടിക്കറ്റുകളും ഒന്നര മണിക്കൂറിനുള്ളില്‍ വിറ്റു തീര്‍ന്നു. 240 രൂപയായിരുന്നു ഗാലറി ടിക്കറ്റ് വില. 10000 രൂപ വരെയുള്ള ടിക്കറ്റുകളാണ് വില്‍പ്പനക്കുള്ളത്. 17ന് ഉദ്ഘാടന മത്സരത്തില്‍ അമര്‍ തൊമര്‍ കൊല്‍ക്കത്തയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. നാലാം പതിപ്പില്‍ ഹോം മത്സരങ്ങളെ രണ്ട് വിഭാഗമാക്കിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ടിക്കറ്റ് വില്‍പ്പന. ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റുകളുടെ വില 240 മുതല്‍ 3500 രൂപ വരെയാണ്. ഗാലറി ടിക്കറ്റിനാണ് 240 രൂപ. ഗോള്‍ പോസ്റ്റിന് പിന്നിലെ ബി, ഡി ബ്ലോക്കുകളിരുന്ന് കളികാണാന്‍ 500 രൂപയും സി ബ്ലോക്കിന് 700 രൂപയും നല്‍കണം. വി.ഐ.പി ബോക്‌സിന് സമീപമുള്ള എ, ഇ ബ്ലോക്കുകള്‍ക്ക് 850 രൂപയാണ് ടിക്കറ്റ് വില. 3500 രൂപയാണ് വി.ഐ.പി ബോക്‌സിന് ഈടാക്കുന്നത്. ഓണര്‍ ബോക്‌സിന് 10000 രൂപ നല്‍കണം.
ഡിസംബര്‍ 31 ന് വൈകിട്ട് 5.30ന് നടക്കുന്ന ബംഗളൂരു എഫ്.സിക്കെതിരായ മത്സരത്തിനും 2018 ഫെബ്രുവരി 23ന് ചെന്നൈയിന്‍ എഫ്.സിക്കെതിരായ മത്സരത്തിനും ഇതേ നിരക്ക് തന്നെയാണ് ടിക്കറ്റിന് നിശ്ചയിച്ചിട്ടുള്ളത്. മറ്റ് മത്സരങ്ങളുടെ ടിക്കറ്റ് വില: ഗാലറി-200, ബി,ഡി ബ്ലോക്ക് -400, എ, സി, ഇ ബ്ലോക്ക് -650, വി.ഐ.പി -2500, ഓണര്‍ ബോക്‌സ് -5000. ഗാലറി ടിക്കറ്റിന് കാര്യമായി വില വര്‍ധിപ്പിക്കാത്തത് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഏറെ ആശ്വാസകരമാണ്.
ബുക്ക് മൈ ഷോയുടെ ഓണ്‍ലൈന്‍ സൈറ്റിലും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. അതിനിടെ നാലാം പതിപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്‌സ് ഐ ലീഗ് ക്ലബായ ഗോകുലം എഫ്.സിയുമായി കോഴിക്കോട് നടത്താനിരുന്ന സൗഹൃദ മത്സരം കൊച്ചിയിലേക്ക് മാറ്റി. നാളെയായിരിക്കും മത്സരം. കളി കാണാന്‍ കാണികള്‍ക്ക് അവസരമുണ്ടാകില്ല. നേരത്തെ സ്‌പെയിനില്‍ പ്രീ സീസണിനിടെ നാല് സന്നാഹ മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ട് ജയം നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."