ഐ.എസില്‍നിന്ന് അവസാന നഗരവും പിടിച്ചെടുത്ത് സിറിയന്‍ സൈന്യം
ബെയ്റൂത്ത്: ഐ.എസിനെ പൂര്‍ണമായും തുരത്തിയതായി സിറിയന്‍ സൈന്യത്തിന്റെ അവകാശവാദം. സിറിയയില്‍ ഐ.എസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന അവസാന പ്രദേശവും തിരിച്ചുപിടിച്ചതായി ഇന്നലെയാണ് സൈന്യം അവകാശപ്പെട്ടത്.
ഇറാഖുമായി അതിര്‍ത്തി പങ്കിടുന്ന അല്‍ബു കമല്‍ എന്ന പ്രദേശത്തായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സൈനിക നടപടി നടന്നിരുന്നത്. തുടര്‍ന്നാണ് ഈ പ്രദേശവും പിടിച്ചെടുത്തതായി സഖ്യസൈന്യം അവകാശപ്പെട്ടത്. ഇവിടെനിന്നു പിന്തിരിഞ്ഞോടിയ ഐ.എസ് ഭീകരര്‍ മരുഭൂമിയിലെ ഒളിയിടങ്ങളിലേക്കു പോയതായാണ് വിവരം.
ഇറാഖ്, സിറിയ അതിര്‍ത്തിയിലെ ഏതാനും നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു 2014 മുതല്‍ ഐ.എസിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കപ്പെട്ടിരുന്നത്.
ഇവിടെ ചില നഗരങ്ങള്‍ അവര്‍ കൈയടക്കുകയും ചെയ്തിരുന്നു. ഇറാഖില്‍നിന്ന് ഐ.എസിനെ തുരത്തിയതോടെ സിറിയന്‍ അതിര്ത്തിപ്രദേശത്തായി ഐ.എസിന്റെ പ്രവര്‍ത്തനം. തുടര്‍ന്നാണ് സിറിയന്‍ സൈന്യവും നടപടികളുമായി രംഗത്തെത്തിയിരുന്നത്.
അല്‍ബു കമലില്‍ കഴിഞ്ഞ ദിവസം എത്തിയ സൈന്യവുമായി ആദ്യഘട്ടത്തില്‍ കടുത്ത ഏറ്റുമുട്ടലിന് ഐ.എസ് തുനിഞ്ഞെങ്കിലും സൈന്യം കനത്ത ആക്രമണം നടത്തിയതോടെ പിന്തിരിയുകയായിരുന്നു. സിറിയയിലെ ഐ.എസ് വിരുദ്ധ സഖ്യസേനയാണ് ഈ പ്രദേശത്തേക്ക് ഇരച്ചുകയറി ആക്രമണം നടത്തിയത്.
ഈ പ്രദേശം പിടിച്ചെടുത്തതായുള്ള വാര്‍ത്ത സിറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സനയും സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയില്‍ ഇറാഖിലെ പ്രധാന നഗരമായ മൊസൂളിനെ ഐ.എസിന്റെ നിയന്ത്രണത്തില്‍നിന്നു മോചിപ്പിച്ചിരുന്നു.
കഴിഞ്ഞ മാസമാണ് അവരുടെ തലസ്ഥാനമായിരുന്ന റഖ ടൗണ്‍ ഐ.എസില്‍നിന്നു തിരിച്ചുപിടിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."