തീവ്രവാദത്തെ തുടച്ചുനീക്കുമെന്ന് അമേരിക്കയും ചൈനയും
ബെയ്ജിങ്: ഏഷ്യയില്‍നിന്നു തീവ്രവാദത്തെ തുടച്ചുനീക്കാന്‍ ഒരുമിച്ചു നീങ്ങുന്നതിനു അമേരിക്കയും ചൈനയും ധാരണയിലെത്തി. 12 ദിവസത്തെ ഏഷ്യന്‍ സന്ദര്‍ശനത്തിനിടെ ചൈനയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബുധനാഴ്ചയാണ് ട്രംപ് ചൈനയിലെത്തിയിരുന്നത്. അഫ്ഗാനിസ്താന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യുമെന്നാണ് ഇരു രാജ്യങ്ങളുടെയും പ്രഖ്യാപനം. നേരത്തേ, ജപ്പാനിലെത്തിയ ട്രംപ് ഉത്തരകൊറിയയെ നേരിടാന്‍ അമേരിക്കന്‍ ആയുധങ്ങള്‍ ജപ്പാനെ സഹായിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. അമേരിക്കയും ജപ്പാനും തമ്മില്‍ ആയുധ കൈമാറ്റത്തിനു ധാരണയുണ്ടാക്കുകയും ചെയ്തു. ഇത്തരത്തില്‍ ആയുധക്കച്ചവടം നടത്തുന്നതിനാണ് ട്രംപിന്റെ ഏഷ്യാ സന്ദര്‍ശനമെന്നു നേരത്തേ വിമര്‍ശനമുയരുകയും ചെയ്തിരുന്നു.
ഉത്തരകൊറിയയുമായുള്ള വിഷയത്തില്‍ അമേരിക്കയോടു സഹകരിക്കാന്‍ ചൈന തയാറാണെന്നു ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് പറഞ്ഞു. വിവിധ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്.
ചൈനയിലും ട്രംപിന് ട്വിറ്റര്‍!
ബെയ്ജിങ്: സോഷ്യല്‍മീഡിയയ്ക്കു നിരോധനമുള്ള ചൈനയില്‍നിന്നും ട്വിറ്ററിലൂടെ ട്വീറ്റ് ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയില്‍ നല്‍കിയ സ്വീകരണത്തിനു നന്ദിയറിയിച്ചും ഷീ ജിന്‍പിങ്ങുമായി നടക്കാനിരിക്കുന്ന ചര്‍ച്ചയിലെ പ്രതീക്ഷയുമായിരുന്നു കഴിഞ്ഞ ദിവസം ട്രംപ് ട്വീറ്റ് ചെയ്തത്.
നേരത്തെ, ചൈനയില്‍വച്ച് ട്രംപ് എങ്ങനെ ട്വിറ്റര്‍ ഉപയോഗിക്കുമെന്ന ചോദ്യങ്ങള്‍ക്ക് പ്രസിഡന്റിന് എവിടെവച്ചും അതാകാമെന്നായിരുന്നു അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ മറുപടി. ട്വിറ്ററിലെ കവര്‍ ഫോട്ടോയും ട്രംപ് മാറ്റിയിട്ടുണ്ട്.
ചൈനീസ് പ്രസിഡന്റിനും പത്‌നിക്കുമൊപ്പം ട്രംപും പത്‌നിയും നില്‍ക്കുന്നതാണ് പുതിയ കവര്‍ ഫോട്ടോ. എന്നാല്‍, ട്രംപിനായി ചൈന ഇളവു നല്‍കിയതാണോ അതോ ചൈനയുടെ ഗ്രേറ്റ് ഫയര്‍വാള്‍ മറകടന്നു ട്രംപ് ട്വിറ്റര്‍ ഉപയോഗിച്ചതാണോ എന്നതു വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."