അമ്പൂരി: കേരളം കണ്ട വന്‍ദുരന്തത്തിന് 16 വയസ്
കാട്ടാക്കട: അഗസ്ത്യമല അതിരിടുന്ന അമ്പൂരി എന്ന കുടിയേറ്റ ഗ്രാമത്തിന് ഇന്നലെ നഷ്ടപ്പെടലിന്റെ ദിനമാണ്. അമ്പൂരി ദുരന്തം ഗ്രാമത്തിനും ഗ്രാമവാസികള്‍ക്കും ഓര്‍മപ്പെടുത്തലാകുമ്പോള്‍ പ്രകൃതി സംഹാര താണ്ഡവമാടിയത് നേരില്‍ കണ്ട സി.ഡി തോമസ് എന്ന കുടുംബനാഥന്റെ ആത്മവീര്യത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയായിരുന്നു ഇന്നലെ.
അമ്പൂരി പള്ളിയില്‍ ഇന്നലെ മെഴുകുതിരി കത്തിച്ച് നിവാസികള്‍ ആ ദുരന്തത്തെ ഓര്‍മിച്ചു. 2001 നവംബര്‍ ഒന്‍പതിനാണ് കേരളം കണ്ട വന്‍ദുരന്തമുണ്ടായത്. നെയ്യാര്‍ അണക്കെട്ടിന്റെ തീരത്ത് കിടക്കുന്ന അമ്പൂരിയിലുണ്ടായ ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും പൂച്ചമുക്ക് എന്ന ഗ്രാമം ഏതാണ്ട് ഒലിച്ചുപോയി.
39 പേരാണ് മരണപ്പെട്ടത്. അതിലധികവും പൂച്ചമുക്കിലെ താമസക്കാരനായ സി.ഡി തോമസിന്റെ ഭാര്യയും മക്കളും മറ്റു ബന്ധുക്കളും. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ഇദ്ദേഹം പിന്നെ പതിയെ പതിയെ സമചിത്തത വീണ്ടെടുക്കുകയും പിന്നെ അവിടെതന്നെ താമസം തുടങ്ങുകയും ചെയ്തു. പൂച്ചമുക്ക് സ്വദേശിയും നാട്ടിലെ അറിയപ്പെടുന്ന റബര്‍ വ്യാപാരിയുമായ സി.ഡി തോമസിന്റെ മകന്‍ ബിനു തോമസിന്റെ ഒത്തു കല്യാണത്തിന്റെ തലേ ദിവസമാണ് ദുരന്തമുണ്ടായത്. കല്യാണത്തിന്റെ തലേദിവസം തന്നെ തോമസിന്റെ മക്കളും മറ്റ് ബന്ധുക്കളുമൊക്കെ വീട്ടിലെത്തിയിരുന്നു.
വൈകിട്ട് ആറോട് കൂടി മഴ തുടങ്ങി. അത് പിന്നെ ശക്തി പ്രാപിച്ചു. 8.30 ആയതോട്കൂടി മഴയുടെ വീര്യം കൂടി. പിന്നെ വന്നത് യുദ്ധത്തിന്റെ അലയൊലികള്‍. തോമസ് ഓര്‍ക്കുന്നു. തോമസിന്റെ വീടിരിക്കുന്നത് ഒരു കുന്നിന്റെ അടിവാരത്താണ്. പാറക്കെട്ടുകള്‍ നിറഞ്ഞ സ്ഥലം. വീടിന്റെ പിറകില്‍ വന്‍ ശബ്ദത്തോടെ മഴവെള്ളം വന്നടിക്കുന്നുണ്ട്. പിന്നെ കാണുന്നത് വെള്ളത്തിന്റെ കുത്തൊഴുക്കും പാറകള്‍ വന്ന് വീഴുന്നതുമാണ്. വീട്ടില്‍ നിലവിളി ഉയര്‍ന്നു.
ബന്ധുക്കളും അയല്‍ക്കാരും ഒത്തുകൂടിയ വീട്ടില്‍ മരണത്തിന്റെ മണി മുഴങ്ങി. വന്‍ പാറ വീണ് തോമസ് എവിടെയോ ചുരുങ്ങി കിടന്നു. ഏതാണ്ട് രണ്ടു മണിക്കൂറുകളോളം പെയ്ത മഴയില്‍ മല ഇടിഞ്ഞുവീണ് തോമസിന്റെ വീട്ടിനു മുകളിലേക്ക് പതിക്കുകയായിരുന്നു. അര്‍ധരാത്രിയായതോടെ മഴ മാറി നിന്നു. ആള്‍ക്കാരും ഫയര്‍ഫോഴ്‌സുമൊക്കെയെത്തി. മരണം 39. തോമസിന്റെ ഭാര്യ ലീലാമ്മ, കല്യാണ ചെറുക്കന്‍ ബിനു, മകള്‍ സീന, ചെറുമക്കളായ ഫെലിക്‌സ്, ഒരു കൈക്കുഞ്ഞ്, അനുജന്‍ സെബാസ്റ്റ്യന്‍, സെബാസ്റ്റ്യന്റെ മൂന്ന് മക്കള്‍ പിന്നെ അടുത്ത ബന്ധുക്കള്‍, അയല്‍ക്കാരൊക്കെ ഈ ദുരന്തത്തില്‍ മരണപ്പെട്ടു.
ദുരന്തത്തില്‍ നിന്ന് അല്‍ഭുതകരമായാണ് തോമസ് രക്ഷപ്പെട്ടത്. കണ്ണു തുറന്നു നോക്കുമ്പോള്‍ തന്റെ കൂടെപ്പിറപ്പുകളും മക്കളും വീടുമൊക്കെ മണ്ണിനടിയില്‍ കിടക്കുന്നു. എല്ലാം കൈവിട്ടുപോയത് മാത്രമല്ല പൂച്ചമുക്ക് പ്രദേശം തകര്‍ന്നടിഞ്ഞ നില. മുഖ്യമന്ത്രി ഏ.കെ ആന്റണിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം വന്‍സംഘമാണ് ഇവിടെ തിരച്ചില്‍ നടത്തിയത്. മൃതദേഹങ്ങള്‍ അവിടെ വച്ചു തന്നെ പോസ്റ്റുമോര്‍ട്ടം നടത്തി.
അടുത്തുള്ള പള്ളിയില്‍ തന്നെ സംസ്‌കരിക്കുകയും ചെയ്തു. ഉരുള്‍ പൊട്ടലും പിന്നാലെ മലയിടിച്ചിലുമാണ് ഇവിടെ നടന്നത്. അവിടെ താമസിച്ചിരുന്ന ഒന്‍പതുപേരെ അമ്മത എന്ന സ്ഥലത്ത് വീട് നല്‍കി പുനരധിവസിപ്പിച്ചു. സഹായധനങ്ങളും നല്‍കി. എല്ലാം തകര്‍ന്ന തോമസ് അവിടെ നിന്ന് കൂട്ടപ്പൂ എന്ന സ്ഥലത്ത് താമസം തുടങ്ങി. താമസിയാതെ വിവാഹവും കഴിച്ചു. ദുരന്ത ഭൂമിയില്‍ കൃഷി നടത്തിയ തോമസ് അവിടെ നിന്ന് മാറി അധികനാള്‍ നിന്നില്ല.
വീണ്ടും ഇവിടെ വീട് കെട്ടി താമസം തുടങ്ങുകയും റബര്‍ വ്യാപാരം നടത്തുകയും ചെയ്യുകയാണ്. തളരാത്ത ആത്മവീര്യമാണ് തന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് തോമസ് പറയുന്നു. ഈ ദുരന്തം പാരിസ്ഥിതിക ആഘാതത്തിന്റെ ഫലമായാണ് ഉണ്ടായതെന്ന് അന്ന് സെസ്സ് നടത്തിയ പഠനം കണ്ടെത്തി.
നെയ്യാര്‍ അണക്കെട്ട് ഉരുള്‍ പൊട്ടലില്‍ നാശം വന്നതായും പഠനം കണ്ടെത്തിയിരുന്നു. കുന്നുകളും പാറകളും നിറഞ്ഞ അമ്പൂരി പോലുള്ള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ വേണമെന്നത് ഉള്‍പ്പടെ പല നിര്‍ദേശങ്ങളും നല്‍കിയതാണ്.
പക്ഷേ ഇതൊക്ക നടപ്പിലാക്കാന്‍ മാത്രം ആരും ശ്രമിച്ചില്ല. വീണ്ടുമൊരു തുലാവര്‍ഷത്തില്‍ കാല വര്‍ഷ ദുരന്തത്തിന്റെ ഓര്‍മകളിലൂടെ കടന്നുപോകുകയാണ് ഈ നാട്ടുകാര്‍. അതും പേടിയോടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."