ജി.എസ്.ടി: സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ 25 ശതമാനം ഇടിവ്
കൊച്ചി: ജി.എസ്.ടി നടപ്പാക്കിയതു മൂലം രാജ്യത്തെ സ്വര്‍ണാഭരണങ്ങളുടെ ആവശ്യകതയില്‍ വലിയ ഇടിവ് സൃഷ്ടിച്ചു. മൂന്നാം പാദത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 25 ശതമാനം ഇടിഞ്ഞുവെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞവര്‍ഷം 152.7 ടണ്‍ ആയിരുന്നു ഇന്ത്യയിലെ സ്വര്‍ണാഭരണങ്ങളുടെ ആവശ്യകതയെങ്കില്‍ ഈ വര്‍ഷം 114.9 ടണ്‍ ആയിട്ടാണ് ഇടിഞ്ഞത്. ആഗോളതലത്തില്‍ മൂന്നാം പാദത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് മുന്‍വര്‍ഷത്തേക്കാള്‍ ഒന്‍പത് ശതമാനം കുറഞ്ഞു. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ ആവശ്യകതയാണ് മൂന്നാം പാദത്തില്‍ രേഖപ്പെടുത്തിയത്.
ആഭരണങ്ങളുടെ കാര്യത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ മൂന്നുശതമാനം കുറവുണ്ടായി. ഇന്ത്യയില്‍ നികുതിയും നിയന്ത്രണങ്ങളും മൂലം ആഭരണരംഗത്തെ വില്‍പ്പന കുറഞ്ഞതും എക്‌സേഞ്ച് ട്രേഡഡ് ഫണ്ടില്‍ സ്വര്‍ണത്തോടുള്ള താല്‍പര്യം കുറഞ്ഞതുമാണ് ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ പ്രതിഫലിക്കുന്നതെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ പുതിയ ഗോള്‍ഡ് ഡിമാന്‍ഡ് ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആഗോളതലത്തില്‍ ഈ വര്‍ഷം മൂന്നാം പാദത്തില്‍ 479 ടണ്‍ ആയിരുന്നു സ്വര്‍ണത്തിന്റെ ആകെ ആവശ്യകതയെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 495 ടണ്‍ ആയിരുന്നു. ഇ.ടി.എഫ് നിക്ഷേപകര്‍ക്ക് സ്വര്‍ണത്തേക്കാള്‍ താത്പര്യം ഓഹരികളായതും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയാന്‍ കാരണമായതായി ഗോള്‍ഡ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. ഇതേ കാലയളവില്‍ ചൈനയില്‍ സ്വര്‍ണക്കട്ടിക്കും നാണയത്തിനുമുള്ള ഡിമാന്‍ഡ് 17 ശതമാനം വര്‍ദ്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."