പൂക്കിപ്പറമ്പ് പതിനാറുങ്ങല്‍ ബൈപ്പാസിന് 100 കോടി രൂപയുടെ ഭരണാനുമതി
തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ പൂക്കിപ്പറമ്പ് പതിനാറുങ്ങല്‍ ബൈപ്പാസിന് 100 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.കെ അബ്ദുറബ്ബ് എം.എല്‍.എ അറിയിച്ചു.
തെന്നല പഞ്ചായത്തിലെ പൂക്കിപറമ്പില്‍ നിന്നും നന്നമ്പ്ര പഞ്ചായത്തിലൂടെ കുണ്ടൂര്‍പാടം വഴി തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയിലെ പതിനാറുങ്ങലിലേക്ക് എത്തുന്നതാണ് പുതിയ ബൈപ്പാസ്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് വകയിരുത്തിയിട്ടുള്ളത്. ഇവയുടെ ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റഡിക്കായുള്ള ടെണ്ടര്‍ നടപടികള്‍ ഇന്ന് പൂര്‍ത്തിയാകും.
25 ലക്ഷം രൂപയുടെ ഇന്‍വെസ്റ്റിഗേഷന്‍ നടപടിക്കാണ് ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുന്നത്. സ്ഥലം കണ്ടെത്തല്‍, റോഡിന്റെ അലൈമെന്റ്, സ്ഥലം ഏറ്റെടുക്കല്‍ എന്നിവയെ കുറിച്ചുള്ള വിശദമായി പഠനം നടത്തുന്നതിനുള്ള നടപടികളാണ് അവസാനഘട്ടത്തിലെത്തി നില്‍ക്കുന്നത്.
തെന്നല പൂക്കിപറമ്പില്‍ നിന്നും അറക്കല്‍ വഴി നന്നമ്പ്ര പഞ്ചായത്തിലെ തെയ്യാലയിലൂടെ കുണ്ടൂര്‍, കൊടിഞ്ഞി പാടം വഴി വെഞ്ചാലി കനാല്‍ റോഡിലൂടെ പതിനാറുങ്ങലിലേക്ക് എത്തുന്നതാണ് ഈ ബൈപ്പാസ് റോഡ്. കൂടുതലും വയലിലൂടെയാണ് കടന്ന് പോകുന്നത് എന്നത് കൊണ്ട് തന്നെ സ്ഥലം ഏറ്റെടുക്കുന്നതിന് വലിയ പ്രയാസമുണ്ടാകില്ല. ഒന്‍പത് മുതല്‍ പതിനൊന്ന് കിലോമീറ്റര്‍ വരെ നീളത്തിലായിക്കും പുതിയ ബൈപ്പാസെന്നാണ് പ്രഥമിക നിഗമനം.
കോട്ടക്കല്‍ ഭാഗത്ത് നിന്നും പരപ്പനങ്ങാടി റയില്‍വേ സ്റ്റേഷനിലേക്കും തിരിച്ചും വേഗത്തില്‍ എത്തുന്നതിനും ഗതാഗതക്കുരുക്കില്‍പെടാതെ യാത്ര ചെയ്യുന്നതിനും സഹായകമാകുന്നതാണ് ഈ ബൈപ്പാസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."