രാത്രികാലങ്ങളിലും റോഡ് പ്രവൃത്തി, സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഇതര സംസ്ഥാന തൊഴിലാളികള്‍ സജീവം
തിരൂര്‍: പകല്‍സമയങ്ങളില്‍ വെയിലേറ്റും പൊടി ശ്വസിച്ചും നിര്‍മാണ പ്രവൃത്തികളിലേര്‍പ്പെടുന്ന തമിഴ് തൊഴിലാളികള്‍ നഗരങ്ങളിലെ രാത്രികാല റോഡ് അറ്റകുറ്റപണികളിലും സജീവം.
സ്ത്രീ പുരുഷ വ്യത്യാസമില്ലാതെയാണ് ഇവര്‍ നഗര റോഡുകളില്‍ രാത്രികാലങ്ങളില്‍ പോലും ജോലിക്കെത്തുന്നത്. സാമ്പത്തിക രംഗത്തെ പ്രതിസന്ധി തൊഴില്‍ മേഖലയെ സാരമായി ബാധിച്ചതിനെ തുടര്‍ന്ന് പണിയില്ലാതായ ഇതരസംസ്ഥാന തൊഴിലാളികള്‍ രാവെന്നോ പകലെന്നോ നോക്കാതെ കിട്ടുന്ന തൊഴിലിന് നിര്‍ബന്ധിതരാകുന്ന സാഹചര്യമാണ്.
ഇത് കരാറുകാര്‍ക്കും അനുകൂല സാഹചര്യമൊരുക്കിയിട്ടുണ്ട്. തിരൂര്‍- ചമ്രവട്ടം റൂട്ടിലും തിരൂര്‍ നഗരത്തിലെ മറ്റിടങ്ങളിലും രാത്രികാലങ്ങളിലാണിപ്പോള്‍ റോഡ് നവീകരണ പ്രവൃത്തി നടത്തുന്നത്. ഈ സമയങ്ങളില്‍ ജോലിക്കെത്തുന്ന സ്ത്രീകളില്‍ പലരും കൊച്ചുകുട്ടികളെ പോലും സുരക്ഷിത സ്ഥാനത്തെത്തിച്ചിട്ടല്ല തൊഴിലെടുക്കുന്നത്.
കിടന്നുറങ്ങേണ്ട രാത്രികാലങ്ങളില്‍ റോഡിലെ പൊടി ശ്വസിച്ച് വിയര്‍പ്പൊഴുക്കുന്നത് ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള പെടാപ്പാടിനായാണെന്ന് തൊഴിലാളികള്‍ പറയുന്നു. ഗതാഗത തടസമുണ്ടാകില്ലെന്നതിനാലാണ് രാത്രികാലങ്ങള്‍ റോഡ് പ്രവൃത്തിക്കായി തെരഞ്ഞെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."