തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസിലേക്ക്: 13ലെ അവിശ്വാസം അപ്രസക്തമാകും
എടപ്പാള്‍: തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുബ്രഹ്മണ്യന്‍ കോണ്‍ഗ്രസില്‍ ചേരുന്നതായി സൂചന. ഇതോടെ തവനൂര്‍ പഞ്ചായത്തില്‍ രൂപം കൊണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് പരിഹാരമാകും.
ഇന്ന് എടപ്പാളില്‍ നടക്കുന്ന പടയൊരുക്കം പരിപാടിയുടെ തവനൂര്‍ മണ്ഡലം സ്വീകരണ യോഗത്തില്‍ വെച്ച് കെ.പി സുബ്രഹ്മണ്യന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയില്‍ നിന്നും മെമ്പര്‍ഷിപ്പ് ഏറ്റ് വാങ്ങുമെന്നാണ് സൂചനയുള്ളത്.ഇതുമായി ബന്ധപ്പെട്ട് അവസാനവട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രസിഡന്റിന് സി.പി.എം നല്‍കിയിരുന്ന പിന്തുണ പിന്‍വലിക്കുകയും അവിശ്വാസം കൊണ്ടുവരികയും ചെയ്തതിനെ തുടര്‍ന്നാണ് തവനൂരില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ രൂപം കൊണ്ടത്. 19 അംഗ ഭരണസമിതിയില്‍ ഇരുമുന്നണികള്‍ക്കും ഒന്‍പതുവീതം അംഗങ്ങളാണുള്ളത്. സി.പി.എമ്മുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിച്ചാണ് നിലവിലെ പ്രസിഡന്റ് കെ.പി സുബ്രഹ്മണ്യന്‍ ഭരണസമിതിയിലെത്തിയത്.
യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ആദ്യം സുബ്രഹ്മണ്യന്‍ പ്രസിഡന്റ് പദവിയിലെത്തിയത്. ഇതോടെ വൈസ് പ്രസിഡന്റ് സ്ഥാനം യു ഡി എഫിലെ മുസ്‌ലിം ലീഗ് അംഗത്തിനും ലഭിച്ചു. എന്നാല്‍ നാലുമാസം പിന്നിട്ടതോടെ യു.ഡി.എഫുമായുള്ള ബന്ധം അവസാനിപ്പിച്ച ഇദ്ദേഹം ഇടതുമുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. ഇതോടെ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫ് പിടിച്ചെടുത്തു.പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ പ്രസിഡന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് സി.പി.എം പിന്തുണ പിന്‍വലിച്ചത്. തുടര്‍ന്ന് സി.പി.എമ്മിന്റെ ഒന്‍പത് അംഗങ്ങള്‍ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. ഈ അവിശ്വാസം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് തവനൂരില്‍ നാടകീയ നീക്കങ്ങള്‍ നടക്കുന്നത്. പ്രസിഡന്റിനെ യു.ഡി.എഫ് അംഗങ്ങള്‍ പിന്തുണച്ചേയ്ക്കുമെന്നാണ് ആദ്യം സൂചനയുണ്ടായതെങ്കിലും ചര്‍ച്ചകള്‍ സുബ്രഹ്മണ്യനെ കോണ്‍ഗ്രസിലേക്ക് അടുപ്പിക്കുകയായിരുന്നു. സുബ്രഹ്മണ്യന്‍ കോണ്‍ഗ്രസില്‍ ചേരുന്നതോടെ യു.ഡി.എഫ് തവനൂരില്‍ ഭരണം പിടിച്ചെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."