ആറളം ഫാമില്‍ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം
ഇരിട്ടി: ആറളം ഫാമില്‍ വീണ്ടും കാട്ടനക്കൂട്ടം ഇറങ്ങിയതിനെ തുടര്‍ന്ന് വന്‍ കൃഷിനാശം.
ഫാമിന്റെ അധീനതയിലുള്ള ഒന്നാം ബ്ലോക്കില്‍ ആനക്കൂട്ടം 15 വര്‍ഷത്തിലധികം പ്രായമായ പത്തോളം തെങ്ങുകള്‍ കുത്തിവീഴ്ത്തി. നാല് ആനകളാണ് നാശനഷ്ടം വരുത്തിയത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് ആനക്കൂട്ടം എത്തിയത്. കഴിഞ്ഞ ദിവസം ഫാം സെന്‍ട്രല്‍ നേഴ്‌സറിയിലെ 500 ഓളം തെങ്ങിന്‍ തൈകളും 10ത്തോളം വലിയ തെങ്ങുകളും തൊഴിലാളികളുടെ ഭക്ഷണ പുരയും ആനക്കൂട്ടം നശിപ്പിച്ചിരുന്നു.
ഫാം ഗോഡൗണിന് സമീപത്തെ കമ്പിവേലി തകര്‍ത്താണ് ആനക്കൂട്ടം എത്തിയത്. ഗോഡൗണിനുള്ളിലേക്ക് പ്രവേശിക്കാനുള്ള ശ്രമം നടത്തി. ഇവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ ആനയുടെ മുന്നില്‍പ്പെടാതെ അതുഭുതകരമായി രക്ഷപ്പെട്ടു. കുരങ്ങ് ശല്യം കാരണം ഫാമിലെ 1,2 ബ്ലോക്കുകളിലെ തെങ്ങുകള്‍ സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് കൊടുത്തിരുന്നു. കുരങ്ങിനെ തുരത്തുന്നതിനായി നിയമിച്ച തൊഴിലാളികള്‍ സ്ഥിരമായി ഉണ്ടാകുന്ന പ്രദേശമാണിത്. ആറളം വനത്തില്‍ നിന്നാണ് അതിര്‍ത്തിയില്‍ സ്ഥാപിച്ച ആനമതിലും കടന്ന് ആനക്കൂട്ടം ഫാമിന്റെ അധീനതയിലുള്ള പ്രദേശത്തേക്ക് കടന്നത്. വനാതിര്‍ത്തിയും കടന്ന് അഞ്ചുകിലോമിറ്റിനുള്ളിലാണ് ആനക്കൂട്ടം മാസങ്ങളായി കഴിയുന്നത്.
രണ്ട് മാസത്തിനിടയില്‍ ഫാമിന്റെ അധിനമേഖലയില്‍ 300ഓളം തെങ്ങുകളാണ് ആനക്കൂട്ടം നശിപ്പിച്ചത്. വന്യമൃഗശല്യം രൂക്ഷമായതിനെ തുടര്‍ന്ന് വനം വകുപ്പിന്റെ റാപിഡ് റസ്‌പോണ്‍സ് ടീമിന്റെ ആസ്ഥാനം തളിപ്പറമ്പില്‍ നിന്നു ഇരിട്ടിയിലേക്ക് മാറ്റിയിരുന്നു.
എന്നാല്‍ ഇവരുടെ സേവനവും വേണ്ടവിധം ഉപയോഗപ്പെടുത്താനാകുന്നില്ലെന്നു പരാതി ഉയര്‍ന്നിട്ടുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫാം അധികൃതര്‍ വനംവകുപ്പിന് കത്ത് നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
ആനകളെ തുരത്താനുള്ള നടപടികള്‍ ആറുമാസമായിനിര്‍ത്തിവെച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."