എം.വി.ആറിന്റെ സ്വത്തില്‍ അവകാശവാദം ഉന്നയിച്ച് മരുമകന്‍ കോടതിയെ സമീപിച്ചു
പുതിയകോട്ട കാരാട്ടുവയല്‍ പ്രദേശത്തുള്ള നാല് സെന്റ് ഭൂമിയും കെട്ടിടവും ഉള്‍പ്പെടെ കേരളത്തിലുള്ള മുഴുവന്‍ സ്വത്തു വകകളിലും അവകാശവാദം ഉന്നയിച്ചാണ് രാഘവന്റെ മരുമകന്‍ കുഞ്ഞിരാമന്‍ ഹൊസ്ദുര്‍ഗ് കോടതിയെ സമീപിച്ചത്
കാസര്‍കോട്: എം.വി രാഘവന്റെ സ്വത്തില്‍ അവകാശ വാദം ഉന്നയിച്ച് മരുമകന്‍ കോടതിയെ സമീപിച്ചു. സി.എം.പി ജനറല്‍ സെക്രട്ടറിയായിരുന്ന പരേതനായ എം.വി രാഘവന്റെ പേരില്‍ ഹൊസ്ദുര്‍ഗ്ഗ് താലൂക്കിലെ പുതിയകോട്ട കാരാട്ടുവയല്‍ പ്രദേശത്തുള്ള നാല് സെന്റ് ഭൂമിയും കെട്ടിടവും ഉള്‍പ്പെടെ കേരളത്തിലുള്ള മുഴുവന്‍ സ്വത്തു വകകളിലും അവകാശവാദം ഉന്നയിച്ചാണ് രാഘവന്റെ മരുമകന്‍ കുഞ്ഞിരാമന്‍ കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് കോടതിയെ സമീപിച്ചത്. കാഞ്ഞങ്ങാടിനു പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഘവന്റെ പേരില്‍ സ്വത്ത് വകകളുണ്ട്. ഇതോടെ അദ്ദേഹത്തിന്റെ ഹൊസ്ദുര്‍ഗ് താലൂക്കിലുള്ള സ്വത്തുക്കള്‍ കൈമാറ്റം ചെയ്യാന്‍ പറ്റാത്ത സാഹചര്യവും നിലവില്‍ വന്നു.
കാരാട്ടുവയലില്‍ 1986 ല്‍ സി.എം.പി ജില്ലാ കമ്മിറ്റി ഓഫിസ് സ്ഥാപിക്കുന്നതിനു വേണ്ടി നാലു സെന്റ് സ്ഥലവും അതിലുള്ള കെട്ടിടവും അന്നു സെക്രട്ടറിയായിരുന്ന എം. കര്‍ത്തമ്പു വാങ്ങുകയും തുടര്‍ന്ന് ഈ വസ്തു പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന മേലത്ത് വീട്ടില്‍ രാഘവന്‍ എന്ന എം.വി രാഘവന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. തുടര്‍ന്നു പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു ഈ സ്ഥലത്തുള്ള കെട്ടിടം.
ഇതിനു ശേഷം പാര്‍ട്ടി പിളര്‍ന്നതിനെ തുടര്‍ന്ന് ഓഫിസും സ്ഥലവും ഇരുവിഭാഗവും ഉപയോഗിക്കാതെ വരുകയും ചെയ്തു. ഇതിനിടയിലാണ് കാരാട്ട് വയലില്‍ ഭൂമിയും കെട്ടിടവും ഉണ്ടെന്നറിഞ്ഞ കുഞ്ഞിരാമന്‍ കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്.
എം.വി രാഘവന്റെ മരണശേഷം പാര്‍ട്ടി പിളരുകയും തുടര്‍ന്ന് എം.വി.ആറിന്റെ മക്കള്‍ ഇരുഭാഗത്തുമായി നിലയുറപ്പിക്കുകയും ചെയ്തതോടെ പാപ്പിനിശേരിയിലെ ആയുര്‍വേദ കോളജും പാമ്പുവളര്‍ത്തല്‍ കേന്ദ്രവും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശവും വ്യവഹാരത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."