എന്തിന് വേറൊരു താമരോദയം?!
'എന്തിനു വേറൊരു സൂര്യോദയം നീയെന്‍ പൊന്നുഷസ്സന്ധ്യയല്ലേ' എന്ന വരികള്‍ കവിക്ക്, 'എന്തിനു കേരളത്തില്‍ വേറൊരു ബി.ജെ.പി സി.പി.എം അരികിലില്ലേ' എന്നു തിരുത്തിയെഴുതാമെന്നു തോന്നുന്നു. 'എല്ലാവര്‍ക്കും സോഷ്യലിസം, ആര്‍ക്കും കഷ്ടപ്പാടുണ്ടാകില്ല' എന്ന വാചകക്കസര്‍ത്തിലൂടെ സാധാരണക്കാരന്റെ കരളിന്റെ ചെപ്പില്‍ കമ്മ്യൂണിസമെന്ന കള്ളനാണയസ്വപ്‌നം നിക്ഷേപിച്ചാണ് വമ്പന്മാരായ ഫ്യൂഡലിസ്റ്റ് നേതാക്കള്‍, മറ്റ് ഏതു പാര്‍ട്ടിയിലുമെന്നപോലെ സി.പി.എമ്മിലും തടിച്ചു കൊഴുത്തു വളര്‍ന്നത്.
വിപ്ലവജ്വാല പടര്‍ത്തിയ കമ്മ്യൂണിസമൊന്നും കേരളത്തിലുണ്ടായിട്ടില്ല. തെലങ്കാനയുടെയും ചിക്കാഗോയുടെയും പേരുപറഞ്ഞ് ഊറ്റംകൊള്ളുന്ന കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ മക്കളെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ വൈസ്പ്രസിഡന്റുമാരാക്കിയാണു പാര്‍ട്ടിക്കൂറു പ്രകടിപ്പിച്ചുവരുന്നത്. ഇടവേളകളില്‍ അവര്‍ ജനരക്ഷായാത്രകളും നടത്തിപ്പോരുന്നുണ്ട്, സ്വര്‍ഗരാജ്യം വരുമെന്നു പറഞ്ഞു ജനങ്ങളെ മോഹിപ്പിക്കാന്‍.
നേതാക്കന്മാരുടെ വാക്കുകേട്ടു കമ്മ്യൂണിസം തലയ്ക്കുപിടിച്ച ചില ചെറുപ്പക്കാര്‍ ചില ജന്മിമാരുടെ തലവെട്ടിയതൊഴിച്ചാല്‍ മറ്റെന്തു വിപ്ലവമാണു കേരളത്തില്‍ നടന്നത്. തൊട്ടതിനും പിടിച്ചതിനുമൊക്കെ പുന്നപ്ര വയലാര്‍ സമരമെന്നു പറഞ്ഞ് ഊറ്റംകൊള്ളും. പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളുടെ കൈയില്‍ മുളങ്കമ്പുകൊണ്ടു തീര്‍ത്ത വാരിക്കുന്തം പിടിപ്പിച്ചു സര്‍ സി.പിയുടെ പട്ടാളത്തിന്റെ തോക്കിനുമുന്നിലേക്കു ബലിമൃഗങ്ങളെപ്പോലെ പറഞ്ഞയച്ച ബ്രാഹ്മണിക് നേതൃത്വമായിരുന്നു പണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായിരുന്നത്.
സംസ്ഥാനതലത്തില്‍ അറിയപ്പെടുന്ന ഒരു നേതാവെങ്കിലും പുന്നപ്രവയലാര്‍ സമരത്തില്‍ രക്തസാക്ഷിയായില്ലല്ലോ. സമരത്തിന്റെ മുന്‍നിരയിലുണ്ടെങ്കിലല്ലോ അതു സംഭവിക്കൂ. അണികളെ പറഞ്ഞിളക്കി മുന്നോട്ടുവിട്ടു സ്വസ്ഥ സ്ഥാനങ്ങളില്‍ ഇരുന്നാല്‍ ജീവന് അപകടമുണ്ടാകില്ലല്ലോ.
ചെഗുവേരയുടെ ചിത്രം പതിച്ച ടീഷര്‍ട്ടിട്ട് ഡി.വൈ.എഫ്.ഐക്കാരും കാംപസുകളെ ആയുധപ്പുരകളാക്കി എസ്.എഫ്.ഐക്കാരും അവരുടെ പാര്‍ട്ടിക്കൂറ് ആ വിധത്തില്‍ പ്രകടിപ്പിച്ചുവരികയാണ്. അതിനപ്പുറം ഒരു കര്‍മവും തങ്ങള്‍ക്കു ചെയ്യാനില്ലെന്ന ധാരണയിലാണവര്‍. മറ്റെന്തു ത്യാഗമാണ് ഇവരൊക്കെ ചെയ്തത്.
എന്നിട്ടും എന്തുകൊണ്ടു കമ്മ്യൂണിസം കേരളത്തില്‍ വേരോടിയെന്നതു പ്രസക്തമായ ചോദ്യമാണ്. കൈ നനയാതെ മീന്‍ പിടിക്കുന്നതുപോലെയാണു കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കിയെടുത്തത്. ചാതുര്‍വര്‍ണ്യവും ജാതിവ്യവസ്ഥയും അതിരൂക്ഷമായിരുന്ന സംസ്ഥാനമായിരുന്നു കേരളം. ഈഴവരെയും പുലയരെയും ഉയര്‍ന്നജാതിക്കാര്‍ ആട്ടിയകറ്റി.
ഇത്തരമൊരു പരിതാപകരമായ അവസ്ഥയിലാണു ശ്രീനാരായണഗുരു എന്ന പുണ്യപുരുഷന്‍ ഈഴവരുടെ രക്ഷകനായി ഉയര്‍ന്നുവന്നത്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നും മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നുമുള്ള ശ്രീനാരായണഗുരുവിന്റെ ആഹ്വാനങ്ങള്‍ വമ്പിച്ച പരിവര്‍ത്തനമാണു പിന്നാക്ക വിഭാഗങ്ങളിലുണ്ടാക്കിയത്.
ജാതിഹിന്ദുക്കള്‍ക്കെതിരേയുള്ള നവോത്ഥാന കൊടുങ്കാറ്റായി ശ്രീനാരായണഗുരുവിന്റെ പ്രസ്ഥാനം തഴച്ചുവളര്‍ന്നു. അരുവിക്കരയില്‍ ശിവപ്രതിഷ്ഠ നടത്തിയതിനെ ഉയര്‍ന്നജാതിക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ നാം നമ്മുടെ ശിവനെയാണു പ്രതിഷ്ഠിച്ചതെന്ന് അവരോടു വിനീതമായി മറുപടി പറഞ്ഞ ഗുരുവിന്റെ സന്ദേശങ്ങളും ഉപദേശങ്ങളും കേരളത്തില്‍ ഹിന്ദുസമൂഹത്തില്‍ നവോത്ഥാനത്തിന്റെ അലകളുയര്‍ത്തി. അദ്ദേഹത്തിനു പിന്നില്‍ അശരണരും ആലംബഹീനരുമായ ഈഴവര്‍ അണിനിരന്നു.
ഇനിയുള്ള കാലം ഈഴവരുള്‍പ്പെടെയുള്ള അവര്‍ണരുടെ ഉയര്‍ച്ചയായിരിക്കുമെന്നു തിരിച്ചറിഞ്ഞ ഉയര്‍ന്ന ജാതിക്കാരായ നമ്പൂതിരിമാരും നമ്പ്യാന്മാരും കമ്മ്യൂണിസത്തിന്റെ പേരില്‍ ഗുരുവിന്റെ ആശയങ്ങള്‍ റാഞ്ചുകയായിരുന്നു. മനുഷ്യരില്‍ രണ്ടു ജാതിയേയുള്ളൂവെന്നും അത് ഉള്ളവനും ഇല്ലാത്തവനുമാണെന്ന പ്രചാരണത്തിലൂടെ ശ്രീനാരായണീയരെ കമ്മ്യൂണിസത്തിലേയ്ക്ക് അതിന്റെ തലപ്പത്തു കയറിപ്പറ്റിയ നമ്പൂതിരിമാര്‍ അടുപ്പിക്കുകയായിരുന്നു.
ശ്രീനാരായണന്റെ ആശയങ്ങള്‍ പാകപ്പെടുത്തിയ മണ്ണില്‍ കമ്മ്യൂണിസം വിത്തിറക്കുകയായിരുന്നുവെന്നു ചുരുക്കം. ഗുരുവിന്റെ ആശയങ്ങളോടു സാമ്യം നില്‍ക്കും കമ്മ്യൂണിസ്റ്റ് പാഠങ്ങളും. ആ നിലയ്ക്കു കാര്യമായ അധ്വാനം കൂടാതെ ഉയര്‍ന്ന ജാതിക്കാര്‍ക്കു ശ്രീനാരായണഗുരുവിന്റെ ശിഷ്യരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടിക്കീഴില്‍ അണിനിരത്താന്‍ കഴിഞ്ഞു. ഇതാണ് ഇവര്‍ ചെയ്ത കമ്മ്യൂണിസ്റ്റ് ത്യാഗം.
കുശാഗ്ര ബുദ്ധിക്കാരായ ഉയര്‍ന്ന ജാതിക്കാര്‍ രണ്ടുകാര്യങ്ങളാണ് ഇതുവഴി നേടിയെടുത്തത്. ഈഴവരുടെ ഉയര്‍ച്ച തടയാന്‍ കഴിഞ്ഞുവെന്നത് ഒന്നാമത്തെ കാര്യം. ബ്രാഹ്മണ്യത്തിനു ഭീഷണിയായേക്കാവുന്ന പിന്നാക്ക ജാതിപ്രസ്ഥാനത്തെ തങ്ങളുടെ തന്നെ നുകത്തിനു കീഴില്‍ കമ്മ്യൂണിസമെന്ന ലേബലില്‍ കെട്ടിയിടാന്‍ കഴിഞ്ഞുവെന്നതു രണ്ടാമത്തെ നേട്ടം.
ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഈ കുതന്ത്രം ആദ്യം തിരിച്ചറിയാന്‍ ശ്രീനാരാണീയര്‍ക്കു കഴിഞ്ഞില്ല. തിരിച്ചറിഞ്ഞപ്പോഴേയ്ക്കും ഈഴവരുടെ മേലുള്ള അധീശത്വം ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടിനെപ്പോലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഉറപ്പിച്ചിരുന്നു. അടിസ്ഥാനപരമായി ഇവരുടെ ഉള്ളിലൊന്നും കമ്മ്യൂണിസമുണ്ടായിരുന്നില്ലെന്നു ചുരുക്കം. ഭൂഉടമകളായ ഉയര്‍ന്ന ജാതിക്കാര്‍ക്കു ഭാവിയില്‍ വരാനിരുന്ന ഈഴവഭീഷണിയെ കമ്മ്യൂണിസമെന്ന സ്വപ്‌നംകൊണ്ടു തകര്‍ത്തുകളഞ്ഞുവെന്നതാണു കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചരിത്രം.
അതിനാല്‍ത്തന്നെ അവരുടെ ഉള്ളിന്റെയുള്ളില്‍ ജാതീയതയും വര്‍ഗീയതയും വിട്ടൊഴിഞ്ഞിരുന്നില്ല. പഠിക്കുന്ന കാലത്ത് എ.ബി.വി.പിയായിരുന്നവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കു വരാനും മന്ത്രി സ്ഥാനം നേടാനും കാരണം ഇതാണ്. വേദപഠനം അവസാനിപ്പിച്ചു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന ഇ.എം.എസിന്റെ ചരിത്രവും മറ്റൊന്നല്ല. മുസ്‌ലിം ലീഗിന്റെ അനിഷേധ്യനേതാവായിരുന്ന സി.എച്ച് മുഹമ്മദ് കോയ പണ്ട് ഇ.എം.എസിനെക്കുറിച്ചു പറഞ്ഞത് എത്ര അര്‍ഥവത്തായിരുന്നുവെന്ന് ഇ.എം.എസിന്റെ പിന്‍ഗാമികളായി വന്നവരുടെ പ്രവര്‍ത്തനങ്ങളില്‍നിന്നു വ്യക്തമാകുന്നുണ്ട്. എല്ലാ നമ്പൂതിരിമാരുടെയും പൂണൂല്‍ പുറത്താണെങ്കില്‍ ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ പൂണൂല്‍ ഉള്ളിലാണെന്നായിരുന്നു സി.എച്ചിന്റെ വാക്കുകള്‍.
ഭാര്യയെ തൊഴാന്‍വിട്ട് ക്ഷേത്രത്തിന്റെ പടിപ്പുരവാതില്‍ക്കല്‍ കാത്തുനില്‍ക്കുന്ന നേതാക്കള്‍ക്കു കമ്മ്യൂണിസം ഉള്‍ക്കൊള്ളാന്‍ കഴിയില്ല. കുടുംബത്തെ അതു പഠിപ്പിക്കാനും കഴിയില്ല. ഇത്തരം കമ്മ്യൂണിസ്റ്റ് നേതാക്കള്‍ കേരളത്തിന്റെ മാത്രം സംഭാവനകളാണ്. നേതൃത്വത്തില്‍ കയറിപ്പറ്റിയ ഉയര്‍ന്ന ജാതിക്കാര്‍ യാതൊരു പോറലുമേല്‍ക്കാതെ തുടരുമ്പോള്‍ അണികളായ ചാവേറുകള്‍ ദിവസേനയെന്നോണം രക്തസാക്ഷികളായിക്കൊണ്ടിരിക്കുന്നു. അപവാദമായി ഒരു പിണറായിവിജയനോ വി.എസ് അച്യുതാനന്ദനോ നേതൃസ്ഥാനത്തു വന്നിട്ടുണ്ടാകാം. നല്ല പ്രായമൊക്കെ കഴിഞ്ഞശേഷം ആയുസ്സിന്റെ ബലം കൊണ്ടാണു വി.എസ് അച്യുതാനന്ദന്‍ തുടരുന്നത്. അല്ലാതെ ഉയര്‍ന്ന ജാതിക്കാരായ പാര്‍ട്ടി നേതൃത്വത്തിന്റെ താല്‍പര്യം കൊണ്ടല്ല.
ഇ.എം.എസ് മുതല്‍ കോടിയേരി ബാലകൃഷ്ണന്‍ വരെയുള്ള സംസ്ഥാനസെക്രട്ടറിമാരില്‍ എത്രപേര്‍ മാര്‍ക്‌സിനെയും എംഗല്‍സിനെയും വായിച്ചിട്ടുണ്ടാകും. ദാസ് ക്യാപിറ്റല്‍ എന്ന പുസ്തകം ആരെങ്കിലും കണ്ടിട്ടുണ്ടാകുമോ. മനസ്സില്‍ വടുകെട്ടിയ ജാതീയമേല്‍ക്കോയ്മയും ആഢ്യത്വവുമാണ് ഇവിടത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തെ ഇന്നും ഭരിക്കുന്നത്. ശരിയായ കമ്മ്യൂണിസ്റ്റുകാരായിരുന്നു ഇവരെങ്കില്‍ ഇവിടെ ജാതീയതയും വര്‍ഗീയതയും ഉണ്ടാകുമായിരുന്നോ. ജാതീയതയുടെയും വര്‍ഗീയതയുടെയും പ്രചാരകരല്ലേ ഇന്നത്തെ സി.പി.എം മന്ത്രിമാരും നേതാക്കളും.
മലപ്പുറം ജില്ലയുടെ ഉള്ളടക്കം മുസ്‌ലിം വര്‍ഗീയതയാണെന്നു പറഞ്ഞ ഏക കമ്മ്യൂണിസ്റ്റ് നേതാവാണു കടകംപള്ളി സുരേന്ദ്രന്‍ എന്ന സി.പി.എം മന്ത്രി. 'കൃഷ്ണാ നീ എന്നെയറിയില്ല 'എന്ന സുഗതകുമാരിയുടെ കവിതയെപ്പോലും നിഷ്പ്രഭമാക്കുംവിധം അഞ്ജലികൂപ്പി ഭക്ത്യാദരങ്ങളോടെ ഗുരുവായൂരപ്പനെ തൊഴുതു നില്‍ക്കുന്ന കടകംപള്ളി സുരേന്ദ്രന്‍ എന്തു കമ്മ്യൂണിസമാണു പഠിച്ചത്. സ്വര്‍ണതാലത്തില്‍ പഴങ്ങളും പൂക്കളുമായി മഠാധിപതിയെ സ്വീകരിച്ച മറ്റൊരു മന്ത്രിയാണു ജി. സുധാകര കവി. ഇതൊക്കെ ഔദ്യോഗികപരിപാടിയുടെ ഭാഗമായാണോ കാണേണ്ടത്. കടകംപള്ളിയുടെ പൂമൂടലും ഔദ്യോഗികപരിപാടിയായിരുന്നോ.
ആര്‍.എസ്.എസ് ദാര്‍ശനികന്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ പുസ്തകങ്ങളും അദ്ദേഹത്തിന്റെ ജന്മദിനവും സ്‌കൂളുകളില്‍ ആഘോഷിക്കാനുള്ള സര്‍ക്കുലര്‍ അയച്ചതു വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അറിയാതെയാണെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും. ഇദ്ദേഹം പഠിക്കുന്ന കാലത്ത് എ.ബി.വി.പി സ്ഥാനാര്‍ഥിയായി കോളജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കു മത്സരിച്ചിരുന്നുവെന്ന അനില്‍ അക്കരെ എം.എല്‍.എയുടെ ആരോപണത്തിന് അഴകൊഴമ്പന്‍ മറുപടിയാണു സി. രവീന്ദ്രനാഥ് പറഞ്ഞത്. ആരോപണം സത്യമല്ലെങ്കില്‍ എന്തുകൊണ്ട് അനില്‍ അക്കരക്കെതിരേ നിയമനടപടിക്കു മന്ത്രി രവീന്ദ്രനാഥ് തുനിഞ്ഞില്ല.
ഗെയില്‍ സമരത്തെ ഉദ്ദേശിച്ചു കോഴിക്കോട് ജില്ലയിലെ ഒരു സി.പി.എം എം.എല്‍.എ ഏഴാം നൂറ്റാണ്ടിലെ പ്രാകൃതമനുഷ്യരുടെ സമരമുറയെന്നാണു പറഞ്ഞത്. അതു മുസ്‌ലിംകളെ ഉദ്ദേശിച്ചല്ലാതെ മറ്റാരെ ഉദ്ദേശിച്ചാണ്. കുരിശുയുദ്ധത്തിന്റെ ഓര്‍മകള്‍ പേറുന്ന ഈ ജനപ്രതിനിധിയുടെ വംശത്തില്‍ പെട്ടവരായിരുന്നു ഹിറ്റ്‌ലറും മുസോൡനിയും സ്റ്റാലിനും എന്നോര്‍ക്കുക. മണ്ണും പുരയും നഷ്ടപ്പെടുന്നവന്റെ വിലാപങ്ങളെ ഏഴാം നൂറ്റാണ്ടിലെ കലാപത്തോട് ഉപമിക്കുവാന്‍ ചങ്കൂറ്റം കാണിക്കുന്ന ഇത്തരം ജനപ്രതിനിധികളുടെ ഉള്ളില്‍ കമ്മ്യൂണിസത്തിന്റെ ഒരംശമെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ അത്തരം വാക്കുകള്‍ അവരുടെ വായില്‍ നിന്നു വരുമായിരുന്നില്ല.
കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കാതിരിക്കുന്നതും ശംസുദ്ദീന്‍ പാലത്തിനെതിരേ വാളോങ്ങുമ്പോള്‍ ശശികലടീച്ചര്‍ക്കു പരവതാനി വിരിക്കുന്നതും സി. മോയിന്‍കുട്ടിക്കെതിരേ കേസെടുക്കുമ്പോള്‍ അതേ കുറ്റം ചെയ്ത മോഹന്‍ഭാഗവതിനെ ഐശ്വര്യത്തോടെ യാത്രയയക്കുന്നതും പിണറായി വിജയന്റെ ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ അപ്പീലില്‍ പോകാതിരിക്കാന്‍ വേണ്ടിയാണെന്നു വാദത്തിനു സമ്മതിക്കാമെങ്കിലും ഉള്ളിന്റെയുള്ളില്‍ ഇവര്‍ക്കാര്‍ക്കും കമ്മ്യൂണിസമില്ല എന്നതിനു വേറെ എന്തു തെളിവു വേണം.
കടകംപള്ളി സുരേന്ദ്രനെ പോലെയും സി. രവീന്ദ്രനാഥിനെപ്പോലെയുമുള്ളവര്‍ കമ്മ്യൂണിസ്റ്റ് നാട്യത്തില്‍ മന്ത്രിമാരായി വാഴുമ്പോള്‍ ആരും ചോദിച്ചുപോകും, എന്തിനാ കേരളത്തില്‍ ബി.ജെ.പി, സി.പി.എം പോരേയെന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."