വിവാദ പ്രസംഗം: എം.എം മണിക്കെതിരായ ഹരജി ഭരണഘടനാ ബെഞ്ചിന്
ന്യൂഡല്‍ഹി: വൈദ്യുതിമന്ത്രി എം.എം മണി നടത്തിയ വിവിധ വിവാദപ്രസംഗങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു. മൂന്നാറിലെ പെമ്പിളൈ ഒരുമൈക്കെതിരേ നടത്തിയ പ്രസംഗത്തിന്റെയും ഇടുക്കി ജില്ലയിലെ മണക്കാട് അടക്കമുള്ള സ്ഥലങ്ങളില്‍ മണി നടത്തിയ പ്രസംഗങ്ങളുടെയും പശ്ചാത്തലത്തിലുള്ള കേസുകളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടത്. ഷൈജു ജോസഫാണ് ഹരജി സമര്‍പ്പിച്ചത്. പെമ്പിളൈ ഒരുമൈ മൂന്നാറില്‍ നടത്തിയ സമരത്തിനെതിരേയുള്ള മണിയുടെ പ്രസംഗം സ്ത്രീകളെ അവഹേളിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി ജോര്‍ജ് വട്ടുക്കുളം നല്‍കിയ ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
മുഖ്യമന്ത്രി പിണറായി വിജയനെ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്നലത്തെ പുതിയ ഹരജി. മന്ത്രിസഭയുടെ തലവനെന്ന നിലയില്‍ മുഖ്യമന്ത്രിയ്ക്ക് മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളില്‍ കൂട്ടുത്തരവാദിത്വമുണ്ടെന്നാണ് ഹരജിക്കാരന്റെ വാദം. എന്നാല്‍ ഇന്നലെ ഹരജിയില്‍ പ്രാഥമിക വാദംകേള്‍ക്കുന്നതിനിടെ മണിയുടെ പ്രസംഗത്തില്‍ മുഖ്യമന്ത്രിക്കുള്ള ഉത്തരവാദിത്വം എന്താണെന്നു ഹരജിക്കാരനോട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു. കേസ് പിന്നീട് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."