ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: വടകരയില്‍ ഇന്ന് സര്‍വകക്ഷി യോഗം
വടകര: നാദാപുരത്ത് മുസ്ലിം ലീഗ് പ്രവര്ത്തകന് മുഹമ്മദ് അസ്ലം കൊല്ലപ്പെട്ട കേസില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിനായി ഇന്ന് സര്‍വകക്ഷിയോഗം ചേരും. പ്രതികള്‍ക്കായുള്ള അന്വേഷണം കണ്ണൂരിലേക്കും വ്യാപിപ്പിച്ചു. ഇന്ന് രാവിലെ 11ന് വടകര ഗവ.റസ്റ്റ് ഹൗസില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേരും.
അക്രമികളുപയോഗിച്ച വാഹനം തിരിച്ചറിഞ്ഞതായി പൊലിസ്. വാഹനം രണ്ടു വര്‍ഷം മുമ്പ് കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മറിച്ചുവിറ്റത്. അതേസമയം, വാഹനം രണ്ടോ മൂന്നോ തവണ കൈമാറ്റം ചെയ്യപ്പെട്ടതായാണ് വിവരം. വാഹനം അവസാനം വാങ്ങിയ വ്യക്തിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
ചാലപ്രം പെട്ടിപ്പീടികയ്ക്കു സമീപം വെള്ളൂര്‍ റോഡില്‍ വച്ചാണ് അക്രമിസംഘം അസ്ലമിനെ വെട്ടിയത്. നാദാപുരം ഭാഗത്തുനിന്ന് സ്കൂട്ടറില്‍ നരോങ്കുന്നിലെ കളിസ്ഥലത്തേക്കു പോവുകയായിരുന്ന അസ്ലമിനെ ഇന്നോവ കാറില്‍ പിന്തുടര്ന്നാണ് അക്രമിച്ചത്. പത്തോളം വെട്ടുകളേറ്റ അസ്ലമിന്റെ കൈ അറ്റു തൂങ്ങിയ നിലയിലായിരുന്നു. സ്കൂട്ടറിനുപിന്നില്‍ ഉണ്ടായിരുന്ന സുഹൃത്ത് ഒരങ്ങാട്ട്പൊയില് ഷാഫിക്കും പരുക്കുണ്ട്. ഷാഫിയുടെ നിലവിളികേട്ട് പരിസരവാസികള്‍ ഓടിയെത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. കാറിന്റെ നമ്പര്‍ ഷാഫി പൊലിസിന് കൈമാറിയിട്ടുണ്ട്. കാറില്പതിച്ച നമ്പര്‍ വ്യാജമാണോയെന്ന് പൊലിസ് പരിശോധിക്കുന്നുണ്ട്. മാഷാ അല്ലാഹ് എന്ന സ്റ്റിക്കര്‍ പതിച്ച ഇന്നോവ കാറിലാണ് അക്രമിസംഘം എത്തിയത്. കാറില്‍ എട്ടോളം പേര് ഉണ്ടായിരുന്നു. ശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരത്തിലുള്ള സ്റ്റിക്കര്‍ പതിച്ചതെന്നാണ് പൊലിസ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."