പുഷ്പഗിരി ഫാര്‍മസി കോളജില്‍ മൂന്ന് വിദ്യാര്‍ഥികള്‍ ആത്മഹത്യക്ക് ശ്രമിച്ചു
തിരുവല്ല: പുഷ്പഗിരി ഫാര്‍മസി കോളജില്‍ മൂന്ന് വിദ്യാര്‍ഥികള്‍ ആത്മഹത്യക്ക് ശ്രമിച്ചു. കോളജ് അധികൃതരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് സംഭവം എന്നാണ് പരാതി. പെരുന്തുരുത്തി മെഡിസിറ്റിയിലെ പുഷ്പഗിരി ഫാര്‍മസി കോളജിലെ രണ്ടാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ഥികളായ കൊല്ലം കടയ്ക്കല്‍ കൊള്ളിപ്പച്ചയില്‍ ഹാറൂണ്‍ യൂസഫ്(21), കോട്ടയം ചിറക്കടവ് തെക്കേടത്ത് കവലയില്‍ വയലില്‍ വീട്ടില്‍ നിഖില്‍ ശങ്കര്‍(21), കൊല്ലം ചന്ദനത്തോപ്പ് ചിത്തിര വീട്ടില്‍ അതുല്‍ കെ. ജോണി (21) എന്നിവരാണ് കോളജ് അധികൃതര്‍ മാനസികമായി പീഡിപ്പിക്കുന്നതായി ആരോപിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്നലെ രാവിലെ 10ന് കോളജിലെ ശൗചാലയത്തില്‍ വച്ച് ഇടതുകൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആദ്യം ഭീഷണിമുഴക്കിയ ഹാറൂണിനെ കോളജ് അധികൃതര്‍ പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.
സംഭവമറിഞ്ഞ് ഉച്ചയ്ക്ക് 12ന് സഹവിദ്യാര്‍ഥികളായ നിഖില്‍ ശങ്കര്‍, അതുല്‍ എസ് ജോണി എന്നിവര്‍ കോളജിന്റെ അഞ്ചുനില കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും തിരുവല്ല ഡിവൈ.എസ്.പി ചന്ദ്രശേഖരന്‍പിള്ളയുടെ നേതൃത്വത്തിലുള്ള പൊലിസും സ്ഥലത്തെത്തി അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്റേണല്‍ മാര്‍ക്ക് അകാരണമായി കുറച്ചെന്നും കോളജില്‍ രാഷ്ട്രീയമായി സംഘടിക്കാന്‍ അവസരമില്ലെന്നും പ്രിന്‍സിപ്പലും അധ്യാപകരും ചേര്‍ന്ന് മാനസികമായി പീഡിപ്പിക്കുന്നതായുമാണ് വിദ്യാര്‍ഥികളുടെ പരാതി.
ഇതേതുടര്‍ന്ന് എസ്.എഫ്.ഐയും യുവജന സംഘടനാ പ്രതിനിധികളും കോളേജ് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നത്തെക്കുറിച്ച് അന്വേഷണം നടത്തി ആവശ്യമെങ്കില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കുനേരെ പ്രതികാര നടപടി ഉണ്ടാകില്ലെന്നും ഉറപ്പ് നല്‍കിയതിനെതുടര്‍ന്നാണ് ഇവര്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് താഴെയിറങ്ങിയത്. എന്നാല്‍ കോളേജില്‍ വിദ്യാര്‍ഥികള്‍ ആരോപിക്കുന്ന പോലുള്ള പ്രശ്‌നങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പുഷ്പഗിരി സ്ഥാപനങ്ങളുടെ സി.ഇ.ഒ ഫാ.ഷാജി മാത്യൂസ് വാഴയില്‍ അറിയിച്ചു. അതേസമയം, അധ്യാപകര്‍ക്കെതിരേ ശക്തമായ നടപടി ഉണ്ടായില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് റോബിന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."