തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാലാവധി രണ്ടുവര്‍ഷമായി കുറച്ചു
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാലാവധി മൂന്നുവര്‍ഷത്തില്‍നിന്ന് രണ്ടുവര്‍ഷമായി കുറയ്ക്കാനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. 1950ലെ തിരുവിതാംകൂര്‍- കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്.
ഇതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പുറത്താകും. കോണ്‍ഗ്രസ് നേതാക്കളായ പ്രയാര്‍ പ്രസിഡന്റും അജയ് തറയില്‍ അംഗവുമായ ബോര്‍ഡിന്റെ കാലാവധി ഇന്നു രണ്ടുവര്‍ഷം പൂര്‍ത്തിയാവാനിരിക്കെയാണ് തീരുമാനം.
നിലവിലെ വ്യവസ്ഥയനുസരിച്ച് ഇവര്‍ക്ക് ഒരു വര്‍ഷംകൂടി ബാക്കിയുണ്ടായിരുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനമടക്കമുള്ള വിഷയങ്ങളില്‍ പ്രയാര്‍ അടുത്തകാലത്ത് നടത്തിയ ചില പ്രസ്താവനകള്‍ വിവാദമായിരുനു.
തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളുടെ പ്രസിഡന്റിന്റെയും അംഗങ്ങളുടെയും ഓണറേറിയം കാലാകാലങ്ങളില്‍ പുതുക്കി നിശ്ചയിക്കാനും സിറ്റിങ് ഫീസ് ഏര്‍പ്പെടുത്താനും സര്‍ക്കാരിന് അധികാരം നല്‍കുന്നതിനുള്ള വ്യവസ്ഥകൂടി ഉള്‍പ്പെടുത്തിയാണ് നിയമം ഭേദഗതി ചെയ്യുന്നത്. ഇപ്പോള്‍ പ്രസിഡന്റിന്റെ ഓണറേറിയം 5,000 രൂപയായും അംഗങ്ങളുടേത് 3,500 രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്. സിറ്റിങ് ഫീസ് വ്യവസ്ഥ ചെയ്തിട്ടുമില്ല. പത്തു വര്‍ഷം മുന്‍പ് നിശ്ചയിച്ച ഓണറേറിയം കാലാനുസൃതമായി പുതുക്കുന്നതിനും സിറ്റിങ് ഫീസ് നിശ്ചയിക്കുന്നതിനും ഓര്‍ഡിനന്‍സിന്റെ കരടില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."