ഒഴിവുകള്‍ 5000 ത്തിലേറെ; സഹകരണ പരീക്ഷാ ബോര്‍ഡ് വിജ്ഞാപനമിറക്കിയത് 295 ഒഴിവുകള്‍ക്ക്
തൊടുപുഴ: പ്രാഥമിക സഹകരണ സംഘങ്ങളില്‍ അയ്യായിരത്തിലേറെ ഒഴിവുകള്‍ നിലനില്‍ക്കേ 295 ഒഴിവുകളിലേക്ക് മാത്രം സഹകരണ പരീക്ഷാ ബോര്‍ഡ് വിജ്ഞാപനമിറക്കി. ജനറല്‍ മാനേജര്‍ - 4, സെക്രട്ടറി - 15, അസി. സെക്രട്ടറി - 16, ക്ലാര്‍ക്ക് കാഷ്യര്‍ - 258, ടൈപ്പിസ്റ്റ് - 2 എന്നീ തസ്തികകളിലേക്കാണ് കഴിഞ്ഞ ഏഴിന് പരീക്ഷാ ബോര്‍ഡ് വിജ്ഞാപനം ഇറക്കിയത്.
എന്നാല്‍ സംസ്ഥാനത്തെ ഭൂരിപക്ഷം സഹകരണ ബാങ്കുകളും ജൂനിയര്‍ ക്ലാര്‍ക്ക് മുതല്‍ മുകളിലേക്കുള്ള തസ്തികകളിലെ ഒഴിവുകള്‍ പരീക്ഷ ബോര്‍ഡിനെ അറിയിക്കാന്‍ തയാറാകുന്നില്ല. അതിനുപകരം സംഘം ഭരണസമിതിക്ക് നേരിട്ട് നിയമനം നടത്താവുന്ന ജൂനിയര്‍ ക്ലാര്‍ക്കിന് താഴെയുള്ള പ്യൂണ്‍, അറ്റന്‍ഡര്‍, നൈറ്റ്‌വാച്ചുമാന്‍ തുടങ്ങിയ തസ്തികകളില്‍ നിയമനം നടത്തുകയും തുടര്‍ന്ന് സ്ഥാനക്കയറ്റം നല്‍കുകയുമാണ് ചെയ്യുന്നത്.
ഈ ഇടപാടില്‍ ഭരണസമിതി ലക്ഷങ്ങളാണ് തട്ടുന്നത്. ഇങ്ങനെ നിയമനം ലഭിച്ചവര്‍ക്ക് സംഘം ഉണ്ടാക്കിയിട്ടുള്ള പോഷക വിഭാഗം ഉപനിബന്ധന മറയാക്കി സ്ഥാനക്കയറ്റം നല്‍കുന്നു. ചില സംഘങ്ങള്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരെ കുറുക്കുവഴിയിലൂടെ നിയമനം നടത്തുകയും പ്രമോഷന്‍ നല്‍കുകയും ചെയ്യുന്നുമുണ്ട്. ഇങ്ങനെ ചീഫ് എക്‌സിക്യൂട്ടീവ് പോസ്റ്റിലെത്തുന്ന ഇവര്‍ സഹകരണ വകുപ്പ് സെക്രട്ടറിയേക്കാള്‍ ശമ്പളം പറ്റുന്ന അവസ്ഥയാണ്. സഹകരണ ചട്ടം പരിഷ്‌ക്കരിക്കുന്നതിലൂടെ ഭരണസമതികള്‍ക്ക് വേണ്ടപ്പെട്ടവരെ സംഘങ്ങളില്‍ തിരുകിക്കയറ്റാന്‍ കൂടുതല്‍ അവസരം ഒരുങ്ങും. ചട്ടം പരിഷ്‌കരണം സംബന്ധിച്ച് കരട് നിര്‍ദേശം പുറപ്പെടുവിച്ചു കഴിഞ്ഞു.
സംസ്ഥാനത്തെ 11,908 സഹകരണ സംഘങ്ങള്‍, 3631 വായ്പാ സംഘങ്ങള്‍, 60 അര്‍ബന്‍ ബാങ്കുകള്‍ എന്നിവിടങ്ങളിലെ ജൂനിയര്‍ ക്ലര്‍ക്ക് മുതല്‍ മുകളിലേക്കുള്ള തസ്തികകളിലേക്ക് നിയമനം നടത്താനുള്ള ചുമതല പരീക്ഷാ ബോര്‍ഡിനാണ്. മുന്‍ കാലങ്ങളില്‍ പരീക്ഷയ്ക്ക് 80 ല്‍ 32 മാര്‍ക്ക് വാങ്ങുന്നവരെ അഭിമുഖത്തിന് ക്ഷണിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ നിലവിലുള്ള ഒഴിവിന്റെ പത്തിരട്ടിയാളുകളെ മാത്രമേ അഭിമുഖത്തിന് ക്ഷണിക്കുകയുള്ളൂ. ഇവര്‍ തമ്മിലുള്ള മാര്‍ക്കില്‍ വലിയ അന്തരമുണ്ടാകില്ല. പരമാവധി 80 മാര്‍ക്കാണ് എഴുത്ത് പരീക്ഷയ്ക്ക്. 20 മാര്‍ക്ക് ഭരണസമിതി നടത്തുന്ന ഇന്റര്‍വ്യൂവിനാണ്. ഇതില്‍ ജില്ലാ വെയ്‌റ്റേജ് 5 മാര്‍ക്കും അഭിമുഖത്തിന് ഹാജരാകുന്നവര്‍ക്ക് 3 മാര്‍ക്കും നല്‍കണം. 12 മാര്‍ക്ക് ഭരണസമിതികളുടെ താല്‍പര്യത്തിനാണ്.
ഈ നിബന്ധനയാണ് നിയമനങ്ങളെ അഴിമതിയുടെ കൂത്തരങ്ങാക്കുന്നത്. സഹകരണ പരീക്ഷാ ബോര്‍ഡ് വിജ്ഞാപനം വൈകുന്നതിനെതിരേ എം.എല്‍.എ മാരായ പി.ഉബൈദുള്ള, ടി.വി. ഇബ്രാഹിം എന്നിവര്‍ നിയമസഭയില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."