ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി: ഹരജിയില്‍ ഇടപെടാന്‍ സുപ്രിം കോടതി വിസമ്മതിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ ഏഴു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷപദവി നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ഇടപെടാന്‍ സുപ്രിം കോടതി വിസമതിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സുപ്രിം കോടതിയല്ലെന്നും ദേശീയ ന്യൂനപക്ഷ കമ്മിഷനാണെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ രണ്ടംഗബെഞ്ചാണ് ഹരജി നിരസിച്ചത്.
ഏഴു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്നും ഇവര്‍ക്ക് സംവരണം അടക്കമുള്ള ഭരണഘടന അനുവദിക്കുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായയാണ് സുപ്രിം കോടതിയെ സമീപിച്ചത്. ഹരജിക്കാരനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദത്തര്‍ കോടതിയില്‍ ഹാജരായി. കേന്ദ്രഭരണപ്രദേശമായ ലക്ഷദീപ് (2.5 ശതമാനം), സംസ്ഥാനങ്ങളായ ജമ്മു കശ്മീര്‍ (28.4 ശതമാനം), പഞ്ചാബ് (38.4 ശതമാനം), മിസോറാം (2.75 ശതമാനം), നാഗാലാന്റ് (8.7 ശതമാനം), മേഘാലയ (11.5 ശതമാനം), അരുണാചല്‍ പ്രദേശ് (29 ശതമാനം), മണിപ്പൂര്‍ (31.39 ശതമാനം) എന്നീ സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്നാണ് ഹരജിക്കാരന്റെ വാദം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടങ്ങളില്‍ ഹിന്ദുക്കള്‍ക്ക് പ്രാതിനിധ്യം കുറവാണെന്നും സംവരണം അടക്കമുള്ള അവകാശങ്ങള്‍ ലഭ്യമാക്കാനായി അവര്‍ക്ക് ന്യൂനപക്ഷപദവി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."