ജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ച് കോണ്‍ഗ്രസ് പ്രകടന പത്രിക: ജനാധിപത്യം രാജ്യത്ത് ചിലര്‍ തട്ടിയെടുത്തതായി സാം പിത്രോദ
ഗാന്ധിനഗര്‍: രാജ്യത്ത് ജനാധിപത്യം ചിലര്‍ തട്ടിയെടുത്തിരിക്കുകയാണെന്ന് ടെലികോം രംഗത്തെ പ്രമുഖനായ സാം പിത്രോദ. ഇതിന് തടയിട്ട് ജനാധിപത്യത്തെ ജനങ്ങളിലേക്ക് തിരികെ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക തയാറാക്കുന്നതിനായി നിയമിച്ചതിനെതുടര്‍ന്ന് വഡോദരയില്‍ മാധ്യമങ്ങോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് രീതിയിലും ഗുജറാത്ത് പിടിക്കുകയെന്ന ലക്ഷ്യവുമായി കോണ്‍ഗ്രസ് പ്രചാരണ പ്രവര്‍ത്തനം ശക്തമാക്കിയതിന്റെ ഭാഗമായാണ് സാം പിത്രോദയെ പ്രകടന പത്രിക തയാറാക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത്. ജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വരൂപിച്ചാണ് കോണ്‍ഗ്രസ് പ്രകടനപത്രിക തയാറാക്കുന്നത്.
ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണ് പ്രകടനപത്രികയെന്ന് വ്യക്തമാക്കിയ അദ്ദേഹം വിദ്യാഭ്യാസം, ആരോഗ്യം, ചെറുകിട-നാമമാത്ര സംരംഭങ്ങളുടെ പുരോഗതി, തൊഴിലില്ലായ്മാ പരിഹാരം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ ഊന്നല്‍ നല്‍കുമെന്നും അറിയിച്ചു.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് താന്‍ ഗുജറാത്തിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുമായി സംവദിച്ച് പ്രകടന പത്രിക തയാറാക്കുമ്പോള്‍ അതിന് യാഥാര്‍ഥ്യബോധമുണ്ടാകും.
വഡോദരയില്‍ എത്തിയ അദ്ദേഹം വിവിധ മേഖലകളിലുള്ളവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. തുടര്‍ന്ന് അഹമ്മദാബാദ്, രാജ്‌കോട്ട്, ജാംനഗര്‍, സൂറത്ത് എന്നിവിടിങ്ങളിലും സന്ദര്‍ശനം നടത്തും. അഞ്ചു ദിവസമാണ് ആദ്യഘട്ട സന്ദര്‍ശനം.
ജനങ്ങളുമായി സംവദിക്കുന്നതിന് മുന്‍പായി കോണ്‍ഗ്രസ് നേതാക്കളുമായും പ്രവര്‍ത്തകരുമായും ചര്‍ച്ച നടത്തിയതായി സാം പ്രിത്രോദ പറഞ്ഞു. കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, സ്ത്രീകള്‍ , ചെറുകിട സംരംഭകര്‍, വന്‍കിട വ്യാപാരികള്‍ എന്നിവരുമായി ചര്‍ച്ച നടത്തും.
രാജിവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ രാജ്യത്തെ ടെലികോം രംഗത്ത് പുരോഗമനപരമായ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി സാം പിത്രോദയെ നിയമിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനമികവാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക തയാറാക്കുന്നതിനായി രാഹുല്‍ ഗാന്ധിയും സാം പിത്രോദയെ രംഗത്തിറക്കിയത്. ജനങ്ങളുടെ ശബ്ദമായിരിക്കും പ്രകടനപത്രികയെന്ന് അദ്ദേഹം പറഞ്ഞു.
ലോക രാജ്യങ്ങളിലെ സര്‍ക്കാരുകളെല്ലാം വികസനത്തില്‍ ഊന്നിയാണ് ഭരണം നടത്തുന്നത്. രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി, തുറമുഖങ്ങള്‍, റോഡുകള്‍ തുടങ്ങിയവയാണ് ഓരോ സര്‍ക്കാരുകളും വികസനത്തിന്റെ അടിസ്ഥാനമേഖലയായി കണക്കാക്കുന്നത്. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളിലെ വികസനത്തേക്കാള്‍ ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത് അടിസ്ഥാന മേഖലയിലെ ജനങ്ങളുടെ പുരോഗതിയില്‍ ഊന്നിക്കൊണ്ടുള്ളതാണ്. ഇതിനാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നത്. ഗുജറാത്ത് മോഡല്‍ വികസനം എന്നൊന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."