ദേശീയ സ്‌കൂള്‍ ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്: കേരളത്തിന് കിരീടം കൈയെത്തും ദൂരെ
ഭോപാല്‍: ഒരിക്കല്‍ കൂടി ദേശീയ കൗമാര അത്‌ലറ്റിക്‌സ് കിരീടം ചൂടാന്‍ ഒരുങ്ങി കേരളം. ദേശീയ സ്‌കൂള്‍ ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് തീരാന്‍ ഒരു ദിനം കൂടി ശേഷിക്കേ 68 പോയിന്റുമായി കേരളം മുന്നില്‍ തന്നെ. നാലാം ദിനത്തില്‍ മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും കൂടി കേരള താരങ്ങള്‍ മെഡല്‍ ബാസ്‌ക്കറ്റില്‍ എത്തിച്ചു. ആകെ എട്ട് സ്വര്‍ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവും ഉള്‍പ്പടെ കേരളത്തിന്റെ മെഡല്‍ നേട്ടം പതിനൊന്നായി. മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും നേടിയ തമിഴ്‌നാടാണ് 31 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. ഒരു സ്വര്‍ണവും നാല് വെള്ളിയും അഞ്ച് വെങ്കലവും നേടിയ ഉത്തര്‍പ്രദേശ് 22 പോയിന്റുമായി മൂന്നാം സ്ഥാനത്ത്. നാല് റെക്കോര്‍ഡ് പിറന്ന നാലാം ദിനത്തില്‍ ദേശീയ റെക്കോര്‍ഡുകള്‍ രണ്ടെണ്ണം കേരളം സ്വന്തം പേരിലെഴുതി.
സാന്ദ്ര വിജയം
പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ സാന്ദ്ര ബാബുവാണ് കേരളത്തിന് ഇന്നലെ മൂന്നാം സ്വര്‍ണം സമ്മാനിച്ചത്. പി.എസ് പ്രഭാവതി ട്രിപ്പിള്‍ ജംപില്‍ വെള്ളി നേടി. ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അഖില്‍ ബാബുവാണ് ഇന്നലെ കേരളത്തിനായി രണ്ടാമത്തെ വെള്ളി നേടിയത്. പെണ്‍കുട്ടികളുടെ സ്പ്രിന്റ് ഹര്‍ഡില്‍സില്‍ അന്ന മാത്യു തോമസിന്റെ വകയായിരുന്നു വെങ്കലം. പെണ്‍കുട്ടികളുടെ മൂന്ന് കിലോ മീറ്റര്‍ നടത്തത്തില്‍ വെള്ളി നേടിയ സാന്ദ്രാ സുരേന്ദ്രനാണ് നാലാം ദിനത്തില്‍ കേരളത്തിന് ആദ്യ മെഡല്‍ സമ്മാനിച്ചത്.
റെക്കോര്‍ഡ് നടത്തം
ആണ്‍കുട്ടികളുടെ അഞ്ച് കിലോ മീറ്റര്‍ നടത്തത്തില്‍ ദേശീയ റെക്കോര്‍ഡ് പിറന്നു. നിലവിലെ മികച്ച സമയം മറികടന്നു ആദ്യ മൂന്ന് സ്ഥാനക്കാരും റെക്കോര്‍ഡ് നേടി. മധ്യപ്രദേശിന്റെ സര്‍വജീത് പട്ടേല്‍ (21:36.80 സെക്കന്‍ഡ് ) സ്വര്‍ണം നേടി. ഉത്തരാഖണ്ഡിന്റെ താരങ്ങളായ പരംജീത് ബിഷ്ട് സിങും (21:44.81) മുകേഷ് കുമാറും (21.48.75) വെള്ളിയും വെങ്കലവും നേടി. 2016ല്‍ ബറോഡയിലെ മഞ്ജല്‍പൂരില്‍ ഹരിയാനയുടെ മനീഷ് കുമാര്‍ കുറിച്ച 21:58.29 സെക്കന്‍ഡ് സമയത്തെയാണ് മൂവരും നടന്നു തോല്‍പ്പിച്ചത്.
ഹര്‍ഡില്‍സില്‍ കാലിടറി
കേരളം കുത്തകയാക്കി വച്ചിരുന്ന പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ തമിഴ്‌നാടിന്റെ അട്ടിമറി വിജയം. തമിഴ്‌നാടിനായി പി.എം തബിത റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 14.38 സെക്കന്‍ഡിലായിരുന്നു തബിതയുടെ സുവര്‍ണ കുതിപ്പ്. കേരളത്തിന്റെ സുവര്‍ണ പറവ അപര്‍ണ റോയ് മഞ്ജല്‍പൂരില്‍ സ്ഥാപിച്ച 14.41 സെക്കന്‍ഡ് സമായമാണ് തബിതയ്ക്കു മുന്നില്‍ വഴിമാറിയത്. മഹാരാഷ്ട്രയുടെ പ്രഞ്ജലി പാട്ടീല്‍ 14.88 സെക്കന്‍ഡില്‍ വെള്ളി നേടി. 15.14 സെക്കന്‍ഡിലാണ് കേരളത്തിന്റെ അന്ന മാത്യൂ തോമസ് വെങ്കലം നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."