സഊദിയില്‍ മാക്രോണിന്റെ അപ്രതീക്ഷിത സന്ദര്‍ശനം
റിയാദ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സന്ദര്‍ശനത്തിനായി സഊദി അറേബ്യയിലെത്തി. ലെബനാന്‍ വിഷയത്തില്‍ സഊദിയും ഇറാനും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെയാണ് മാക്രോണിന്റെ അപ്രതീക്ഷിത സന്ദര്‍ശനം.
ഇറാനില്‍നിന്നും ഹിസ്ബുല്ലയില്‍നിന്നും തനിക്കു വധഭീഷണിയുണ്ടെന്നു വ്യക്തമാക്കി ലബനാന്‍ പ്രധാനമന്ത്രി സഅദ് ഹരീരി രാജിവച്ചു ദിവസങ്ങള്‍ക്കകമാണ് മാക്രോണിന്റെ സഊദി സന്ദര്‍ശനം. സഊദിയില്‍വച്ചായിരുന്നു ഹരീരി രാജിവച്ചിരുന്നത്. സഊദിയിലെത്തിയ മാക്രോണിനെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വീകരിച്ചു. യമന്‍ വിഷയമടക്കം അദ്ദേഹം സഊദി നേതാക്കളുമായി ചര്‍ച്ച ചെയ്തതായാണ് വിവരം.
രണ്ടു മണിക്കൂറാണ് മാക്രോണ്‍ സഊദിയില്‍ ചെലവഴിച്ചത്. ലബനാനിലെ ഓരോവ്യക്തിയും നിര്‍ഭയമായി ജീവിക്കേണ്ടതുണ്ടെന്നും ലബനാന്റെ കാര്യത്തില്‍ ഫ്രാന്‍സിനു പ്രത്യേക ശ്രദ്ധയുണ്ടെന്നും അവിടത്തെ സമാധാനവും സ്ഥിരതയും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഹരീരിയുമായി അനൗദ്യോഗികമായി ബന്ധപ്പെട്ടിരുന്നതായി കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. ഹരീരിക്കു നിര്‍ഭയമായി ജീവിക്കുന്നതിനും യാത്ര ചെയ്യുന്നതിനും തടസങ്ങളില്ലെന്നാണ് തങ്ങള്‍ കരുതുന്നതെന്നു ഫ്രഞ്ച് വിദേശകാര്യ മന്ത്രിയും വ്യക്തമാക്കിയിരുന്നു.
രാജിവച്ച ഹരീരി ഇപ്പോള്‍ എവിടെയാണെന്നത് അജ്ഞാതമാണ്. അതേസമയം, ഹരീരിയുടെ രാജിയെക്കുറിച്ച് പ്രതികരിക്കാന്‍ അമേരിക്ക വിസമ്മതിച്ചു.
ഇറാനെതിരേ വീണ്ടും സഊദി
റിയാദ്: ഇറാനെതിരേ ഉപരോധം ആവശ്യപ്പെട്ട് സഊദി അറേബ്യ രംഗത്ത്. ഇറാന്‍ തീവ്രവാദത്തെ പിന്തുണയ്ക്കുകയാണെന്നു പറഞ്ഞ സഊദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍, ബാലിസ്റ്റിക് മിസൈല്‍ സംബന്ധിച്ച യു.എന്‍ നയം ലംഘിച്ച കാര്യത്തിലും അവര്‍ക്കെതിരേ ഉപരോധം വേണമെന്നും ആവശ്യപ്പെട്ടു.
യു.എസ് ടെലിവിഷന്‍ നെറ്റ്‌വര്‍ക്കായ സി.എന്‍.ബി.സിക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. ഹിസ്ബുല്ലയെയും സഊദി നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. ഇറാനുമായി നേരിട്ടുള്ള ഏറ്റുമുട്ടലുണ്ടാകുമോ എന്ന ചോദ്യത്തോട് ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."