ഗെയില്‍ പൈപ്പ്‌ലൈന്‍: ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം ഇരട്ടിയാക്കി
തിരുവനന്തപുരം: ഗെയില്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ ഇടാനുള്ള അവകാശം കമ്പനിക്ക് നല്‍കുന്ന ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി വര്‍ധിപ്പിക്കുവാന്‍ ശനിയാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. പുതുക്കിയ ന്യായവിലയുടെ 10 മടങ്ങായി വിപണി വില നിജപ്പെടുത്തിയായിരിക്കും നഷ്ടപരിഹാരം നിശ്ചയിക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സുപ്രധാന തീരുമാനം.
നിലവില്‍ വിപണി വില പുതുക്കിയ ന്യായവിലയുടെ 5 മടങ്ങായിരുന്നു. ഇതാണ് 10 മടങ്ങായി വര്‍ധിപ്പിച്ചത്. മൊത്തം 116 കോടിയുടെ വര്‍ധനവാണ് ഭൂമിയുടെ നഷ്ട പരിഹാരത്തില്‍ ഇതുമൂലമുണ്ടായിരിക്കുന്നത്. 2012 ല്‍ പദ്ധതി ആരംഭിച്ചതു മുതല്‍ ഇത് ബാധകമാക്കാനും യോഗത്തില്‍ തീരുമാനമായി.
പത്തു സെന്റോ അതില്‍ താഴെയോ മാത്രം ഭൂമിയുള്ളവരുടെ സ്ഥലത്ത് പൈപ്പിടാനുപയോഗിക്കുന്ന സ്ഥലം രണ്ടു മീറ്ററാക്കി ചുരുക്കും. അങ്ങനെയുള്ള സ്ഥലങ്ങളില്‍ നിലവിലുള്ള വീടുകള്‍ സംരക്ഷിക്കും. വീടുകള്‍ ഇല്ലാത്തിടത്ത് ഭാവിയില്‍ വീടു വയ്ക്കത്തക്കരീതിയില്‍ അലൈന്‍മന്റ് ഒരു സൈഡിലൂടെ രണ്ടു മീറ്റര്‍ വീതിയില്‍ മാത്രം സ്ഥലം ഉപയോഗിക്കും. വീടു വയ്ക്കാവുന്ന സ്ഥലം ബാക്കിയുള്ള സ്ഥലത്തില്‍ അടയാളപ്പെടുത്തി ഭാവിയില്‍ അനുമതിപത്രമായി ഉപയോഗിക്കാന്‍ കഴിയുന്ന രേഖ ഭൂ ഉടമയ്ക്ക് നല്‍കും.
പത്തു സെന്റോ അതില്‍ താഴെയോ മാത്രം ഭൂമിയുള്ളവര്‍ക്ക് എക്‌സ്‌ഗ്രേഷ്യയായി (ആശ്വാസധനം) 5 ലക്ഷം രൂപ നല്‍കുവാനും യോഗം തീരുമാനിച്ചു.
നിലവിലെ നിയമമനുസരിച്ച് വീടുകള്‍ക്ക് അടിയിലൂടെ പൈപ്പ്‌ലൈന്‍ കൊണ്ടുപോകാന്‍ കഴിയില്ല. വീടുകളെ ബാധിക്കാതെ ഒരു സൈഡില്‍ കൂടി കടന്നുപോകുന്ന രീതിയിലാണ് അലൈന്‍മെന്റ് തീരുമാനിക്കുന്നതും.
വിളകള്‍ക്കുള്ള നഷ്ടപരിഹാരത്തില്‍ നെല്ലിനുള്ള നഷ്ടപരിഹാരം തീരെ കുറവാണെന്ന പരാതി ഉണ്ടായിരുന്നു. ഇതു സംബന്ധിച്ച് കണ്ണൂരില്‍ നടപ്പാക്കിയ പാക്കേജ് (ഭൂമിയുടെ നഷ്ടപരിഹാരത്തിനു പുറമേ സെന്റിന് 3761 രൂപ ) മറ്റെല്ലാ ജില്ലകളിലും നടപ്പാക്കാന്‍ തീരുമാനമായി. നെല്‍വയലുകള്‍ക്ക് ഭൂമിയുടെ നഷ്ടപരിഹാരത്തിനു പുറമേ സെന്റിന് 3761 രൂപ നിരക്കില്‍ പ്രത്യേക നഷ്ടപരിഹാരവും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."