അങ്കണവാടി പോഷകാഹാര പദ്ധതി ഗര്‍ഭിണികള്‍ക്ക് നല്‍കിയത് പൂപ്പല്‍ ബാധിച്ച ശര്‍ക്കര
ആലത്തിയൂര്‍: അങ്കണവാടിയിലൂടെ നടപ്പാക്കുന്ന പൂരിത പോഷകാഹാര പദ്ധതിയില്‍ വിതരണം ചെയ്ത ശര്‍ക്കര പൂപ്പല്‍ ബാധിച്ചത്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് വിതരണം ചെയ്ത ശര്‍ക്കരയിലാണ് മാരകമായ ഭക്ഷ്യവിഷബാധയ്ക്കു കാരണമായേക്കാവുന്ന പൂപ്പല്‍ ബാധ കണ്ടെത്തിയത്. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള മംഗലം പഞ്ചായത്തിലെ അങ്കണവാടികളിലാണ് പൂപ്പല്‍ ബാധിച്ച് ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര വിതരണം ചെയ്തത്. 32 അങ്കണവാടികളാണ് മംഗലം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത്. അങ്കണവാടിയില്‍ നിന്ന് ലഭിച്ച ശര്‍ക്കരയില്‍ വെളുത്ത പദാര്‍ഥം കാണപ്പെടുന്നുണ്ടെന്ന ഗുണഭോക്താക്കളുടെ പരാതിയെ തുടര്‍ന്ന് ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് പൂപ്പല്‍ ബാധിച്ച ശര്‍ക്കരയാണ് വിതരണത്തിനെത്തിയതെന്ന് അറിഞ്ഞത്. എന്നാല്‍ നിരവധി ഗുണഭോക്താക്കള്‍ക്ക് ഇതിനകം ശര്‍ക്കര വിതരണം ചെയ്തുകഴിഞ്ഞിരുന്നു. ഐ.സി.ഡി.എസ് നല്‍കുന്ന ഓര്‍ഡര്‍ പ്രകാരം സപ്ലൈകോയാണ് മാവേലി സ്‌റ്റോറുകള്‍ വഴി ശര്‍ക്കരയും ധാന്യങ്ങളും അങ്കണവാടികള്‍ക്ക് നല്‍കുന്നത്. സ്വകാര്യ കമ്പനികളില്‍നിന്നും ഏജന്‍സികളില്‍ നിന്നുമാണ് സപ്ലൈകോ ധാന്യങ്ങള്‍ വിതരണത്തിനെടുക്കുന്നത്. കോഴിക്കോട്ടെ സ്വകാര്യ കമ്പനിയുടെ അഭിരുചി എന്ന ബ്രാന്‍ഡിലിറക്കുന്ന ശര്‍ക്കരയാണ് പൂപ്പല്‍ ബാധിച്ചനിലയില്‍ വിതരണത്തിനെത്തിയത. കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ഇത്തരമൊരു നമ്പര്‍ നിലവിലില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്.
ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് ഐ.സി.ഡി.എസ് അധികൃതര്‍ സപ്ലൈകോയുമായി ബന്ധപ്പെട്ടതോടെ കമ്പനി വിശദീകരണവുമായി രംഗത്തെത്തി. ശരിയായ രീതിയില്‍ സൂക്ഷിക്കാത്തതാണ് ശര്‍ക്കര കേടുവരാനുണ്ടായതെന്നാണ് അവരുടെ ഭാഷ്യം. കാലാവധിയ്ക്കു മുമ്പ് കേടായത് ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരക്കുറവുകൊണ്ടാണെന്ന് ജീവനക്കാരും ഗുണഭോക്താക്കളും ചൂണ്ടിക്കാട്ടുന്നു. പൊതുവിപണിയിലെ ശര്‍ക്കരയും ധാന്യങ്ങളും കേടാവാതിരിക്കുമ്പോള്‍ അങ്കണവാടിയിലേത് കാലാവധിയ്ക്കു മുമ്പ് കേടാവുന്നതെന്തുകൊണ്ടാണെന്നാണ് അവരുടെ ചോദ്യം. തിരുന്നാവായ, പുറത്തൂര്‍ പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വിതരണം ചെയ്ത രാഗിയില്‍ പൂപ്പല്‍ ബാധിച്ചിരുന്നു. എന്നാല്‍ അക്കാര്യം പുറത്തറിയാതെ പോവുകയായിരുന്നു. ശര്‍ക്കരയിലെ പൂപ്പല്‍ വിവാദമായതോടെ കേടുവന്ന ശര്‍ക്കര നശിപ്പിക്കാനും 250 കിലോ പുതിയ ശര്‍ക്കര പകരം നല്‍കിയും കമ്പനി തടിതപ്പുകയും ചെയ്തു. സംഭവത്തിനുത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."