സര്‍ക്കാര്‍ നിലപാടില്‍ തൃപ്തിയില്ല: സമരസമിതി
അരീക്കോട്: ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്ന ഭൂഉടമകള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം ഇരട്ടിയായി വര്‍ധിപ്പിച്ച തീരുമാനം തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നതിന്റെ തെളിവാണെന്നും എന്നാല്‍ തങ്ങള്‍ മുന്നോട്ടു വെച്ച പ്രധാന ആവശ്യങ്ങള്‍ ഇനിയും അംഗീകരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തണമെന്നും സമരസമിതി ചെയര്‍മാന്‍ ഗഫൂര്‍ കുറുമാടന്‍ പ്രതികരിച്ചു.
സര്‍ക്കാര്‍ തീരുമാനം സമരസമിതിയുടെ വിജയമാണെന്നും എന്നാല്‍ ജനവാസ മേഖലയില്‍ നിന്ന് അലൈന്‍മെന്റ് മാറ്റുക, നഷ്ടപരിഹാര തുക മാര്‍ക്കറ്റ് വിലയുടെ നാലിരട്ടിയാക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ പരിഗണിക്കാത്തതിനാല്‍ സമരം നിര്‍ത്തുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവൃത്തി തടഞ്ഞു കൊണ്ടുള്ള സമരരീതി മാറ്റി ഗെയില്‍ അധികൃതരേയും സര്‍ക്കാറിനേയും പ്രതിരോധത്തിലാക്കുന്ന തരത്തില്‍ സമരം മുന്നോട്ടു കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നും ഉടന്‍ തന്നെ സംസ്ഥാന തലത്തില്‍ ഗെയില്‍ വിരുദ്ധ സമരസമിതിയുടെ യോഗം വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രദേശിക തലത്തില്‍ പരിശോധിച്ച് വേണം നഷ്ടപരിഹാരത്തിന്റെ കണക്കെടുക്കാനെന്നും മേഖലാ തലങ്ങളില്‍ ഇരകളുടെ സംഗമങ്ങള്‍ വിളിച്ചു ചേര്‍ത്ത് അവരുടെ ആശങ്കകള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."