കാവനൂര്‍ പി.എച്ച്.സിയിലെ ഐ.പി ബ്ലോക്ക് അടഞ്ഞുകിടക്കുന്നു
അരീക്കോട്: ഉദ്ഘാടനം കഴിഞ്ഞ് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും കാവനൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഐ.പി ബ്ലോക്ക് അടഞ്ഞ് കിടക്കുന്നു. ദിനേനെ 350 മുതല്‍ 600 വരെ രോഗികള്‍ വരെ ആശ്രയിക്കുന്ന കാവനൂര്‍ പഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തോട് അധികൃതര്‍ കാണിക്കുന്ന തികഞ്ഞ അനാസ്ഥയാണ് കടത്തി ചികിത്സാ കേന്ദ്രം പ്രവര്‍ത്തന രഹിതമാകാന്‍ കാരണം. 2010 ഓഗസ്റ്റ് 26ന് പി.കെ അബ്ദുറബ്ബ് എം.എല്‍.എയാണ് ഐ.പി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. എല്ലാ വിധ സൗകര്യത്തോട് കൂടിയാണ് കെട്ടിടം പണികഴിപ്പിച്ചതെങ്കിലും ഉദ്ഘാടനത്തോട് കൂടെ അടച്ചുപൂട്ടുകയായിരുന്നു.
പ്രദേശത്ത് നിലവാരമുള്ള സ്വകാര്യ ആശുപത്രി ഇല്ലാതിരുന്നിട്ട് പോലും മഞ്ഞപ്പിത്തവും പകര്‍ച്ചപ്പനിയും അടക്കമുള്ള രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുമ്പോഴും സാധാരണക്കാരുടെ ആശ്രയമായ പി.എച്ച്.സിയോട് അധികൃതരുടെ അവഗണന തുടരുകയാണ്.
ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് കിടത്തി ചികിത്സാ കേന്ദ്രം പ്രവര്‍ത്തന രഹിതമാകാന്‍ കാരണം. ഐ.പി ബ്ലോക്ക് പ്രവര്‍ത്തിക്കണമെങ്കില്‍ ആറ് മെഡിക്കല്‍ ഓഫിസറും എട്ട് സ്റ്റാഫ് നഴ്‌സും വേണം. നിലവില്‍ രണ്ട് ഡോക്ടറും ഒന്ന് വീതം സ്റ്റാഫ് നഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റുമാണ് ഇവിടെയുള്ളത്. നിലവില്‍ രണ്ട് ഡോക്ടര്‍മാരുണ്ടെങ്കിലും ഒരാള്‍ക്ക് മാസത്തില്‍ ചുരുങ്ങിയത് എട്ട് ദിവസം ഫീല്‍ഡിലും പുറമെ സ്‌പെഷല്‍ ക്യാംപുകളും സ്‌കൂളുകളടക്കമുള്ള സ്ഥാപനങ്ങളിലെ സന്ദര്‍ശനം കൂടി വരുമ്പോള്‍ ഫലത്തില്‍ 400 പേര്‍ക്ക് ഒരു ഡോക്ടറെന്ന സ്ഥിതിയാണുള്ളത്.
കിടത്തി ചികിത്സാ കേന്ദ്രം പ്രവര്‍ത്തിക്കാന്‍ നിര്‍മിച്ച കെട്ടിടത്തിലേക്ക് ഒ.പി പ്രവര്‍ത്തനങ്ങള്‍ മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതോടെ ഐ.പി ബ്ലോക്ക് എന്നന്നേക്കുമായി ഇല്ലാതാകും. എന്നാല്‍ ഈ കെട്ടിടത്തിന് വ്യക്തമായ യാതൊരു രേഖകളും ആരുടെ പക്കലും ഇല്ലെന്നാണ് വിവരം. ഇത് ഉദ്ഘാടനം കഴിഞ്ഞ് ഏഴ് വര്‍ഷമായിട്ടും വൈദ്യുതി കണക്ഷന്‍ ലഭിക്കാതിരിക്കാനും കാരണമായി. ഗ്രാമ പഞ്ചായത്തും ഉത്തരവാദിത്തപ്പെട്ട വകുപ്പുകളും ശ്രദ്ധ ചെലുത്തിയാല്‍ കാവനൂരില്‍ കിടത്തി ചികിത്സാ കേന്ദ്രം തുടങ്ങാനാകുമെങ്കിലും തികഞ്ഞ നിസംഗതാ മനോഭാവമാണ് അധികൃതരില്‍ നിന്നും ഉണ്ടാവുന്നത്.
ഒരേക്കറിലധികം സ്ഥലവും കെട്ടിടങ്ങളുമുണ്ടെങ്കിലുംഡോക്ടര്‍, നേഴ്‌സ്, ഫാര്‍മ സിസ്റ്റ്, മറ്റ് ജീവനക്കാര്‍ തുടങ്ങിയവരുടെ കുറവ് മൂലം രോഗികള്‍ പ്രയാസം നേരിടുമ്പോഴും പരിഹാരം കാണുന്നതിനുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെന്ന പരാതി വ്യാപകമായിട്ടുണ്ട്. ഐ.പി ബ്ലോക്ക് എന്ന് പ്രവര്‍ത്തിയാരംഭിക്കുമെന്ന ചോദ്യത്തിന് ഗ്രാമ പഞ്ചായത്തിനൊ ബന്ധപ്പെട്ട വകുപ്പുകള്‍ക്കൊ വ്യക്തമായ ഉത്തരമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."