അന്‍പതോളം താരങ്ങളുമായി കടുങ്ങപുരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
പുഴക്കാട്ടിരി: ദേശീയ, സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഫെസ്റ്റിവലില്‍ അന്‍പതോളം താരങ്ങളെ പങ്കെടുപ്പിച്ച് കടുങ്ങപുരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. നാളെ മധ്യപ്രദേശില്‍ നടക്കുന്ന ജൂനിയര്‍ കബഡി ചാംപ്യന്‍ഷിപ്പില്‍ കെ. ഷഫീഖ് അസ്‌ലം, 27ന് ഹരിയാനയില്‍ നടക്കുന്ന ജൂനിയര്‍ ഹോക്കി ചാംപ്യന്‍ഷിപ്പില്‍ വി.ഷഹന ഷെറിന്‍, ഡിസംബറില്‍ ജലന്ധറില്‍ നടക്കുന്ന സീനിയര്‍ ഹോക്കിയില്‍ കെ.റിന്‍ഷിദ, ടി.ബാസിമ നൗറിന്‍, ഉത്തര്‍പ്രദേശില്‍ നടക്കുന്ന തൈക്വാണ്‍ഡോയില്‍ കെ.സി ഗോകുല്‍ എന്നീ വിദ്യാര്‍ഥികള്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കും.
15, 16 തിയതികളില്‍ കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന ഹോക്കിയില്‍ 16 പെണ്‍കുട്ടികളും തിരുവനന്തപുരത്ത് സമാപിച്ച സംസ്ഥാന കബഡിയില്‍ അഞ്ച് കുട്ടികളും പങ്കെടുത്തു.
ഇന്ന് പരിയാപുരത്ത് നടക്കുന്ന സംസ്ഥാന നെറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ അഞ്ച് പെണ്‍കുട്ടികളും ഹോക്കി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സംസ്ഥാന ജൂനിയര്‍ ഹോക്കി ചാംപ്യന്‍ഷിപ്പില്‍ 11 പെണ്‍കുട്ടികളും പങ്കെടുക്കുന്നുണ്ട്.
ഒന്‍പത് വര്‍ഷം തുടര്‍ച്ചയായി മങ്കട ഉപജില്ലാ സ്‌കൂള്‍ ഗെയിംസ് ചാംപ്യന്‍ഷിപ്പ്, പൈക്ക ചാംപ്യന്‍ഷിപ്പ് എന്നിവ കരസ്ഥമാക്കിയ ഈ സര്‍ക്കാര്‍ സ്ഥാപനം കഴിഞ്ഞ അഞ്ച് വര്‍ഷം ജില്ലാ ഗേള്‍സ് ഹോക്കിയിലും രണ്ട് വര്‍ഷം കബഡിയിലും തുടര്‍ച്ചയായി ചാംപ്യന്‍ഷിപ്പ് നേടിയിട്ടുണ്ട്.
അന്താരാഷ്ട്രാ ഇന്‍ഡോര്‍ ഹോക്കി താരം റിന്‍ഷിദ, ദേശീയ താരങ്ങളായ എം. മുഹമ്മദ് ഷെബില്‍(ഫുട്‌ബോള്‍), പി. രോഹിണി, എം. ആയിശ നജീബ, ഇ. അനഘ ഭാസ്‌കര്‍, പി. ശരണ്യ, എന്‍. നിഹാല അര്‍ഷിന്‍, എം. അജന്യ, ടി. ബാസിമ നൗറിന്‍(ഫ്‌ളോര്‍ ബോള്‍) എന്നിവര്‍ ഈ വിദ്യാലയത്തിലെ താരങ്ങളാണ്.
1 മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ പഠിക്കുന്ന മങ്കട മണ്ഡലത്തിലെ ഏക സര്‍ക്കാര്‍ സ്‌കൂളാണ് കടുങ്ങപുരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. വിവിധ ഗെയിമുകളിലായി മുപ്പത്തിയഞ്ചോളം ടീമുകള്‍ ഒരുവര്‍ഷം വിദ്യാലയത്തില്‍ പരിശീലനം നേടുന്നുണ്ട്. ഏറെ പരിമിതികള്‍ക്കകത്തുനിന്ന് പ്രവര്‍ത്തിക്കുന്ന ഈ സര്‍ക്കാര്‍ വിദ്യാലയം വിവിധ സംഘടനകളുടെയും പൊതുജനങളുടെയും സഹായത്തോടെ പരിശീലനം നല്‍കിയാണ് കായിക മേഖലയില്‍ ഉന്നതമായ വിജയം കൊയ്യുന്നത്. മികച്ച കളിക്കളങ്ങളും ഉപകരണങളും ലഭിക്കുകയാണെങ്കില്‍ കൂടുതല്‍ കുട്ടികളെ ഉയരങ്ങളിലെത്തിക്കാനാവുമെന്ന് കായികാധ്യാപകരായ വി. സജാത് സാഹിര്‍, സി. അലവിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."