അണികളുടെ കൂട്ടരാജി: കുഴിമണ്ണ സി.പി.എമ്മില്‍ പ്രതിസന്ധി ലോക്കല്‍ സമ്മേളനം ബഹിഷ്‌കരിക്കാന്‍ നീക്കം
കിഴിശ്ശേരി: ഒരിടവേളക്ക് ശേഷം കുഴിമണ്ണ പഞ്ചായത്തില്‍ സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷമാകുന്നു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടാന്‍ തന്നെ കാരണമായിരുന്ന ഗ്രൂപ്പ് രാഷ്ട്രീയത്തിന് മേല്‍ഘടകത്തിലെ നേതാക്കള്‍ പരിഹാരം കണ്ടിരുന്നെങ്കിലും ഇത്തവണ പാര്‍ട്ടി യോഗങ്ങളിലെ തര്‍ക്കം പരസ്യമായിരിക്കുകയാണ്.
കുഴിമണ്ണ ലോക്കല്‍ സമ്മേളനം ഇന്ന് കുഴിയംപറമ്പില്‍ നടക്കാനിരിക്കെ പാര്‍ട്ടിയില്‍ നിന്നും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവച്ച് മുസ്‌ലിം ലീഗില്‍ ചേരുന്നത് നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ കുഴിയംപറമ്പിലെ മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ നിരവധി പേരാണ് സി.പി.എമ്മില്‍നിന്നും രാജിവച്ചത്. വിദേശത്തുള്ള പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടതോടെ പ്രതിരോധത്തിലായ സി.പി.എം അണികളുടെ കൊഴിഞ്ഞുപോക്ക് തടയുക എന്ന ലക്ഷ്യത്തോടെയാണ് കുഴിമണ്ണ ലോക്കല്‍ സമ്മേളനം കുഴിയംപറമ്പില്‍ നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ നേതൃത്വത്തെ മുഖവിലക്കെടുക്കാതെ കഴിഞ്ഞ ദിവസം ഒരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കൂടി രാജിവച്ചതോടെ പാര്‍ട്ടി തീര്‍ത്തും വെട്ടിലായിരിക്കുകയാണ്.
ലോക്കല്‍ കമ്മിറ്റിക്ക് പകരം കഴിഞ്ഞ ഭരണ സമിതിയില്‍ അംഗങ്ങളായിരുന്ന പാര്‍ട്ടി അംഗത്വം പോലും ഇല്ലാത്ത വ്യക്തികള്‍ കുഴിമണ്ണയില്‍ പാര്‍ട്ടിയെ നയിക്കുന്നതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്.
പാര്‍ട്ടിയുടെ യുവജന വിഭാഗവും ഈ വിഷയത്തില്‍ അമര്‍ഷത്തിലാണ്. സി.പി.എം നേതൃത്വത്തെ പ്രതിരോധത്തില്‍ നിര്‍ത്തി ചില വ്യക്തികള്‍ പാര്‍ട്ടിയുടെ പഞ്ചായത്ത് അംഗങ്ങളെ നിയന്ത്രിക്കുകയാണെന്ന പരാതിയാണ് ഉയരുന്നത്. ഇതിന് പുറമെ കഴിഞ്ഞ ഭരണ സമിതിയില്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്ന വ്യക്തി പാര്‍ട്ടിയുടെ പഞ്ചായത്ത് അംഗങ്ങളെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതും പാര്‍ട്ടിയില്‍ ഏറെ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. കുഴിമണ്ണ പഞ്ചായത്ത് പ്രസിഡന്റ് ബാലത്തില്‍ ബാപ്പുവിന് രാഷ്ട്രീയത്തിന് അതീതമായി പൊതുജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യത വര്‍ധിച്ചതോടെ പാര്‍ട്ടി നിര്‍ദേശം പാലിക്കാതെ പ്രസിഡന്റിന് ഒപ്പം നില്‍ക്കുന്ന നിലപാടാണ് സി.പി.എമ്മിന്റെ പഞ്ചായത്തംഗങ്ങള്‍ സ്വീകരിച്ചിരുന്നത്.
പാര്‍ട്ടിയിലെ വിഭാഗീയത രൂക്ഷമായതോടെ അണികളെ പിടിച്ചുനിര്‍ത്താനാകാത്ത നിലയിലാണ് സി.പി.എം നേതൃത്വം. ലോക്കല്‍ സമ്മേളനത്തിന്റെ പ്രചാരണ പരിപാടികളിലും പാര്‍ട്ടിയിലെ ഭിന്നത പ്രകടമായിരുന്നു. ഇന്ന് നടക്കുന്ന ലോക്കല്‍ സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനവും ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ സജീവമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."