ഉച്ചക്ക് ശേഷം ഡോക്ടറെവിടെ?
മലപ്പുറം: സര്‍ക്കാര്‍ ആശുപത്രികളില്‍ ഉച്ചക്ക് ശേഷവും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പിലായില്ല. ജൂലൈ ഒന്നുമുതല്‍ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഉച്ചക്ക് ശേഷം ഒരു ഡോക്ടറെയും രണ്ട് പാരാമെഡിക്കല്‍ സ്റ്റാഫുകളെയും സി.എച്ച്.സികളില്‍ രണ്ട് ഡോക്ടര്‍മാരെയും നിയമിക്കാനായിരുന്നു മന്ത്രി ഡോ.കെ.ടി ജലീല്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ജില്ലയിലെ 16 പഞ്ചായത്തുകളില്‍ മാത്രമാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.
ഡോക്ടര്‍മാരില്ലാത്ത സ്ഥലങ്ങളില്‍ ഉടനെ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് കഴിഞ്ഞദിവസം മലപ്പുറത്ത് നടന്ന പദ്ധതി അവലോകന യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍മാരെ കിട്ടാതെ കുഴങ്ങിയിരിക്കുകയാണ് പഞ്ചായത്ത് അധികൃതര്‍. പല തദ്ദേശസ്ഥാപനങ്ങളും ഡോക്ടര്‍മാര്‍ക്കായി ഇന്റര്‍വ്യൂ വിളിച്ചിരുന്നെങ്കിലും ഡോക്ടര്‍മാര്‍ എത്തിയില്ല. ചിലയിടങ്ങളില്‍ ഡോക്ടര്‍മാര്‍ ജോലി ഏറ്റെടുത്തെങ്കിലും ജോലിയില്‍ തുടരാന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. ചുരുങ്ങിയ ജോലി കാലയളവും വേതനക്കുറവും മൂലം ഡോക്ടര്‍മാരെ ലഭിക്കുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ പരാതി. തദ്ദേശസ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും പണം കണ്ടെത്തി അതാത് പ്രദേശത്തെ സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും താല്‍ക്കാലികമായി നിയമിക്കാനായിരുന്നു ഉത്തരവ്.
പനി പടര്‍ന്നുപിടിച്ച സമയത്ത് മിക്ക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടര്‍മാരുടെ എണ്ണം കുറവായിരുന്നു. രോഗികള്‍ മണിക്കൂറുകളോലം കാത്തുനില്‍ക്കേണ്ടി വരുന്ന അവസ്ഥയായിരുന്നു. ഇതിനു പരിഹാരമായാണ് ഉച്ചക്ക് ശേഷവും ഡോക്ടര്‍മാരെ നിയമിക്കണമെന്ന് ഉത്തരവിറക്കിയത്. പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലം ദിനംപ്രതി നൂറുകണക്കിന് രോഗികളാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സതേടിയെത്തുന്നത്. എന്നാല്‍ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് മിക്ക സ്ഥലങ്ങളിലുമുള്ളത്. രോഗികളുടെ എണ്ണക്കൂടുതലും സമയക്കുറവും കാരണം മികച്ച ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. ഉച്ചക്ക് ശേഷവും ഡോക്ടര്‍മാരുടെ സേവനമുണ്ടെങ്കില്‍ ഒരു പരിധിവരെ ഇതിനു പരിഹാരം കാണാനാവും.
വിട്ടൊഴിയാതെ പനി
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ജില്ലയില്‍ പകര്‍ച്ചപ്പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടിയത് 5,130 പേര്‍. അഞ്ച് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ദിവസവും ശരാശരി ആയിരം പേരാണ് പനി ബാധിച്ച് ചികിത്സ തേടുന്നത്. മുന്‍ മാസങ്ങളെ അപേക്ഷിച്ച് പനി ബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ഇടവിട്ടുള്ള മഴയും വെയിലും രോഗം പകരാന്‍ ഇടയാക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോഴും പനി ബാധിതര്‍ ക്യൂവിലാണ്. ഉച്ചക്ക് ശേഷമുള്ള ചികിത്സ ആരംഭിച്ചാല്‍ രോഗികള്‍ക്ക് ഏറെ ആശ്വാസമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."