തലശ്ശേരി നഗരസഭാ വൈസ് ചെയര്‍മാന്റെ വീടിന് നേരെ അക്രമം
തലശേരി: നഗരസഭ വൈസ് ചെയര്മാന് നജ്മ ഹാഷിമിന്റെ ചേറ്റംകുന്നിലെ വീടിന് നേരെ അക്രമം. ജനല്‍ ചില്ലുകള്‍ പൂര്‍ണമായും തകര്‍ത്തു. വീട്ടുമുറ്റത്ത് നിര്‍ത്തിയ ആക്ടീവ സ്കൂട്ടര്‍ മഴവും വടിവാളും ഉപയോഗിച്ച് വെട്ടിപ്പൊളിച്ചു. ശനിയാഴ്ച രാത്രി പത്തേമുക്കാലോടെയാണ് അക്രമം ആരംഭിച്ചത്. എട്ടോളം പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു. വീടിനു ചുറ്റും നിന്നശേഷം ഒരേ സമയത്താണ് വീടിന് ചുറ്റുമുള്ള ജനല്‍ അടിച്ചു പൊളിച്ചത്. മുകള്‍നിലയിലെ ജനല്‍ ചില്ല് കല്ലെറിഞ്ഞും തകര്‍ത്തു. നജ്മഹാഷിമും ഭര്‍ത്താവും മകളും പേരക്കുട്ടിയും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. വൈസ് ചെയര്മാന് തന്നെയാണ് തലശേരി സ്റ്റേഷനില്‍ വിവരം അറിയിച്ചത്. പൊലിസ് എത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. മഹിളാ അസോസിയേഷന് നേതാവും നഗരസഭാ വൈസ് ചെയര്‍മാനുമായ നജ്മ ഹാഷിമിന്റെ വീടാക്രമിച്ച സംഭവത്തില്‍ സി.പി.എം തലശേരി ഏരിയ സെക്രട്ടറി എം.സി പവിത്രന് പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."